ബെംഗളൂരു: ഇൻഫോസിസ് സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയെ എല്ലാവർക്കും അറിയാം. ഇന്ത്യൻ ഐ ടി വ്യവസായത്തിന്റെ തന്നെ പിതാവെന്ന് വിളിക്കാവുന്ന, എക്കാലത്തേയും 12 വലിയ ബിസിനസ്സുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന എൻ ആർ നാരായണ മൂർത്തി. നാരായണമൂർത്തിയുടെയും ഭാര്യ സുധാ മൂർത്തിയുടെയും മകൾ അക്ഷത മൂർത്തി വിവാഹം കഴിച്ചിരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിനെ ആണെന്നും മിക്കവർക്കും അറിയാം. രാജ്യത്തെ അതിസമ്പന്നരിൽ ഉൾപ്പെടുമ്പോഴും ലളിതമായ ജീവിതവും വിനയം നിറഞ്ഞ പെരുമാറ്റവുമാണ് മൂർത്തി കുടുംബത്തിന്റെ മുഖമുദ്ര. സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകാരമായി പത്മവിഭൂഷണൻ നൽകി സുധാ മൂർത്തിയെ രാജ്യം ആദരിച്ചിരുന്നു. ഇപ്പോൾ, ദാമ്പത്യ ജീവിതത്തിൽ, ഭർത്താക്കന്മാരെ ഭാര്യമാർക്ക് എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ സുധാ മൂർത്തി വിശദീകരിക്കുന്ന ഇൻസ്റ്റാ വീഡിയോ ആണ് വൈറലാകുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള റിഷി സുനക്കിന്റെ പെട്ടെന്നുള്ള വളർച്ച നേരത്തെയും ചർച്ചയായിരുന്നു. പുതിയ വീഡിയോയിൽ സുധാ മൂർത്തി പറയുന്നത് ഇങ്ങനെ: ' ഞാൻ എന്റെ ഭർത്താവിനെ ബിസിനസുകാരനാക്കി. എന്റെ മകൾ അവളുടെ ഭർത്താവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി. ഇരുവരുടെയും കീർത്തിയുടെ കാരണം ഭാര്യയാണ്. ഒരുഭാര്യക്ക് എങ്ങനെ ഭർത്താവിനെ മാറ്റാമെന്ന് നോക്കൂ. പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റാനായില്ല. അദ്ദേഹത്തെ ഞാൻ ഒരു ബിസിനസുകാരനാക്കി, എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയും.', ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സുധാ മൂർത്തി പറഞ്ഞു.

2009 ലാണ് റിഷി സുനക് അക്ഷത മൂർത്തിയെ വിവാഹം കഴിച്ചത്. 42 ാം വയസിൽ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് റിഷി സുനക് അധികാരമേറ്റത്. എംപിയായ ശേഷം വെറും ഏഴ് വർഷത്തിനുള്ളിലായിരുന്നു സ്ഥാനാരോഹണം.

പ്രധാനമന്ത്രിയുടെ ജീവിതത്തെ തന്റെ മകൾ ഏതൊക്കെ തരത്തിൽ, സ്വാധീനിച്ചുവെന്നും വീഡിയോയിൽ സുധാ മൂർത്തി പറയുന്നു. മൂർത്തി കുടുംബത്തിൽ എല്ലാ വ്യാഴാഴ്ചയും വ്രതമെടുക്കുന്ന ശീലമുണ്ട്. ഇൻഫോസിസിന് തുടക്കമിട്ടത് വ്യാഴാഴ്ചയാണ്. വിവാഹത്തിന് ശേഷം റിഷി ചോദിച്ചു, എല്ലാ കാര്യങ്ങൾക്കും നിങ്ങൾ വ്യാഴാഴ്ച തുടക്കമിടുന്നത് എന്തുകൊണ്ടാണെന്ന്. അത് നല്ല ദിവസം ആയതുകൊണ്ടാണെന്ന് പറഞ്ഞു. അതിന് ശേഷം റിഷിയും വ്യാഴാഴ്ച വ്രതമെടുക്കാറുണ്ട്. റിഷിയുടെ അമ്മ തിങ്കളാഴ്ചയാണ് വ്രതമെടുക്കുന്നതെങ്കിൽ റിഷി ഞങ്ങളുടെ രീതിയിൽ വ്യാഴാഴ്ചകളിലാണ്, സുധ മൂർത്തി പറഞ്ഞു. അതേസമയം, സുധാ മൂർത്തിയുടെ പരാമർശം സോഷ്യൽ മീഡിയ ചർച്ചയാക്കി. തങ്ങളുടെ ഉയർച്ചയിൽ നാരായണ മൂർത്തിയുടെയും, റിഷിയുടെയും പങ്കുകൂടി സുധ അംഗീകരിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്നു ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂർവികർ. ബ്രിട്ടനിൽ ജനിച്ച യശ്വീർ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മെയ് 12നു ഹാംഷറിലെ സതാംപ്റ്റണിലാണ് ഋഷി സുനകിന്റെ ജനനം. അച്ഛൻ ഡോക്ടറാണ്, അമ്മ ഫാർമസിസ്റ്റും. അമ്മയുടെ അച്ഛൻ മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട്.

ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്‌കൂളിൽ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് ഋഷി ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയെ പരിചയപ്പെട്ടത്. സഹപാഠികളുടെ സൗഹൃദം തീവ്രപ്രണയമായി വളർന്നു. 2009 ഓഗസ്റ്റിൽ വിവാഹം. രണ്ടു മക്കൾ: കൃഷ്ണയും അനൗഷ്‌കയും.

ഇന്ത്യൻ- ഹിന്ദു പാരമ്പര്യത്തിൽ അഭിമാനം കൊള്ളുമ്പോഴും താൻ ബ്രിട്ടീഷുകാരനാണെന്ന് സുനക് എപ്പോഴും പറയാറുണ്ട്. സെൻസസ് നടക്കുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ എന്ന കോളത്തിലാണ് താൻ ടിക്ക് ചെയ്യാറുള്ളതെന്നും താൻ അടിമുടി ബ്രിട്ടീഷുകാരനാണെന്നും തന്റെ മാതൃരാജ്യമിതാണെന്നും സുനക് പറയുന്നു.

എന്നാൽ തന്റെ മതവും സാംസ്‌കാരിക പാരമ്പര്യവും ഇന്ത്യയുടേയാണെന്നും റിഷി അഭാമാനം കൊള്ളാറുണ്ട്. തന്റെ ഭാര്യ അക്ഷത ഇന്ത്യക്കാരിയാണെന്നും ഒരു ഹിന്ദുവാണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും സുനക് എപ്പോഴും വെളിപ്പെടുത്തുന്ന കാര്യമാണ്. ഓക്‌സ്‌ഫോർഡിൽ നിന്നും ഫിലോസഫിയിലും പൊളിറ്റിക്‌സിലും എക്കണോമിക്‌സിലും ബിരുദം നേടിയ സുനക് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലേക്ക് സ്‌കോളർഷിപ്പിന്റെ ബലത്തിൽ പഠിക്കാൻ പോയിരുന്നു. ഇവിടെ വച്ചാണ് സുനക് തന്റെ ഭാവി ഭാര്യ അക്ഷതയെ പരിചയപ്പെടുന്നത്.