ഡൽഹി: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് 5.30-ഓടെയാണ് സേക്രഡ് ഹാർട്ട് കത്തീഡ്രലലിൽ പ്രധാനമന്ത്രി എത്തിയത്. ഈസ്റ്റർ ആശംസകൾ നേരിട്ട് അറിയിക്കാനാണ് ഡൽഹിയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിച്ചത്. മത ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുക എന്നതാണ് മോദി സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോയും മറ്റ് ക്രൈസ്തവ പുരോഹിതന്മാരും ചേർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. ദേവാലയത്തിലെത്തിയ പ്രധാനമന്ത്രി വിശ്വാസികൾക്കൊപ്പം പ്രാർത്ഥനയിലും പങ്കെടുത്തു. കുട്ടികൾക്കൊപ്പം ക്വയറും പ്രധാനമന്ത്രി ചൊല്ലി. വിശ്വാസികളുമായും പുരോഹിതന്മാരുമായും അല്പനേരം സംവദിച്ച ശേഷം, ദേവാലയ മുറ്റത്ത് വൃക്ഷം നട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്.ഇരുപത് മിനിറ്റിലേറെ പള്ളിയിൽ മോദി ചെലവിട്ടു.

അദ്ദേഹം ആരുമായും രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുകയോ മറ്റൊ ചെയ്തില്ലെന്നാണ് വിവരം. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം വ്യക്തമാക്കി.നേരത്തേമുതൽ ക്രൈസ്തവ സഭകളുമായി അടുക്കാൻ ബിജെപിക്ക് പദ്ധതിയുണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് ചർച്ചകളും നീക്കങ്ങളും സജീവമായത്. കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാവിലെ രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾക്ക് പ്രധാനമന്ത്രി ഈസ്റ്റർ ആശംസകളും നേർന്നിരുന്നു.'ഈസ്റ്റർ ആശംസകൾ! സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും ഈ സന്ദർഭത്തിൽ കഴിയട്ടെ. കർത്താവായ ക്രിസ്തുവിന്റെ ഭക്തിനിർഭരമായ ചിന്തകളെ നാം ഈ ദിവസം ഓർക്കുന്നു'-എന്നാണ് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.ക്രൈസ്തവ സഭകളുമായി അടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരനും മുതിർന്ന നേതാക്കളും സഭാധ്യക്ഷന്മാരെ നേരിൽ കണ്ട് ഈസ്റ്റർ ആശംസകൾ നേർന്നു. തിരുവനന്തപുരം ലത്തീൻസഭാ ആസ്ഥാനത്താണ് മുരളീധരൻ എത്തിയത്. ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ സ്വീകരിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ആശംസകൾ നേരാൻ ബിജെപി ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയാണ് എത്തിയത്.

ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. ''പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആവേശഭരിതരാണ്. പ്രധാനമന്ത്രി പദവിയിലിരിക്കെ ഒരാൾ ചർച്ച് സന്ദർശിക്കുന്നത് ആദ്യമാണെന്നു കരുതുന്നു. പ്രധാനമന്ത്രി നേരിട്ടു വരുന്നത് വലിയൊരു സന്ദേശമാണ്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അദ്ദേഹം സംരക്ഷിക്കുമെന്ന് ഞങ്ങൾക്ക് അറിയാം'' ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.