കുമളി: ചിന്നക്കനാലിൽ വിലസിയ അരിക്കൊമ്പന് ഇനി തട്ടകം പെരിയാർ വന്യജീവി സങ്കേതം. ചിന്നക്കനാലിൽ നിന്നും ആനിമൽ ആംബുലൻസിൽ കുമളിയിൽ പെരിയാർ വന്യജീവി സങ്കേതത്തിൽ അരിക്കൊമ്പനെ എത്തിച്ചു. ആനയെ വഹിച്ചുള്ള വാഹനം പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിയപ്പോഴും വലിയ സ്വീകരണമാണ് ലഭിച്ചത്. തങ്ങളുടെ കാട്ടിലേക്ക് എത്തിയ കാട്ടുകൊമ്പനെ പൂജ ചെയ്താണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. കുമളിയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ആനയെയും കൊണ്ടുപോകുന്ന വഴിയിൽ ആൾക്കൂട്ടം കാത്തു നിന്നിരുന്നു.

മാധ്യമങ്ങളും ആനയെ അനുഗമിച്ചിരുന്നു. കുമളിയിൽ എത്തിയതോടെ ആനയെ വഹിച്ചുള്ള ലോറി കാട്ടിലേക്ക് പ്രവേശിച്ചു. വനത്തിന് ഉള്ളിലേക്ക് വനപാലകർക്ക് മാത്രമാണ് പ്രവേശനം ഉള്ളത്. അതുകൊണ്ട് തന്നെ ഇനി ആനയെ ഇറക്കിവിടുന്ന ദൃശ്യങ്ങൾ അടക്കം ലഭിക്കണമെങ്കിൽ വനം വകുപ്പ് തന്നെ പുറത്തുവിടണം. കുങ്കിയാനകൾ കുമളിയിലേക്ക് എത്തിയിരിരുന്നില്ല. ദൗത്യം സംഘം തന്നെ ഉൾവനത്തിൽ ആനയെ തുറന്നു വിടും.

അതേസമയം ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്കുള്ള യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയിരുന്നു. ആദ്യം മയക്കുവെടി വെച്ചതിന് ശേഷം ഇതോടെ ഏഴ് തവണയാണ് അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നൽകിയത്. ചിന്നക്കനാലിൽ നിന്ന് പുറപ്പെട്ടയുടനെ തന്നെ ആനിമൽ ആംബുലൻസിൽ വച്ച് ആന പരാക്രമം കാണിച്ചിരുന്നു. ഇതോടെയാണ് ബൂസ്റ്റർ ഡോസ് നൽകിയത്. ചിന്നക്കനാലിൽ നിന്നും കൊമ്പന്റെ യാത്രയും രാജകീയമായിട്ടായിരുന്നു.

പത്തിലേറെ വാഹനങ്ങൾ ഉൾപ്പെട്ട സംഘമാണ് കുമളിയിലേക്ക് പുറപ്പെട്ട്ത്. മുന്നിലും പിന്നിലുമായി അകമ്പടി വാഹനങ്ങളുമായി പോകുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളും സൈബറിടത്തിൽ വൈറലാണ്. പൂപ്പാറയിൽ വാഹനം എത്തിയപ്പോഴേക്കും ആനയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്.

അതേസമയം കുമളിയിൽ മഴ തുടരുകയാണ്. നേരത്തേ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ചിന്നക്കനാലിൽ മഴ പെയ്തതും കാറ്റുവീശിയതും കാഴ്ച മറച്ച് കോട മഞ്ഞിറങ്ങിയതും വെല്ലുവിളിയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് നാല് കുങ്കിയാനകളുടെ ശ്രമഫലമായി അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി. പിന്നീട് സുരക്ഷ ഉറപ്പാക്കൻ ഇരട്ട കൂട് തീർത്താണ് ആനയുമായി വാഹനം യാത്ര തുടർന്നത്.

കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ആനിമൽ ആംബുലൻസിൽ വച്ച് യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു. സാധാരണയായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമൽ ആംബുലൻസിൽ ഒരുക്കിയത്. ഉള്ളിൽ മറ്റൊരു കൂട് കൂടി ഒരുക്കിയാണ് മെരുക്കിയിട്ടും മെരുങ്ങാൻ കൂട്ടാക്കാതെ പ്രതിരോധിച്ചുകൊണ്ടിരുന്ന അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നത്.

അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റുമെന്ന തീരുമാനം പുറത്തുവിട്ടതോടെ കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വെറ്ററിനറി സംഘങ്ങളാണ് വാഹന വ്യൂഹത്തിനൊപ്പമുള്ളത്. നേരത്തെ അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. കുമളി പഞ്ചായത്തിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.

അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കൂടുതൽ തവണ മയക്കുവെടിവച്ചത് പ്രശ്‌നമാകില്ല. ഏത് ദൗത്യത്തിലും പ്ലസും മൈനസും ഉണ്ടാകുമെന്നും വനംമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയും അരിക്കൊമ്പൻ സ്ഥിതി ചെയ്തിരുന്ന സ്ഥലവും ദൗത്യം ഏറെ ദുഷ്‌കരമാക്കി. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് വിടുന്നത് സമാന ഭൂമിശാസ്ത്രമായതിനാലാണ്. പുതിയ സാഹചര്യവുമായി അരിക്കൊമ്പൻ പൊരുത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനംമന്ത്രി പറഞ്ഞു.

മനുഷ്യ-വന്യമൃഗ സംഘർഷം ഒഴിവാക്കാൻ പ്രത്യേക പദ്ധതി തന്നെ ആലോചിക്കേണ്ടതുണ്ട്. വന്യജീവി സംഘർഷത്തിന് പിരഹാരം കാണാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾ വേണം. വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. വന്യമൃഗങ്ങൾ ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് വരാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ചുവെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.