തിരുവനന്തപുരം: എല്ലാത്തിനും സംസ്ഥാനത്തെ പഴിചാരി രക്ഷപെടുന്ന സംസ്ഥാന സർക്കാർ തന്ത്രമാണ് ഇന്നലെ എൻ കെ പ്രേമചന്ദ്രൻ എംപിയുടെ പാർലമെന്റിലെ ചോദ്യത്തോടെ തകർന്നു വീണത്. സംസ്ഥാന സർക്കാറിന്റ ഭാഗത്താണ് ജിഎസ്ടി കുടിശ്ശിക ലഭ്യമാകാതിരക്കാൻ വീഴ്‌ച്ച ഉണ്ടായതെന്നാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകിയത്. ഇതോടെ പ്രേമചന്ദ്രനെതിരെ സൈബർ സഖാക്കൾ ഉറഞ്ഞു തുള്ളി രംഗത്തുവരികയും ചെയ്തു. ഇതോടെ പ്രേമചന്ദ്രനെ കുറ്റപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാലും രംഗത്തുവന്നു.

ബാലഗോപാൽ തനിക്കെതിരെ രംഗത്തുവന്നതോടെ താൻ ഉന്നയിച്ച ചോദ്യത്തിൽ വിശദീകരണമായി പ്രേമചന്ദ്രൻ രംഗത്തുവന്നു. പാർലമെന്റിലെ തന്റെ ചോദ്യത്തിന്റെ പേരിൽ ബാലഗോപാൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു. ജിഎസ്ടി വിഹിതത്തെ കുറിച്ച് മാത്രമായിരുന്നില്ല കേന്ദ്ര ധനമന്ത്രിയോടുള്ള തന്റെ ചോദ്യം. ഐജിഎസ്ടിയിൽ കേരളത്തിന് 5000 കോടി നഷ്ടമാകുന്നു എന്ന എക്‌സപെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടാണ് തന്റെ ചോദ്യത്തിന് ആധാരമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് എംപിയുടെ പ്രതികരണം. ബാലഗോപാലിനോട് വിവിധ ചോദ്യങ്ങളും പ്രേമചന്ദ്രൻ ചോദിച്ചിട്ടുണ്ട്.

ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ? ലഭ്യമായിട്ടില്ലെങ്കിൽ കാരണമെന്ത് ? അഞ്ചുവർഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് സർക്കാർ നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണമെന്ത്? ഐ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാറിന് പ്രതിവർഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവർഷം ഉണ്ടായിട്ടുണ്ടെന്ന് എക്‌സ്‌പെന്റീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടോ? ആ റിപ്പോർട്ട് നിയമസഭയിൽ ഹാജരാക്കാത്തതിന് കാരണമെന്ത്? എന്നീ ചോദ്യങ്ങളാണ് പ്രേമചന്ദ്രൻ ഉന്നയിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണത്തിനുള്ള മറുപടി.

ഐ ജി എസ് ടി, അഥവാ അന്തർ സംസ്ഥാന വിൽപ്പനയിൽ ഈടാക്കുന്ന നികുതി സംബന്ധിച്ച ചോദ്യമാണ് ഇന്ന് ലോകസഭയിൽ ഞാൻ ഉന്നയിച്ചത്. എന്നാൽ ജി എസ് ടി കോമ്പൻസേഷൻ കേരളത്തിന് ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാൻ ഉന്നയിച്ചതു എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നടത്തുന്നത്.
ഞാൻ ഇന്ന് ലോകസഭയിൽ ഉന്നയിച്ച ചോദ്യം വളരെ വ്യക്തമായിരുന്നു.

കേരളത്തിന് ഐ ജി എസ് ടി ഇനത്തിൽ 5000 കോടി രൂപ വരെ പ്രതിവർഷം നഷ്ടമാകുന്നു എന്ന എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശമായി കേരളത്തിലെ പ്രധാന മാധ്യമം 2023 ഫെബ്രുവരി 6 നു റിപ്പോർട്ട് ചെയ്തിരുന്നു.
കേന്ദ്രം സംസ്ഥാനങ്ങൾക്കായി ഐ ജി എസ് ടി നൽകുന്നതിൽ വിവേചനം കാണിക്കുന്നു എന്ന് സർക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. 2021 ൽ നടത്തിയ ജി എസ് ടി സംബന്ധിച്ച പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇതാണ്. The major issue, however, is with the sharing of IGST which is to be shared between the Centre and the states through the clearing house mechanism to be facilitated by the GSTN.

ഇതോടൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച റവന്യു ഡെഫിസിറ്റ് ഗ്രാന്റ് പൂർണമായും നൽകാതെ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുന്നു എന്ന് സി പി. എം എം എൽ എ മാരടക്കം നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. സമീപ ദിവസങ്ങളിലെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാന വാർത്തകൾ തന്നെ സംസ്ഥാനത്തിന് അർഹതപ്പെട്ട ജി എസ് ടി വിഹിതം നൽകുന്നതിൽ ഗുരുതരമായ വിവേചനം കേന്ദ്രം കാണിക്കുന്നുവെന്നും സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തുന്നു.

ഈ രണ്ടു കാര്യത്തിൽ വ്യക്തത വരുത്തി സംസ്ഥാനത്തിനു അർഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് ഞാൻ ഇന്ന് സഭയിൽ നടത്തിയത്.
ഐ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട തുക ലഭ്യമാകുന്നില്ല എന്നത് വസ്തുതയാണ്. സംസ്ഥാനങ്ങളിൽ നടക്കുന്ന നോൺ ഐ ടി സി (Non Input tax credit) അടക്കമുള്ള അന്തർ സംസ്ഥാന വിൽപ്പനകളിൽ കൃത്യമായി ഫയലിങ് നടന്നാൽ മാത്രമേ കേന്ദ്ര സർക്കാർ ഐ ജി എസ് ടി പൂളിൽ നിന്നും സംസ്ഥാനത്തിന് അർഹമായ തുക ലഭിക്കുകയുള്ളു എന്നതാണ് വസ്തുത. ഇതുകൊണ്ട് തന്നെയാണ് ഐ ജി എസ് ടി പൂളിൽ തുക അവശേഷിക്കുന്നതും അത് 'ad hoc settlement' ആയി സംസ്ഥാനങ്ങൾക്ക് വീതം വച്ചു നൽകുന്നതും. ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നും കേരളത്തിനടക്കം ലഭിക്കേണ്ട കോടി കണക്കിന് രൂപ നഷ്ടമാകുന്നു എന്നതാണ് വസ്തുത. ഇതിനുള്ള ഒരു പരിഹാരം അന്തർ സംസ്ഥാന ചരക്ക് നീക്കങ്ങളുടെ E-WAY Bill പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. കഴിഞ്ഞ ആറു വർഷമായി ഫലപ്രദമായി ഈ ജോലി നിർവഹിക്കാൻ സംസ്ഥാന സർക്കാരിന് ആയില്ല എന്ന് യാഥാർത്ഥ്യം തിരിച്ചറിയണം. ഇതിലേക്കായി ആറുകോടി രൂപ മുടക്കി സ്ഥാപിച്ച ANPR ക്യാമറകൾ പ്രവർത്തനക്ഷമം അല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.

ഈ പശ്ചാത്തലത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമായാണ് കേന്ദ്ര ധനകാര്യ മന്ത്രി കേരളം 2017 മുതൽ അഞ്ചു വർഷമായി എ ജി സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടുകൾ നൽകുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ജി എസ് ടി കോമ്പൻസേഷൻ ലഭിക്കുന്നതിനുള്ള കാലപരിധി ദീർഘിപ്പിക്കണമെന്ന വിഷയം ഇന്നത്തെ മൂല ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയിൽ സ്പഷ്ടമായി വ്യക്തമാക്കിയതാണ്.അതിനുശേഷമുള്ള എന്റെ ഉപചോദ്യത്തിനാണ് സംസ്ഥാന ഗവൺമെന്റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി സഭയിൽ മറുപടി പറഞ്ഞത്. 14 ശതമാനത്തിൽ താഴെ നികുതി വളർച്ച കൈവരിക്കാത്ത സാഹചര്യത്തിൽ 14 ശതമാനം വരെ നികുതി വളർച്ച നേടാനാണ് ജി എസ് ടി കോമ്പൻസേഷൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നത്.സംസ്ഥാനത്തെ ജി എസ് ടി വളർച്ച നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ് എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ 14 ശതമാനം വരെ നഷ്ടപരിഹാരം നൽകുന്ന ജി എസ് ടി കോമ്പൻസേഷൻ ഇപ്പോൾ അവശ്യപ്പെടുന്നതിലെ അപ്രായോഗികത കൂടി നമ്മൾ ചിന്തിക്കണം. ഒരു കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിനു ഏറ്റവും അനുയോജ്യമായ ജി എസ് റ്റിയിൽ നമുക്ക് 30 ശതമാനം വരെ വളർച്ച നേടാൻ സാധിക്കും എന്നതാണ് വസ്തുത.മുൻ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്കും ഇതേ അഭിപ്രായം നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളം ഇതിൽ പൂർണമായും പരാജയപ്പെട്ടു.ഇതിനായി ഓഡിറ്റ്, എൻഫോഴ്‌സ്മെന്റ്, ഇന്റലിജൻസ് അടക്കമുള്ളവ ശക്തമാക്കാൻ സർക്കാർ തയ്യാറാകണം.

സംസ്ഥാന ധനമന്ത്രിയോട് വ്യക്തതക്കായി .....?
1.ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ?
2 ലഭ്യമായിട്ടില്ലെങ്കിൽ കാരണമെന്ത് ?
3.അഞ്ചുവർഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് സർക്കാർ നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണമെന്ത് ?
4.ഐ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാറിന് പ്രതിവർഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവർഷം ഉണ്ടായിട്ടുണ്ടെന്ന് എക്‌സ്‌പെന്റീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടോ? ആ റിപ്പോർട്ട് നിയമസഭയിൽ ഹാജരാക്കാത്തതിന് കാരണമെന്ത്?
ഈ ചോദ്യങ്ങൾക്കാണ് കേന്ദ്ര ധന മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ധനമന്ത്രി പ്രതികരിക്കേണ്ടത്. അതിനുപകരം സിപിഎമ്മും ഗവൺമെന്റും ഇന്നലെ വരെ കേന്ദ്രസർക്കാരിനെതിര ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പാർലമെന്റിലൂടെ കൊണ്ടുവന്ന ചോദ്യകർത്താവായ ഞാനാണോ തെറ്റുകാരൻ .....? കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിനു അർഹമായ വിഹിതം നേടിയെടുക്കുന്നതിൽ ശക്തമായ ഇടപെടൽ എം പി എന്ന നിലയിൽ ഇനിയും തുടരും...

കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത് . കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകൾ അതിന്റെ മുറക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നൽകിയതും. കേരളത്തിനർഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും അണിനിരക്കണം-ബാലഗോപാൽ പറഞ്ഞു. മറുപടിയിൽ ഏറെ സൂക്ഷ്മത ബാലഗോപാൽ പുലർത്തിയിട്ടുണ്ട്. ധനമന്ത്രി പറഞ്ഞ ചില വിമർശനങ്ങൾക്ക് മറുപടി നൽകുന്നില്ല.

കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത് ശ്രദ്ധേയമായ പല വസ്തുതകളുമാണ്. കേരളം അഞ്ചു വർഷമായി കൃത്യമായ രേഖ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ വിശദീകരിച്ചു. ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാൽ കേരളം അഞ്ചു വർഷമായിട്ട് ഇത് നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു. '2018 മുതൽ ഒരു വർഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തും', ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സർക്കാരിനോട് ചോദിക്കാനും എൻ.കെ.പ്രേമചന്ദ്രനോട് നിർമല നിർദ്ദേശിച്ചു. ഈ വാക്കുകൾക്ക് മറുപടി നൽകാതെയാണ് കേരളത്തിന്റെ ധനകാര്യമന്ത്രി മറുപടി പറയുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര മന്ത്രി ഉയർത്തിയ ചോദ്യങ്ങളിൽ ഇപ്പോഴും കേരളം മറുപടി പറയുന്നില്ലെന്നതാണ് വസ്തുത.

ലോക്സഭയിലെ പ്രതികരണത്തിൽ ആദ്യം സിപിഎം ഭാഗത്ത് നിന്ന് പ്രതികരിച്ചത് രാജ്യസഭാ അംഗമായ ജോൺ ബ്രിട്ടാസാണ്. എൻ കെ പ്രേമ ചന്ദ്രന്റെ ചോദ്യവും നിർമല സീതാരാമന്റെ ഉത്തരവും മാധ്യമങ്ങളുടെ പ്രചാരണവും ....! കാള പെറ്റുവെന്ന് കേൾക്കുന്നവർ കയറെടുക്കാൻ പോയാൽ സ്വന്തം കഴുത്തിൽ തന്നെ അത് പ്രയോഗിക്കേണ്ടിവരുമെന്നു ഓർത്തോണം . എൻ കെ പ്രേമ ചന്ദ്രൻ ചോദിക്കുന്നത് IGST Revenue Deficit Grant എന്നിവയെ കുറീച്ചായിരുന്നു നിർമലാ സീതാരമൻ പക്ഷേ മറുപടി പറയുന്നത് എ ജി യുടെ സർട്ടിഫിക്കറ്റിനെ കുറിച്ച് . എ ജി സർട്ടിഫിക്കേറ്റ് നൽകാത്തത് സർക്കാറിന്റെ അനാസ്ഥ എന്നാ രീതിയിൽ വലത് മാധ്യമങ്ങൾ വൻ വിവാദമുണ്ടാക്കുകയും ചെയ്തു.ഇതിന്റെ എ ബി സി ഡി അറീയാത്ത അവതാരകരും വിദഗ്ധരും ചേർന്ന് ഇന്നു രാത്രി ആടി തിമിർക്കുമെന്നുറപ്പാണ് IGST Revenue Deficit Grant എന്നിവ സംസ്ഥാന സർക്കാറീന് അനുവദിക്കുന്നതും എ ജി യുടെ സർട്ടിഫിക്കറ്റുമായി പുലബന്ധം പോലുമില്ല-ഇതായിരുന്നു ബ്രിട്ടാസ് പറഞ്ഞത്

എ ജി യുടെ സർട്ടിഫിക്കറ്റ് വേണ്ടത് ജി എസ് ടി കോമ്പൻസേഷൻ ലഭിക്കുന്നതിനു വേണ്ടിയാണ്. 2017-18 ജൂൺ മുതൽ 2022-23 ജൂൺ വരെ ജി എസ് ടി കോമ്പൻസേഷനായി ലഭിക്കേണ്ടത് 42639 കോടി രൂപ .ഇതു വരെ ലഭിച്ചത് 41779 കോടി രൂപ ഇനി ലഭിക്കേണ്ടത് 776 കോടി മാത്രം. നിർമല സീതാരാമൻ പറയുന്നത് ഇതു വരെ എ ജി യുടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല ലഭിച്ചാലുടൻ തുക നൽകുമെന്നുമാണ്. അപ്പോൾ എ ജിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ 41779 കോടി രൂപയും നൽകിയത്? ഇനി എ ജി സർട്ടിഫികേറ്റ് നൽകാത്തതിന് സംസ്ഥാന സർക്കാർ എന്തു പിഴച്ചു?എ ജി ആർ ബി ഐ,GSTN, കേന്ദ്ര റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് സർട്ടിഫികേറ്റ് നൽകുന്നത്.ഇതിൽ സംസ്ഥാന സർക്കാറിന് എന്തു കാര്യം? സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത് ജി എസ് ടി കോമ്പൻസേഷൻ അഞ്ചു വർഷത്തേക്ക് ദീർഘിപ്പിക്കാനും എ ജി യുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ബാക്കി കോമ്പെൻസേഷൻ നൽകാനുമാണ്.
എ ജി ക്ക് നിർദ്ദേശം നൽകാൻ സംസ്ഥാന സർക്കാറീനാണോ കേന്ദ്ര സർക്കാറിനാണോ കഴിയുക? കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി കേന്ദ്രസർക്കാരിന് തന്നെ കൊടുക്കുന്ന പണിയെകുറിച്ചാണ് കേന്ദ ധനമന്ത്രി വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ വാചാലമായത് .-ഇതാണ് ബ്രിട്ടാസ് വിശദീകരിച്ചത്.