- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ ചെറിയ നേട്ടങ്ങൾ പോലും പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്ന ബഹുഭൂരിപക്ഷത്തിനിടയിൽ ധീരനായ ഒരു മേജറെ രാജ്യത്തിന് സമർപ്പിച്ച വീര മാതാവ്; പി എസ് സി ഓഫീസിന്റെ ഏതെങ്കിലും ഭാഗത്ത് നിശബ്ദമായി തന്റെ കർത്തവ്യങ്ങൾ നിറവേറ്റുന്ന സുശീല; മകൻ സൈന്യത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും അധ്വാന വഴിയിൽ അമ്മ; ഇത് ഒരു അപൂർവ്വ സ്‌നേഹ ഗാഥ
തിരുവനന്തപുരം: സ്വന്തം മകൻ ഇന്ത്യൻ ആർമിയുടെ വലിയ ഒരു പരേഡ് നയിക്കാൻ പോലും മിടുക്കുള്ള, പ്രോട്ടോകോൾ അനുസരിച്ച് ജില്ലാ കളക്ടറിനും ജില്ലാ പൊലീസ് മേധാവിയായ എസ് പി ക്കും തുല്യമായ പദവിയിൽ ഉള്ള മേജർ ആയിരുന്നിട്ടും, എല്ലാവിധ സുഖസൗകര്യങ്ങളോടെ സ്വസ്ഥമായി വീട്ടിൽ തന്നെ വിശ്രമജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും, താരതമ്യേന വളരെ കുറഞ്ഞ ശമ്പളത്തിന് ഒരു സർക്കാർ ഓഫീസിലെ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ എത്തുന്ന സ്വാഭിമാനിയായ ആ സ്ത്രീയെയും അവരിലെ അമ്മയെയും ഓർത്തപ്പോൾ ഒരു നിമിഷം എന്റെ കണ്ണുകൾ ഞാൻ അറിയാതെ തന്നെ നിറഞ്ഞുപോയി..-സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പാണ് ഇത്. മേജർ സി എസ് ആനന്ദും അമ്മയും തമ്മിലെ ബന്ധത്തിന്റ കഥയാണ് ഇതിലൂടെ തെളിയുന്നത്. ഷാനവാസ് എന്ന വ്യക്തിയാണ് ഈ കുറിപ്പെഴുതിയത്.
ഷാനവാസ് സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പാണ് ചുവടെ
ഇത് വേറിട്ടൊരു അനുഭവ സാക്ഷ്യം ??
റിപ്പബ്ലിക് ദിനത്തിലെ വേറിട്ടൊരു കാഴ്ച..????
ഇത് മേജർ C. S.ആനന്ദും അമ്മയുമാണ്. ഇദ്ദേഹമാണ്????
ഇദ്ദേഹമാണ് ഇന്നലെ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് പരേഡ് മുന്നിൽ നിന്ന് നയിച്ചത്..
പരേഡിന് ശേഷം അമ്മ സുശീലയും ഒത്തുള്ള ഈ ഫോട്ടോ ഇന്നലെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ സ്തബ്ദനായി ഇരുന്നു പോയി??
അതിന്റെ കാരണം അറിയണമെങ്കിൽ ഈ അമ്മയുടെയും മകന്റെയും വേറിട്ട കഥ നിങ്ങളും കേൾക്കണം..
കഥയിങ്ങനെ..
' സാർ പട്ടാളത്തിൽ എവിടെയെല്ലാം ജോലി ചെയ്തിട്ടുണ്ട്?..
PSC യുടെ പട്ടത്തെ ഓഫീസിൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു റിപ്പബ്ലിക് ദിനാഘോഷത്തിന് ഇടയിലാണ് സുശീല എന്നോട് ചോദിച്ചത്.
വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരണവും ജോലിയിലെ കൃത്യനിഷ്ഠതയും പെരുമാറ്റവും
എല്ലാം എൺപതുകളിലെ എന്റെ
പല ക്ലാസ് ടീച്ചർമാരെയും അനുസ്മരിപ്പിക്കുന്നതായിരുന്നു.
അതുകൊണ്ടുതന്നെ അവരോട് അല്പം സ്‌നേഹ ബഹുമാനത്തോടെ ആയിരുന്നു പെരുമാറിയിരുന്നത് എന്നത് സത്യം..
എന്ന് കരുതി ഒരു തൂപ്പുകാരി എന്തിനാണ് ഇതൊക്കെ അറിയുന്നത് എന്ന അനിഷ്ടം മറച്ചുവച്ചുകൊണ്ട് തന്നെ ഞാൻ ജോലി ചെയ്ത മൂന്നാല് സ്ഥലങ്ങളുടെ പേര് പറഞ്ഞു..
'എന്റെ മോനും പട്ടാളത്തിൽ ക്യാപ്റ്റനാ സാറേ..'
അവർ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ ഞാൻ നിന്നപ്പോൾ..
' ഉള്ളതാ സാറേ..പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. ' എന്ന് അവർ.
'എന്നിട്ടാണോ ഇവർ ഇവിടെ തൂത്തുവാരാൻ വരുന്നത്..'
എന്നെപ്പോലെ തന്നെ ഞങ്ങളുടെ സംസാരം കേട്ടുനിന്ന ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ ഉയർന്ന സ്വാഭാവിക ചോദ്യമായിരുന്നു അത്..
പിന്നെയും ഇടയ്‌ക്കൊക്കെ മോന്റെ വിശേഷങ്ങൾ പറയുവാൻ അടുത്തു കൂടുമായിരുന്നെങ്കിലും ' മേൽ ജീവനക്കാരിൽ മതിപ്പുണ്ടാക്കാൻ വേണ്ടി കീഴ്ജീവനക്കാർ സാധാരണ നടത്തുന്ന 'കുടുംബ മാഹാത്മ്യത്തള്ള് ' കേൾക്കാൻ ഞങ്ങൾ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല..
അങ്ങനെ വർഷങ്ങൾ കടന്നു പോയിക്കൊണ്ടേയിരുന്നു.. 2021 മുതൽ ഞാൻ കൊല്ലം ഓഫീസിൽ ആയതിനാൽ പിന്നീട് പൊതുവേ തിരുവനന്തപുരത്തെ വിശേഷങ്ങൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല..
അങ്ങനെ ഇന്നലെ യാദൃശ്ചികമായി സുഹൃത്തുക്കൾ അയച്ചുതന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് പരേഡിന്റെ ദൃശ്യങ്ങൾക്കിടയിലാണ് പരേഡ് നയിച്ച മേജർ സാബ് തന്റെ അമ്മ സുശീലയെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം യാദൃശ്ചികമായി കണ്ട ഞാൻ സ്തബ്ദനായി ആയി ഇരുന്നു പോയത്..
സ്വന്തം മകൻ ഇന്ത്യൻ ആർമിയുടെ വലിയ ഒരു പരേഡ് നയിക്കാൻ പോലും മിടുക്കുള്ള, പ്രോട്ടോകോൾ അനുസരിച്ച് ജില്ലാ കളക്ടറിനും ജില്ലാ പൊലീസ് മേധാവിയായ എസ് പി ക്കും തുല്യമായ പദവിയിൽ ഉള്ള മേജർ ആയിരുന്നിട്ടും, എല്ലാവിധ സുഖസൗകര്യങ്ങളോടെ സ്വസ്ഥമായി വീട്ടിൽ തന്നെ വിശ്രമജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും, താരതമ്യേന വളരെ കുറഞ്ഞ ശമ്പളത്തിന് ഒരു സർക്കാർ ഓഫീസിലെ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ എത്തുന്ന സ്വാഭിമാനിയായ ആ സ്ത്രീയെയും അവരിലെ അമ്മയെയും ഓർത്തപ്പോൾ ഒരു നിമിഷം എന്റെ കണ്ണുകൾ ഞാൻ അറിയാതെ തന്നെ നിറഞ്ഞുപോയി..
ഇതല്ലാ.. ഇനി മറ്റേതൊരു ജോലിയാണെങ്കിൽ പോലും അമ്മയെ പറഞ്ഞയക്കേണ്ട ഒരു സാഹചര്യവും ഇല്ലാത്ത ആ മകനും അമ്മയുടെ സ്വാഭിമാനത്തിനും തീരുമാനത്തിനും എതിര് നിൽക്കാതിരുന്നത്.. ചെറുതെന്ന് പൊതുസമൂഹം വിളിക്കുന്ന ഏതൊരു ജോലിക്കും വലുതെന്ന് വിളിക്കുന്ന ജോലിയുടെ തന്നെ അന്തസ്സും മഹാത്മ്യവും ഉണ്ടെന്ന് നല്ലതുപോലെ അറിയാവുന്ന ഒരു പട്ടാളക്കാരൻ ആയതുകൊണ്ട് മാത്രമാകാം..
ചെറിയ ചെറിയ നേട്ടങ്ങൾ പോലും പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്ന ബഹുഭൂരിപക്ഷത്തിനിടയിൽ, ധീരനായ ഒരു മേജറെ രാജ്യത്തിന് സമർപ്പിച്ച വീര മാതാവായിരുന്നിട്ടും..അതൊന്നും കൊട്ടിഘോഷിക്കാതെ ഞാൻ ഈ കുറിപ്പ് എഴുതുന്ന വേളയിലും പി. എസ്. സി ഓഫീസിന്റെ ഏതെങ്കിലും ഭാഗത്ത് നിശബ്ദമായി തന്റെ കർത്തവ്യങ്ങൾ നിറവേറ്റുകയാകാം സുശീല.. ഇങ്ങനെ ആരും അറിയാതെ എത്രയോ അനേകം പേർ നമുക്കിടയിൽ ഉണ്ടാകാം..
അവർക്കെല്ലാവർക്കും വേണ്ടി സമർപ്പിക്കുന്ന ഈ കുറുപ്പിലൂടെ അവരോടുള്ള ഇഷ്ടം എല്ലാവരും പരമാവധി പങ്കുവെക്കണമെന്ന് അപേക്ഷിക്കുന്നു ??..
#Shanavas...#ഷാനവാസ്..
മറുനാടന്‍ മലയാളി ബ്യൂറോ