എരുമേലി:മല കയറുമ്പോൾ വണ്ടി തടഞ്ഞുനിർത്തി മോട്ടോർ വാഹന വകുപ്പ് സംഘമെത്തിയപ്പോൾ തീർത്ഥാടന വാഹനത്തിലെ ഡ്രൈവർ അൽപ്പമൊന്ന് പകച്ചു.വാഹനത്തിന്റെ അടുത്തെത്തി ഉദ്യോഗസ്ഥർ ചോദിച്ചത് വണ്ടി ഏത് ഗിയറിലാണെന്നാണ്.സംഭവം വേറൊന്നുമല്ല ശബരിമല തീർത്ഥാടന പാതയിൽ സ്ഥിരമായി അപകടമുണ്ടാവുന്ന മേഖലകളിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്.ഇതിന്റെ ഭാഗമായി പതിവ് അപകട മേഖലയായ കണമല അട്ടിവളവിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് തീർത്ഥാടക വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നോട്ടിസ് വിതരണം ചെയ്തു.'ശബരിമല പാതകൾ ഇടുങ്ങിയതും കൊടുംവളവുകളും വലിയ കയറ്റിറക്കങ്ങളും നിറഞ്ഞ മലമ്പാതകൾ ആണെന്നതിനാൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് ഫസ്റ്റ്, സെക്കൻഡ് ഗിയറുകളിൽ മാത്രമേ യാത്ര ചെയ്യാവൂവെന്ന നിർദ്ദേശം ആറ് ഭാഷകളിൽ അച്ചടിച്ചാണ് ഡ്രൈവർമാർക്കു കൈമാറുന്നത്.

കണമല ഇറക്കം ആരംഭിക്കുന്നതിനു മുൻപുള്ള ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു കൊണ്ടാണ് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകുന്നത്.ഇവർ നോട്ടിസ് വായിച്ച ശേഷം പോകാൻ അനുവദിക്കും.ഉയർന്ന ഗിയറുകളിൽ ഇറക്കം ഇറങ്ങുമ്പോഴാണു വാഹനങ്ങളുടെ ബ്രേക്ക് സംവിധാനം തകരാറിലായി അപകടം ഉണ്ടാകുന്നതെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.ജോയിന്റ് ആർടിഒയും എരുമേലി സേഫ് സോൺ കൺട്രോളിങ് ഓഫിസറുമായ ഷാനവാസ് കരീമിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണം.

കൺട്രോളിങ്ങ് ഓഫീസർ ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി പറയുന്നത് തനിക്കും കുടുംബത്തിനുമുണ്ടായ അപകടത്തിന്റെ അനുഭവ സാക്ഷ്യമാണ്.സ്വന്തം കുടുംബാംഗങ്ങളുമായി ഊട്ടി മൈസൂരു വിനോദയാത്രാ വേളയിൽ ഹെയർപിൻ വളവിൽ ഉണ്ടായ അപകടം നൽകിയ പാഠം ഉൾക്കൊണ്ടാണ് കണമല ഇറക്കത്തിൽ ഡ്രൈവിങ് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതെന്ന് സേഫ് സോൺ കൺട്രോളിങ് ഓഫിസറും ജോയിന്റ് ആർടിഒയുമായ ഷാനവാസ് കരിം പറയുന്നു.

ജാഗ്രതാ ബോർഡ് ഡ്രൈവർ ശ്രദ്ധിക്കാതെ പോയതാണ് അന്നത്തെ അപകടത്തിനു കാരണം.വളവും ഇറക്കവും ഉള്ള പാതയായതിനാൽ ഫസ്റ്റ്, സെക്കൻഡ് ഗിയറിൽ മാത്രമേ യാത്ര പാടുള്ളൂവെന്നത് ശ്രദ്ധിച്ചിരുന്നെങ്കിൽ കുടുംബാംഗങ്ങളെ മുഴുവൻ ദുഃഖത്തിലാക്കിയ അപകടം അന്ന് ഉണ്ടാകുമായിരുന്നില്ല. ഷാനവാസ് കരിം പറഞ്ഞു. 2006 ഡിസംബറിലാണ് 16 പേർ അടങ്ങുന്ന കുടുംബാംഗങ്ങളുമായി മിനി ബസിൽ ഊട്ടി, മൈസൂരു എന്നിവിടങ്ങളിലേക്ക് തിരിച്ചത്.

ഊട്ടി കല്ലട്ടി റോഡിലെ ഹെയർപിൻ വളവിലെ ബോർഡ് ശ്രദ്ധിക്കാതെ തേഡ്, ടോപ് ഗിയറുകളിലാണ് ഇറക്കം ഇറങ്ങിയത്. 36 ഹെയർപിൻ വളവുകൾ ഉള്ളതിൽ 16ാം വളവിലായപ്പോൾ തുടർച്ചയായി ബ്രേക്ക് ചെയ്ത് വന്നതിനാൽ ബ്രേക്ക് കുറഞ്ഞതായി ഡ്രൈവർ സംശയം പറഞ്ഞു.

ഷാനവാസ് പുറത്തിറങ്ങി പരിശോധിക്കുമ്പോൾ ഡ്രൈവർ ബ്രേക്ക് പരിശോധിക്കാൻ വാഹനം മുന്നോട്ടെടുത്തു. ബസ് നിയന്ത്രണം വിട്ട് പാഞ്ഞ് സമീപത്തെ വീടിന്റെ മുറ്റത്തേക്കു പതിച്ചു. കുടുംബാംഗങ്ങളിൽ പലർക്കും ഗുരുതരമായി പരുക്കേറ്റു. അപകടം കണ്ടുനിന്ന ആഘാതത്തിൽ ഷാനവാസിന് മാസങ്ങളോളം ശബ്ദ തടസ്സം ഉണ്ടായി. വർഷങ്ങൾക്ക് ശേഷമാണ് ആഘാതത്തിൽ നിന്ന് എല്ലാവരും മോചിതരായതെന്നു ഷാനവാസ് പറഞ്ഞു.

കണമല , കണ്ണിമല, കരിങ്കല്ലുമ്മൂഴി ഭാഗങ്ങളിൽ വിവിധ ഭാഷകളിൽ ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ നേരത്തേ സ്ഥാപിച്ചിരുന്നു. തുടക്കത്തിൽ പതിനായിരത്തോളം വാഹനങ്ങളിലെ ഡ്രൈവർമാർക്കാണു ബോധവൽക്കരണം സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ വരും ദിവസങ്ങളിലും എരുമേലി സേഫ് സോൺ സെക്ടറിന്റെ കീഴിലുള്ള മുഴുവൻ പ്രദേശങ്ങളിലും ബോധവൽക്കരണം തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

എരുമേലി സേഫ് സോൺ പട്രോളിങ് ടീമിലെ ഉദ്യോഗസ്ഥരായ എംവിഐമാരായ പി.ജി. സുധീഷ്, അനീഷ് കുമാർ, ജയപ്രകാശ് അസിസ്റ്റന്റ് എംവിഐമാരായ ഹരികൃഷ്ണൻ , വിഷ്ണു വിജയ്, രഞ്ജിത്ത്, അഭിലാഷ് ജീവനക്കാരായ റെജി എ.സലാം, ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ബോധവൽക്കരണ പരിപാടിയിൽ പൊലീസും നാട്ടുകാരും സേഫ് സോണിന്റെ താൽക്കാലിക ഡ്രൈവർമാരുമാണ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.