- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലെന്ന് പറഞ്ഞ പോട്ടി പിന്നീട് വന്നവർക്ക് കൊടുത്തപ്പോൾ കലിയിളകി; ഇരുമ്പു പണിക്കാരൻ നിർമ്മിച്ച ഡബിൾ ബാരലിലെ ഫിലിപ്പിന്റെ അതിക്രമത്തിൽ പ്രദീപിന്റെ തലയിലേക്ക് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; ശസ്ത്രക്രിയയ്ക്കിടെ രോഗിയോട് സംസാരിച്ച് ഒരോന്നും നീക്കിയ സൺറൈസിലെ ഡോക്ടർമാർ; മൂലമറ്റത്തെ ക്രൂരതയുടെ ഇരയ്ക്ക് ഇത് അവിശ്വസനീയ മടങ്ങി വരവ്
കൊച്ചി: കാക്കനാട്: മൂലമറ്റം സ്വദേശി പ്രദീപ്കുമാറിന് ഇതു പുനർജന്മം. ഒന്നും രണ്ടുമല്ല, നാലു വെടിയുണ്ടകളാണ് പ്രദീപിന്റെ തലച്ചോറിലെ പല ഭാഗങ്ങളിൽ നിന്നു ഡോക്ടർമാർക്കു ലഭിച്ചത്. തലയോട്ടി തുളച്ചു തലച്ചോറിൽ പതിച്ച വെടിയുണ്ടകൾ ഏഴു മാസത്തിനു ശേഷമാണ് പുറത്തെടുത്തത്. മാർച്ച് 26നു രാത്രി മൂലമറ്റത്തു തട്ടുകടയിലെ തർക്കത്തെ തുടർന്നു നാടൻ തോക്കു കൊണ്ടുള്ള വെടിവയ്‌പ്പിലാണ് അതുവഴി ബൈക്കിൽ പോയ മൂലമറ്റം എലപ്പള്ളി മാളിയേക്കൽ പ്രദീപ്കുമാറിന് (32) വെടിയേറ്റത്. കേരളം ആ കഥ കേട്ട് ഞെട്ടിയിരുന്നു. കുവൈത്തിൽ മെക്കാനിക്കായി ജോലിചെയ്തിരുന്ന പ്രദീപ് നാട്ടിൽ മടങ്ങിയെത്തി മാൾട്ടയിലേക്കു ജോലിക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
''വെടിയേറ്റതാണെന്ന് എനിക്കാദ്യം മനസ്സിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന് തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല. അബോധാവസ്ഥയിൽ കഴിഞ്ഞ കുറേ ദിവസങ്ങൾക്കു ശേഷം ഡോക്ടർ പറഞ്ഞപ്പോഴാണ് എന്റെ തലച്ചോറിൽ നാല് വെടിയുണ്ടകൾ തറഞ്ഞിരിക്കുന്നുണ്ടെന്ന് മനസ്സിലായത്. ആറു മാസത്തോളം തലച്ചോറിൽ വെടിയുണ്ടകളുമായാണ് ഞാൻ കഴിഞ്ഞിരുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അദ്ഭുതകരമായി തിരികെക്കിട്ടിയ ഈ ജീവന് ഞാൻ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്...''-പ്രദീപ് ചോദിക്കുന്നു. തീർത്തും അത്ഭുതകരമായ രക്ഷപ്പെടൽ. സൺറൈസ് ആശുപത്രിയിലെ ശസ്ത്രക്രിയയിൽ ഓരോ വെടിയുണ്ടയും പുറത്തെടുക്കുമ്പോൾ ഡോക്ടർമാർ പ്രദീപുമായി സംസാരിച്ചു കൊണ്ടേയിരുന്നു. തലച്ചോറിനു ചെറിയൊരു പോറലേറ്റാൽ പോലും ഏതെങ്കിലും ഒരു ശേഷിയെ ബാധിക്കുമെന്നതിനാലാണ് ശസ്ത്രക്രിയക്കിടെയും രോഗിയുമായി ഡോക്ടർമാർ ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത്.
ഓർമയും കാഴ്ചയും കേൾവിയുമൊക്കെ കുറഞ്ഞ് ഗുരുതരാവസ്ഥയിലാണ് പ്രദീപിനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ''ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയായിരുന്നു ആ സമയത്ത് പ്രദീപിന്റെ യാത്ര. ശസ്ത്രക്രിയ നടത്തുമ്പോഴുള്ള വലിയ വെല്ലുവിളി തലച്ചോറിന്റെ മറ്റു ഭാഗങ്ങളിൽ ക്ഷതമേൽക്കാതിരിക്കുക എന്നതായിരുന്നു. കാഴ്ചയും കേൾവിയും ഓർമയുമൊക്കെ ഒരിക്കലും തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടമായേക്കാമെന്ന ആശങ്കകൾക്കിടയിൽനിന്നായിരുന്നു ഞങ്ങൾക്ക് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ന്യൂറോ നാവിഗേഷൻ എന്ന സംവിധാനത്തിന്റെ സഹായത്തോടെ പല ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുമ്പോൾ വലിയൊരു അദ്ഭുതമായിട്ടാണ് തോന്നുന്നത്'' - ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരായ ജെയിൻ ജോർജ്, ജേക്കബ് ചാക്കോ, പി.ജി. ഷാജി എന്നിവർ പറഞ്ഞു.
2011-ൽ നോർവേയിൽ നടന്ന 77 പേർ കൊല്ലപ്പെട്ട വെടിവെപ്പിൽ തലച്ചോറിൽ വെടിയുണ്ട കയറി ഇന്നും ചികിത്സയിൽ തുടരുന്ന ആൺകുട്ടിയുടെ കഥയെക്കാൾ വിസ്മയകരമാണ് പ്രദീപിന്റെ കഥയെന്ന് സൺറൈസ് ആശുപത്രി ചെയർമാനായ ഡോ. ഹഫീസ് റഹ്‌മാൻ പറഞ്ഞു. ഇപ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് പ്രദീപ്. പല ആശുപത്രികളിലും ചികിത്സിച്ചു ഫലമില്ലാതെ വന്നപ്പോഴാണ് പ്രദീപിനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചത്. ന്യൂറോ സർജൻ ഡോ.ജെയിൻ ജോർജ്, ന്യൂറോളജിസ്റ്റുമാരായ ഡോ.ജേക്കബ് ചാക്കോ, ഡോ.എം.എം.ഷൈമ, അനസ്തറ്റിസ്റ്റ് ഡോ.പി.ജി.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇത്തരം ശസ്ത്രക്രിയ രാജ്യത്ത് ആദ്യമാണെന്ന് സൺറൈസ് ആശുപത്രി ചെയർമാൻ ഡോ.ഹഫീസ് റഹ്‌മാൻ പറഞ്ഞു.
മൂലമറ്റത്ത് തട്ടുകടയിൽ പോട്ടി കൊടുക്കാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ വെടിവച്ചുകൊന്നിരുന്നു. ഈ സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രദീപ് കുമാർ. തട്ടുകടയിൽനിന്ന് ആവശ്യപ്പെട്ട ഭക്ഷണം കിട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു വെടിവയ്‌പ്പിൽ എത്തിയത്. രാത്രി പത്തരയോടെ മൂലമറ്റം അശോക കവലയിലെ തറവാട് എന്ന തട്ടുകടയിലെത്തിയ ഫിലിപ്പും ബന്ധുവും പൊറോട്ടയും പോട്ടിയും ആവശ്യപ്പെട്ടു. പോട്ടി ഇല്ലെന്ന് കടയുടമ അറിയിച്ചു. എന്നാൽ, ഫിലിപ്പിനുശേഷം കടയിൽ എത്തിയവർക്ക് പോട്ടി നൽകിയതിനെച്ചൊല്ലി വാക്കു തർക്കമായി.
ഇത് കടയിലുണ്ടായിരുന്ന മറ്റ് ചിലർ ഏറ്റുപിടിച്ചതോടെ സംഘർഷമാകുകയും ഫിലിപ്പിന് മർദനമേൽക്കുകയും ചെയ്തു. ക്ഷുഭിതനായ ഫിലിപ്പ് ബന്ധുവിനൊപ്പം വെല്ലുവിളി നടത്തി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോയി. വീട്ടിൽനിന്ന് ഇരട്ടക്കുഴൽ തോക്കുമായി കാറിൽ മടങ്ങിയെത്തിയ ഫിലിപ്പ് തട്ടുകടക്ക് നേരെ വെടിയുതിർത്തു. എന്നാൽ, ആർക്കും പരിക്കേറ്റില്ല. കടയിലുണ്ടായിരുന്നവർ ഉടൻ സംഘടിച്ച് ഫിലിപ്പിന് നേരെ അടുത്തു. ഇതുകണ്ട് കാർ തിരിച്ച് ഓടിച്ചുപോയ ഫിലിപ്പിനെ ഒരു സംഘം പിന്തുടർന്നു. അറക്കുളം എ.കെ.ജി കവലയിൽ എത്തിയപ്പോൾ ഫിലിപ്പിന്റെ മാതാവ് കാർ തടഞ്ഞുനിർത്തി. മകൻ വീട്ടിൽനിന്ന് തോക്കുമായി പോകുന്നത് കണ്ടാണ് ഇവർ റോഡിലേക്ക് ഇറങ്ങി വന്നത്.
ഈ സമയം പിന്തുടർന്നെത്തിയവർ കാറിന് കേടുപാട് വരുത്തുകയും ഫിലിപ്പിനെ മർദിക്കുകയും ചെയ്തു. അവിടെ നിന്ന് കാർ വെട്ടിച്ച് മൂലമറ്റം ഭാഗത്തേക്ക് പോയ ഫിലിപ്പ് തൊട്ടടുത്ത പെട്രോൾ പമ്പിന് സമീപം എത്തി തിരിച്ചു പോന്നു. തന്നെ മർദിച്ചവർ റോഡിൽ നിൽക്കുന്നത് കണ്ടതോടെ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, റോഡിൽ നിന്നവർ ഓടി മാറുകയും ഈ സമയം അതുവഴി സ്‌കൂട്ടറിൽ വന്ന സനലിനും പ്രദീപിനും വെടിയേൽക്കുകയും ചെയ്തു. വെടിയേറ്റ് സ്‌കൂട്ടറിൽനിന്ന് തെറിച്ചുവീണ പ്രദീപിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചു. ചോരയിൽ കുളിച്ചുകിടന്ന സനലിനെ കാഞ്ഞാർ പൊലീസും അഗ്നിരക്ഷാസേനയുമെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ