ആറന്മുള: പാലത്തിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്ന പരാതിയിൽ മഹിളാ മോർച്ച നേതാവിന് എതിരെ കേസെടുത്തു. മഹിളാ മോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭർത്താവ് സുജിത്, സഹോദരൻ അനു എന്നിവർക്ക് എതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. വിദ്യാർത്ഥികൾ ആക്രമിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. വാഴക്കുന്നത്തെ അക്വഡേറ്റ് പാലത്തിൽ നിൽക്കുകയായിരുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങുന്ന സംഘത്തിനെതിരെയാണ് സദാചാര ആക്രമണം നടന്നതെന്നാണ് പരാതി.

ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ വാഴക്കുന്നത്താണ് സംഭവം. പമ്പാ നദിക്ക് കുറുകെ ഉള്ള പിഐപി കനാൽ നീർ പാലത്തിൽ ഇരിക്കുക ആയിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. മർദനമേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടർന്നുണ്ടായ തർക്കമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചക്കായിരുന്നു ആക്രമണം. മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും പാലത്തിൽ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മർദിച്ചുവെന്ന് കാട്ടി വിദ്യാർത്ഥികൾ ആറന്മുള പൊലീസിൽ പരാതി നൽകിയിരുന്നു.

വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവരാണ് പരാതി നൽകിയത്. കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മർദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നുവെന്ന് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. തങ്ങളെ മർദിച്ചതിന് പുറമെ പാലത്തിൽ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.

പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാർത്ഥികളെ അനുപമയും സംഘവും ക്രൂരമായി മർദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ ആറന്മുള പൊലീസ് അനുപമയേയും ഭർത്താവിനേയും സഹോദരനേയും പ്രതിയാക്കിയാണ് കേസെടുത്തത്. അയിരൂർ സ്വദേശികളാണ് അനുപമയും കുടുംബവും. അതേസമയം തങ്ങളെ അക്രമിച്ചെന്ന് കാണിച്ച് അനുപമയും ബന്ധുക്കളും നൽകിയ പരാതിയിൽ കോളേജ് വിദ്യാർത്ഥികളെ പ്രതി ചേർത്ത് മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വാഴക്കുന്നത്തെ അക്വഡേറ്റ് പാലത്തിൽ നിൽക്കുകയായിരുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. ഒരു പാട് സിനിമകളിൽ ലൊക്കേഷനായിട്ടുള്ള അക്വഡേറ്റ് പാലത്തിൽ കാഴ്ചക്കാരായി ഒരുപാട് ആളുകൾ എത്താറുണ്ട്. ഇന്നലെ പാലത്തിന്റെ മുകളിൽ നിന്ന വിദ്യാർത്ഥികളെ കാറിലെത്തിയ ഒരു സ്ത്രീയും പുരുഷനും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.

വിദ്യാർത്ഥികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനുപമയേയും ബന്ധുക്കളേയും തിരിച്ചറിഞ്ഞതും കേസിൽ പ്രതി ചേർത്തതും. സംഘർഷത്തിൽ വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നീ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. അക്രമത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

റാന്നി വാഴക്കുന്നത്ത് പമ്പാനദിക്ക് കുറുകെയുള്ള പാലത്തിൽ നിൽക്കവെയായിരുന്നു അധിക്ഷേപവും മർദ്ദനവും. കഴിഞ്ഞ ദിവസം കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഴക്കുന്നം പാലത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 'പെൺകുട്ടികളെ കൊണ്ട് വന്ന് എന്താ പരിപാടി, നിനക്കൊക്കെ ഇവിടെ വരാൻ ആരാണ് അധികാരം തന്നത് എന്നു ചോദിച്ച ശേഷമായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാർത്ഥികളെ സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതോടെ വിഷ്ണു എന്ന ബിരുദ വിദ്യാർത്ഥിയെ പാലത്തിൽ നിന്ന് തള്ളിയിടാൻ നോക്കിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.