- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിമ്മിംങ് പൂളുള്ള ലംബോദരന്റെ രണ്ടു മലകൾക്കിടയിലെ കേബിളിൽ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദത്തോടുള്ള പുതിയ താൽപ്പര്യം നടക്കില്ല; വിഎസിന്റെ മൂന്നാർ ദൗത്യത്തിന് ശേഷം നൈജീരിയയ്ക്ക് മുങ്ങിയ ലംബോദരന് വീണ്ടും കുരുക്ക്; സിപ് ലൈൻ പദ്ധതി ഭൂപതിവ് ചട്ടം ലംഘിച്ച്
തിരുവനന്തപുരം: എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് നിർമ്മിച്ച സിപ് ലൈൻ പദ്ധതിക്ക് റവന്യൂ വകുപ്പിന്റെ നോട്ടിസ്. ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ പേരിൽ പട്ടയം റദ്ദാക്കുന്നതിന് മുന്നോടിയായി വിശദീകരണം നൽകാനാണ് നിർദ്ദേശം. നേരത്തെ മറുനാടൻ ഈ തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിരുന്നു.
ഇടുക്കി വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്തു സ്ഥാപിച്ച സിപ് ലൈൻ പദ്ധതിക്കാണ് റവന്യു വകുപ്പ് നോട്ടിസ്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയിൽ ദേശീയപാതയോടു ചേർന്നാണ് സാഹസിക ടൂറിസത്തിന്റെ ഭാഗമായ സിപ് ലൈൻ പദ്ധതിക്കു വേണ്ടിയുള്ള നിർമ്മാണം ആരംഭിച്ചത്. 64ലെ ഭൂപതിവു നിയമം അനുസരിച്ചു നൽകുന്ന പട്ടയഭൂമിയിൽ വീട് നിർമ്മാണത്തിനും കൃഷിക്കും മാത്രമേ അനുവാദമുള്ളു. ഭൂപതിവു ചട്ടം ലംഘിച്ചു നിർമ്മാണം നടത്തിയെന്നാണു റവന്യു വകുപ്പിന്റെ നോട്ടിസ്. വരുന്ന 20നു ദേവികുളം സബ് കലക്ടറുടെ മുന്നിൽ ഹാജരാവാനാണു നോട്ടിസിലെ നിർദ്ദേശം.
2020ൽ ആരംഭിച്ച പദ്ധതിക്കു വെള്ളത്തൂവൽ പഞ്ചായത്തും ടൂറിസം വകുപ്പും ദേശീയപാതാ അഥോറിറ്റിയും അനുമതി നൽകിയിരുന്നു. 2022 മേയിൽ പദ്ധതി പുനരാരംഭിച്ചു. റവന്യു വകുപ്പ് വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ താൽക്കാലിക നിർമ്മിതികൾക്കു പോലും നിരാക്ഷേപ പത്രം നൽകാത്ത സാഹചര്യമാണ്. സ്ഥിര നിർമ്മാണം അല്ലാത്തതിനാൽ റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു പഞ്ചായത്ത് അന്നു നൽകിയ വിശദീകരണം. സംഭവം വിവാദമായതോടെയാണു റവന്യു വകുപ്പ് ലംബോധരന്റെ ഭാര്യയുടെ പേരിൽ നോട്ടിസ് നൽകിയത്. നോട്ടീസ് അടക്കമുള്ള നടപടികൾ നിയമ വിരുദ്ധമാണെന്നും കോടതിയെ സമീപിക്കുമെന്നും എം.എം.ലംബോധരൻ പറഞ്ഞു.
കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രം അനുമതിയുള്ള ഭൂമിയിൽ സിപ് ലൈൻ പദ്ധതി കൊണ്ടുവരാൻ റവന്യു അധികൃതർ നിയമവിരുദ്ധമായി സഹായിച്ചുവെന്നാണ് ആരോപണം. സ്ഥിര നിർമ്മിതിയല്ലാത്തതിനാൽ റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമില്ലെന്നാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. അതിനിടെ നിയമാനുസൃതമായ രീതിയിൽ മാത്രമാണു പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ലംബോദരൻ പ്രതികരിച്ചിരുന്നു. ഈ പദ്ധതിയിലാണ് റവന്യു വകുപ്പിന്റെ ഇടപെടൽ.
മണിയുടെ സഹോദരൻ എം.എം. ലംബോദരനും മകൻ ലെജീഷിനും ഇടുക്കി ജില്ലയിൽ കോടികളുടെ ആസ്തിയെന്നതാണ് വസ്തുത. സിപിഎം രാജാക്കാട് മുൻ ഏരിയ സെക്രട്ടറിയാണു ലംബോദരൻ. രാജാക്കാട്ടെ പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടർമാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകൻ ലെജീഷിനും കോടികളുടെ ആസ്തിയാണുള്ളത്. 2007ൽ മൂന്നാർ ദൗത്യസംഘം പിടിച്ചെടുത്തതിൽ ലംബോദരന്റെ സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദൻ ലംബോദരനെതിരെ രൂക്ഷമായ പരാമർശങ്ങളാണു നടത്തിയത്. ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയ കേസിൽ ഒരു ഘട്ടത്തിൽ ലംബോദരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രവും നൽകിയിരുന്നു.
ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസിലാണ് മണിയുടെ സഹോദരൻ എം.എം. ലംബോദരനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3 ഏക്കർ 98 സെന്റ് സർക്കാർ ഭൂമി, വ്യാജരേഖകൾ ചമച്ച് ലംബോദരനും മറ്റു പ്രതികളും കൈവശപ്പെടുത്തി എന്നാണ് മണി മന്ത്രിയായിരിക്കെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ചേട്ടൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയിട്ടും അനുജന് സ്വാധീനം കുറയുന്നില്ല. ഇതാണ് പുതിയ പദ്ധതിയിലേക്ക് എത്തുന്നതെന്നാണ് സൂചന.
മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംമ്പോദരൻ നൂറുകണക്കിന് ഏക്കർ ഭൂമി ഇടുക്കി ജില്ലയിൽ കയ്യേറിയതിന്റെ വിശദാംശങ്ങൾേ മറുനാടൻ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു. കുട്ടിക്കാലത്ത് ദാദിദ്രം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ലംമ്പോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. എന്ത് നടക്കണമെന്ന് തീരുമാനിക്കുന്ന ശക്തി. ഇടുക്കിയിലെ രാഷ്ട്രീയത്തിൽ കാൽനൂറ്റാണ്ടായി നിറയുന്ന ചേട്ടന്റെ സ്വാധീനക്കരുത്തിലാണ് ലംമ്പോദരൻ കോടീശ്വരനായതെന്നാണ് ആക്ഷേപം ശക്തമാണെന്നതാണ് വസ്തുത. ലംബോദരന്റെ സ്വത്തുക്കളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മറുനാടന് മുമ്പ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്.
ചിന്നക്കനാൽ വേണാട്ട് 18 ഏക്കർ സർക്കാർ ഭൂമി കയ്യേറി ഏലത്തോട്ടം സ്ഥാപിച്ചു , ചിന്നക്കനാൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ 11 ഏക്കർ സർക്കാർ ഭൂമി കയ്യേറി. ഇത് വ്യാജരേഖയാണെന്നും വിവരമുണ്ട്. ബൈസൻ വാലി പഞ്ചായത്തിൽ ചൊക്രമുടിയിൽ 100 ഏക്കർ സർക്കാർ ഭൂമി കയ്യേറി 50 ഏക്കറിൽ യൂക്കാലി നട്ടുപിടിപ്പിച്ചു. ബൈസൻ വാലി 20 ഏക്കർ എന്ന സ്ഥലത്ത് 80 ഏക്കർ സർക്കാർ ഭൂമി കയ്യേറി ഏലത്തോട്ടം നിർമ്മിച്ചതായുമുള്ള വിശദാംശങ്ങളുമാണ് പുറത്തു വന്നത്.
ബൈസൻവാലി 20 ഏക്കർ എന്ന സ്ഥലത്ത് 50 സെന്റിൽ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംബോദരൻ പണിതുയർത്തിയിരിക്കുന്നത്. വീട്ടിൽ സ്വിമ്മിംങ് പൂൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. 1980-85 കാലഘട്ടത്തിൽ സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരൻ. 1998- 2000 കാലയളവിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നു. പിന്നീട് ഗോകുലം ഗോപാലന്റെ കൂടെ ചേർന്ന ശ്രീ നാരായണ ധർമ്മവേദി രൂപീകരിച്ചു പ്രവർത്തിച്ചു. ഇതിനിടയിൽ എക്സപോർട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയർ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്.
ചൊക്രമുടി, ചിന്നക്കനാൽ, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരിൽ ലംബോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരൻ നൈജീരിയയ്ക്ക് പോയി. ചൊക്രമുടിയിൽ ഐഡ്യ അടക്കമുള്ള 3 കമ്പനികൾക്ക് മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ലംബോദരൻ സൗകര്യം ചെയ്ത് നൽകുകയായിരുന്നു. മാസം തോറും വലിയ തുക ടവർ സ്ഥാപിച്ചതിന്റെ സ്ഥല വാടകയും ഇയാൾ കമ്പനികളിൽ നിന്ന് കൈപ്പറ്റിയിരുന്നു. മൊബൈൽ സേവന ദാതാക്കളുടെ ടവറുകൾ പൊളിച്ചുനീക്കിയാണ് മൂന്നാർ 2007 ൽ ദൗത്യം ആരംഭിച്ചത്. 2 വർഷത്തിന് ശേഷമാണ് മടങ്ങിയെത്തിയത്.
മടങ്ങിയെത്തിയ ലംബോദരൻ കൃഷിക്കാരുടെ സംഘടന രൂപീകരിച്ചു. എസ്‌പി.സിയിലേക്ക് ചേരുന്നതിനുള്ള മെമ്പർഷിപ്പ് ഫീ ആയിരം രൂപയായിരുന്നു. എസ്‌പി.എ എന്ന പേരിൽ വളക്കമ്പനി തുടങ്ങി. അത് പിരിഞ്ഞതിന് ശേഷമാണ് 2010 ൽ പുലരി എന്റെർപ്രൈസസ് ആരംഭിക്കുന്നത്. എം.എം മണി എന്ന തൊഴിലാളി നേതാവ് കുട്ടിക്കാലം ദാരിദ്രം നിറഞ്ഞതായിരുനനു. കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തിൽ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തിൽ കൂലിവേല ചെയ്തു വളർന്നു,
പിന്നീട് അവർക്കിടയിൽ നിന്ന് കർഷക തൊഴിലാളി നേതാവായി. 1966 ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1970 ൽ ബൈസൺവാലി, 1971 ൽ രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി. സഖാവിനൊപ്പം പാർട്ടിപ്രവർത്തനത്തിൽ സജീവമായിരിക്കുകയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയാവുകയും ചെയ്ത സഹോദരൻ എം എം ലംബോധരൻ പിന്നീട് പാർട്ടി വിട്ട്, റിയൽ എസ്റ്റേറ്റ് ബിസിനസ് ഉൾപ്പെടെ പലതരം കച്ചവടങ്ങളിലൂടെ സമ്പന്നനാവുകയായിരുന്നു. മണിയുടെ രാഷ്ട്രീയകരുത്ത് തന്നെയാണ് ലംബോധരന്റെ ഈ വളർച്ചയ്ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ബൈസൻവാലി 20 ഏക്കർ എന്ന സ്ഥലത്ത് 50 സെന്റിൽ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംബോദരൻ പണിതുയർത്തിയിരിക്കുന്നത്. വീട്ടിൽ സ്വിമ്മിംങ് പൂൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. കെ.എൽ 58 -1212 നമ്പർ ബെൻസും ലാൻസറും ഉൾപ്പടെ ആറ് ആഡംബര കാറുകൾ ലംബോദരന്റെ പേരിലുണ്ട്. പുലരി എന്റെർപ്രൈസസ് എന്ന പേരിൽ വളം, കീടനാശിനി വിൽപ്പന നടത്തുന്ന സ്ഥാപനവും ലംബോദരന്റെ സ്വന്തമാണ്. ഈ സ്ഥാപനം ലംമ്പോദരന്റെ മക്കളാണ് നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ