- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
ഇസ്ലാമബാദ്: പാക് മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ് രോഗാതുരതയാൽ അവസാന നാളുകളിൽ വല്ലാതെ ബുദ്ധിമുട്ടിയെന്ന് റിപ്പോർട്ടുകൾ. യുഎഇയിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അമിലോയിഡോസിസ് എന്ന അപൂർവ രോഗത്താൽ വളരെയേറെ കഷ്ടതകൾ അദ്ദേഹം അനുഭവിച്ചു.
രോഗത്തെ തുടർന്ന് നടക്കുന്നതിനും ഇരിക്കുന്നതിനുമെല്ലാം പർവേസ് മുഷറഫ് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. പൂർണമായും വീൽ ചെയറിന്റെ സഹായം വേണ്ടി വന്നു. ഭക്ഷണം പോലും കഴിക്കാനാകാതെയും ഒരുതുള്ളി വെള്ളം കുടിക്കാനാകാതെയും പർവേസ് മുഷറഫ് കഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
നാഡീവ്യൂഹത്തെ തളർത്തുന്ന രോഗം
അപൂർവ്വമായി കണ്ടുവരുന്ന മജ്ജ രോഗമാണ് അമിലോയിഡോസിസ്. ശരീരകലകളിൽ അമ്ലോയിഡ് ഫൈബ്രിൽസ് എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ അധികമാവുന്ന ഒരു കൂട്ടം രോഗങ്ങളാണ് അമിലോയിഡോസിസ്. ഇത് ശരീരകലകളുടെ ഘടനയെ താറുമാറാക്കുന്നു, ശരീര പ്രവർത്തനത്തെ ബാധിക്കുന്നു. ശരീരകലകളിൽ അടിയുന്ന പ്രോട്ടീൻ ഘടന ഏത് തരത്തിലുള്ളതാണെന്നതിനെ അടിസ്ഥാനമാക്കിയാണ് അമിലോയിഡോസിസ് ഏത് വിഭാഗത്തിലാണെന്ന് നിശ്ചയിക്കുന്നത്. ഏതാണ്ട് മുപ്പതോളം വ്യത്യസ്ത അമിലോയിഡോസിസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ശരീരകലകളിലെ പ്രോട്ടീന്റെ അംശം കൂടുന്നതാണ് പ്രധാനകാരണം. ജനിതക കാരണങ്ങൾ മൂലം ഉണ്ടാവുന്നത്, അല്ലാത്തത് എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രധാനമായും ഈ രോഗത്തെ നിരീക്ഷിക്കുന്നത്.
വല്ലാതെ തളർത്തി കളയുന്ന രോഗം
വയറിളക്കം, ശരീരഭാരം നഷ്ടപ്പെടുക, ക്ഷീണവും തളർച്ചയും, നാവിന്റെ വലിപ്പം കൂടുക, രക്തംപോക്ക്, ബോധക്ഷയം എന്നിവയ്ക്കൊപ്പം മൂത്രത്തിലൂടെ കൂടിയ അളവിൽ പ്രോട്ടീൻ പുറത്തുപോവുക, കരൾ, ഹൃദയം, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങൾ വികസിക്കുക, പ്രോട്ടീൻ ഘടന മാറുക, കാൽവീക്കം, പ്ലീഹാവീക്കം തുടങ്ങിയവ അമിലോയിഡോസിസിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിൽ വെളുത്ത പാടുകളോ മുഴകളോ പ്രത്യക്ഷപ്പെടുന്നതും ഇതിന്റെ പ്രധാനലക്ഷണമാണ്.
പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിലാണ് ലോകത്ത് പ്രതിവർഷം ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവരിൽ ആയിരത്തിലൊരാൾ എന്ന കണക്കിലാണ് മരണനിരക്ക്.
കഴിഞ്ഞ വർഷം ജൂൺ 10 നാണ് അമിലോയിഡോസിസ് എന്ന അസുഖത്തെ തുടർന്ന് മുഷറഫിനെ യുഎഇ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, അത് ക്രമേണ അവയവങ്ങളെ ബാധിക്കുകയായിരുന്നു. 2022 ജൂണിലാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പാക് പ്രാദേശിക മാധ്യമങ്ങളാണ് മുഷാറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2001 മുതൽ 2008 വരെ പാക്കിസ്ഥാന്റെ പ്രസിഡന്റായിരുന്നു മുഷാറഫ്. 2008ൽ ഇംപീച്ച്മെന്റ് നടപടികളെ തുടർന്നാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്.
പെഷവാർ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇയാൾ ദുബായിൽ കഴിയുകയായിരുന്നു. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് 2013ൽ കേസെടുത്തിരുന്നു. ബേനസീർ ഭൂട്ടോ വധക്കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ 2016 മാർച്ചിലാണ് മുഷ്റഫ് രാജ്യം വിട്ടത്.
1999 ലെ കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. ഇന്ത്യൻ സർക്കാരും അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക് സൈനിക മേധാവിയായരുന്ന മുഷറഫിന്റെ നേതൃത്വത്തിൽ പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.
മറുനാടന്‍ മലയാളി ബ്യൂറോ