- Home
- /
- News
- /
- SPECIAL REPORT
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ഈച്ചയെ ആട്ടൽ
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: ഒരുവർഷം തന്നെ നാലു നൂറുകോടി സിനിമകൾ! സുവർണ്ണകാലം എന്ന് അറിയപ്പടുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ് മലയാള സിനിമയിപ്പോൾ. 2024 ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ മലയാളത്തിൽ പിറന്നത് നാല് 100 കോടി ചിത്രങ്ങളാണ്. പ്രേമലൂ, മഞ്ഞുമ്മൽബോയ്സ്, ആടുജീവിതം, ആവേശം, എന്നിവയാണ് അത്. ഇതിനിടയിൽ 'വർഷങ്ങൾക്ക് ശേഷം' എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രവും നൂറുകോടിയിലേക്ക് അടുക്കയാണ്. മമ്മൂട്ടിയുടെ 'ഭ്രമയുഗം' 50 കോടിയിലേറെ നേടിക്കഴിഞ്ഞു. മഞ്ഞുമ്മൽ ബോയസ് 250 കോടിയും, ആടു ജീവിതം 150 കോടിയും നേടിക്കഴിഞ്ഞു. അങ്ങനെ നോക്കുമ്പോൾ 850 കോടിയിലധികം രൂപയുടെ ബിസിനസാണ് ഈ കൊച്ചു മലയാളത്തിൽ നടന്നത്.
മല്ലുവുഡ് ഇങ്ങനെ കത്തിനിൽക്കുമ്പോൾ, ബോളിവുഡിന് കഷ്ടകാലം തുടരുകയാണ്. ഇവിടെ പടങ്ങൾ തുടർച്ചയായി പൊട്ടുന്നതുമൂലം, തിയേറ്റുകൾ അടച്ചിടുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പല റിലീസുകളും നീട്ടിയതായും ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതായത് കേരളത്തിൽ തിയേറ്റുകൾ നിറഞ്ഞു കവിയുമ്പോൾ, ഹിന്ദി ബെൽറ്റിൽ തിയേറ്ററുകാർ ഈച്ചയെ ആട്ടി ഇരിക്കയാണെന്ന് ചുരുക്കം.
അക്ഷയ്-അജയ് ചിത്രങ്ങളും വീഴുന്നു
തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ബോളിവുഡിന് പ്രതീക്ഷയായിരുന്നു, ഹിറ്റ്മേക്കർമാരായ അക്ഷയ് കുമാറിന്റെയും, അജയ് ദേവ്ഗണിന്റെയും ചിത്രങ്ങൾ. എന്നാൽ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളായ, നമ്മുടെ പൃഥിരാജ് വില്ലനുമായ ബഡേ മിയാൻ ഛോട്ടേ മിയാനും, അജയ് ദേവ്ഗണിന്റെ മൈദാനും എട്ടുനിലയിൽ പൊട്ടി. ഈദ് റിലീസുകളായെത്തിയ ഈ രണ്ടു സിനിമകൾക്കും തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാൻ കഴിഞ്ഞില്ല.
ഏപ്രിൽ 10 ന് റിലീസ് ചെയ്ത ബഡേ മിയാൻ ഛോട്ടേ മിയാന്റെ ബജറ്റ് 350 കോടി രൂപയാണ്. 250 കോടി രൂപ മുതൽമുടക്കിലാണ് അജയ് ദേവ്ഗൺ നായകനായ മൈദാൻ നിർമ്മിച്ചത്. റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര ബോക്സോഫീസിൽ നിന്ന് ബഡേ മിയാൻ ഛോട്ടേ മിയാന് നേടാൻ കഴിഞ്ഞത് 60 കോടി മാത്രമാണ്. മൈദനാകട്ടെ 50 കോടി തികയ്ക്കാൻ പാടുപെടുകയാണ്. ഇതോടെ പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതിനായി പല തിയേറ്ററുടമകളും ടിക്കറ്റ് നിരക്ക് വെട്ടികുറച്ചിരുന്നു.
ബഡേ മിയാൻ ചോട്ടേ മിയാനിൽ അക്ഷയ് കുമാറിന് ലഭിച്ചിരിക്കുന്നത് 80 കോടിയാണെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. അക്ഷയ് കുമാർ പൊതുവെ ഒരു സിനിമയ്ക്കായി 100-120 കോടിയാണ് വാങ്ങാറുള്ളത്. പക്ഷേ ഈ പടത്തിനായി അദ്ദേഹം പ്രതിഫലം കുറച്ചാണ് അഭിനയിച്ചത്.
ടെഗർ ഷ്രോഫിന് 40-45 കോടി രൂപ വരെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരുവരും ചേർന്ന് വാങ്ങിയ പ്രതിഫലം 120 കോടിക്ക് മുകളിൽ വരും. ഈ പണം പോലും സിനിമയ്ക്ക് നേടാൻ കഴിഞ്ഞില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്. സിനിമയിൽ കബീർ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ കഥാപാത്രത്തിനായി നടൻ അഞ്ച് കോടി രൂപ വാങ്ങിയതായാണ് റിപ്പോർട്ട്. പക്ഷേ താരങ്ങൾക്ക് കൊടുത്ത പണം പോലും വസൂലായില്ല.
കുതിക്കുന്ന മലയാള സിനിമ
മുൻവർഷങ്ങളിൽ മോളിവുഡിനെക്കാൾ ചെറിയ ഇൻഡസ്ട്രി എന്ന് വിളിക്കുന്ന കന്നഡ സിനിമ പോലും കോടികൾ വാരുമ്പോൾ മലയാള സിനിമ തകർച്ചയിലായിരുന്നു. 'മലയാള സിനിമ എന്നാൽ ഊതിവീർപ്പിച്ച കുമിള' എന്നാണ് ഒരു തമിഴ് പിആർഒ വിമർശിച്ചത്. മോളിവുഡ് എന്നാൽ 'പ്രകൃതിവുഡ്' എന്നും 'പെട്ടിക്കടവുഡ്' എന്നും കളിയാക്കിയവരും ചുരുക്കമല്ല. അവിടെ നിന്നാണ് മലയാള സിനിമാ വ്യവസായം ഈ കുതിപ്പ് നടത്തുന്നത്.
ഈ നേട്ടം കേരളത്തിലും ജിസിസിയിലും നിന്നുള്ളത് മാത്രമല്ല. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ മലയാളം സിനിമകൾ കോടികൾ വാരിയ വർഷമാണിത്. പ്രേമലു സിനിമ ആന്ധ്രയിലും തെലങ്കാനയിലുമായി 15 കോടിക്ക് മുകളിലാണ് നേടിയത്. തമിഴ്‌നാട്ടിലും സിനിമ 10 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തു. അന്നുവരെ ഒരു മലയാളം സിനിമ തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് കോടിയിൽ താഴെ മാത്രമാണ് നേടിയിരുന്നതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് 24 ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ 50 കോടി ക്ലബ് തുറന്നു. നിലവിൽ തമിഴ്‌നാട് ബോക്സോഫീസിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം നേടിയ സിനിമയുമാണ് മഞ്ഞുമ്മൽ ബോയ്സ്.
കർണാടകയിലും സ്ഥിതി മറ്റൊന്നല്ല. സിനിമ അവിടെയും 10 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തു. മാർച്ച് മാസത്തിൽ ഈ വർഷത്തെ മൂന്നാം 100 കോടി ചിത്രവും പിറന്നു ആടുജീവിതം 25 ദിവസം കൊണ്ട് സിനിമ 150 കോടി ക്ലബിൽ ഇടം നേടി. ഫഹദിനെ റീലോഞ്ച് ചെയ്ത ആവേശം ആവട്ടെ റിലീസ 12-ാം ദിവസം 100 കോടി ക്ലബിൽ കയറി.
ഇനി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവീനോ- ധ്യാൻ ശ്രീനിവാസൻ ചിത്രമായ മലയാളി ഫ്രം ഇന്ത്യ, പൃഥ്വിരാജിന്റെ 'ഗുരുവായൂരമ്പല നടയിൽ', ടൊവിനോയെ നായകനാക്കി ജീൻ പോൾ ലാൽ ഒരുക്കുന്ന നടികർ എന്നീ ചിത്രങ്ങളിലും ഹിറ്റ് പ്രതീക്ഷയുണ്ട്. മലയാളത്തിലെ ആദ്യ 100 കോടി പടത്തിന്റെ സംവിധായകൻ വൈശാഖിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ചിത്രമാണ് ടർബോ, മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് തുടങ്ങിയവും ബോക്സോഫീസിനെ വിറപ്പിക്കുമെന്ന് ഉറപ്പ്.