ഇടുക്കി: മുന്നാറിൽ നടന്ന വന സൗഹൃദ സദസ്സ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിയുടെ വിമർശനം സർക്കാർ ഗൗരവത്തിൽ എടുക്കും. നോട്ടീസ് തയ്യാറാക്കിയവർക്കെതിരെ നടപടികൾ എടുക്കും. വകുപ്പു തല അന്വേഷണം നടത്തും.

വന സൗഹൃദ സദസ്സ് വേദിയിൽ പ്രസംഗിക്കവെയാണ് മണിയുടെ വിമർശനം. വനംവകുപ്പ് ഉദ്യോഗസ്ഥർ മനപ്പൂർവ്വം നോട്ടീസിൽനിന്ന് തന്റെ പേര് ഒഴിവാക്കിയതാണെന്നും മണി ആരോപിച്ചു. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ വിമർശനം എകെ ശശീന്ദ്രനും ഉൾക്കൊണ്ടു. നേരത്തെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം പൊളിച്ചത് മണിയുടെ പ്രസ്താവനയോടെയാണെന്ന് വനം വകുപ്പിലെ ചിലർക്ക് വിമർശനം ഉണ്ടായിരുന്നു.

'എന്റെ പേര് ഈ നോട്ടീസിൽ ഇല്ല. അത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മനഃപൂർവ്വം മാറ്റിയതാണ്. മന്ത്രി വിളിച്ചതുകൊണ്ട് മാത്രമാണ് വന്നത്. എന്നെ ഈ ഫോറസ്റ്റുകാർക്ക് ഇഷ്ടമല്ല. ഇവിടുത്തെ മുഴുവൻ കുഴപ്പങ്ങളും ഉണ്ടാക്കുന്നത് ഇവരാണെന്നാണ് എന്റെ അഭിപ്രായം. ബഹുമാനപ്പെട്ട മന്ത്രി ആത്മവിശ്വാസമുണ്ടാക്കുന്ന നിലയിൽ കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷമുണ്ട്. അതിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു', മണി പറഞ്ഞു.

താൻ സ്ഥിരമായി വനം വകുപ്പിനെ വിമർശിക്കുന്ന ആളായതുകൊണ്ട് ഉദ്യോഗസ്ഥർ മനഃപൂർവ്വം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും മണി ആരോപിച്ചു. അതേസമയം, മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താത്ത കാര്യം പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം ജനമറിഞ്ഞത് മണിയിലൂടെയാണ്. ഇനി പറമ്പിക്കുളത്തുകാർ അനുഭവിക്കട്ടേ എന്നായിരുന്നു മണിയുടെ പ്രസ്താവന. ഇതോടെ പറമ്പിക്കുളത്ത് പ്രതിഷേധമായി.

ഈ സാഹചര്യത്തിലാണ് അരിക്കൊമ്പനെ എവിടേക്ക് മാറ്റുമെന്ന കാര്യം രഹസ്യമാക്കി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. ഇതിന് ശേഷമാണ് നോട്ടീസിൽ നിന്നുള്ള ഒഴിവാക്കൽ. ഈ സാഹചര്യത്തിലാണ് മണി വിമർശനം ഉന്നയിക്കുന്നത്.