മലപ്പുറം: 21വർഷമായുള്ള കുഞ്ഞുമുഹമ്മദിന്റെ മനസ്സിന്റെ വിങ്ങലിന് അവസാനമായി. മകളുടെ കല്യാണത്തിന് 21 വർഷം മുൻപ് വാങ്ങിയ കടം വീട്ടാൻ താൻ തേടി നടന്ന കൊല്ലത്തുകാരൻ നാസറിനെ കണ്ട് തന്റെ കടം വീട്ടി. ഇനി മനസ്സമാധാനമായി ഉറങ്ങൻ സാധിക്കുമെന്നും മനസ്സിന്റെ വലിയൊരു വിങ്ങലാണിപ്പോൾ മാറിക്കിട്ടിയതെന്നും മലപ്പുറം പാങ്ങ് ചേണ്ടിയിലെ പാറോളി കുഞ്ഞിമുഹമ്മദ് പറയുന്നു. തന്റെ വേദന പുറംലോകത്തെത്തിക്കാനും താൻ തേടി നടന്ന നാസറിക്കയെ കണ്ടെത്താനും എന്റെ വീട്ടിൽ വന്നു ആദ്യമായി ഇന്റർവ്യൂ ചെയ്തത് മറുനാടൻ മലയാളിയാണ്. പിന്നീടാണു മറ്റു ചാനലുകളെല്ലാം വന്നത്. ഇതിനാൽ തന്നെ മറുനാടനോട് എന്റെ നന്ദി അറിയിക്കുകയാണെന്നും കുഞ്ഞിമുഹമ്മദ് പറഞ്ഞു.

പ്രവാസിയായിരുന്ന കുഞ്ഞിമുഹമ്മദ് 21വർഷം മുമ്പാണ് റിയാദിൽവെച്ചു കൊല്ലത്തുകാരൻ നാസറിന്റെ കയ്യിൽനിന്നും 1000 റിയാൽ കടമായി വാങ്ങിച്ചിരുന്നത്. മകളുടെ വിവാഹം നടത്താനായി സാമ്പത്തിക പ്രതിസന്ധിനേരിട്ട സമയത്തായിരുന്നു റിയാദിലെ മൻഫുഹ സൂഖിൽ സൂപ്പർ മാർക്കറ്റും മീൻകടയും നടത്തിയിരുന്ന നാസറിക്ക സഹായിച്ചത്. ഈ പണത്തിനു ഇപ്പോൾ എത്ര പണം അധികം ചോദിച്ചാലും ഞാൻ സന്തോഷത്തോടെ നൽകുമെന്നും അന്നു ആ പണത്തിന് അത്രക്കു മൂല്യമുണ്ടായിരുന്നു തനിക്കെന്നുമാണു പാറോളി കുഞ്ഞിമുഹമ്മദ് മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തുടർന്നു വിവിധ മാധ്യമങ്ങളിൽ അഭിമുഖങ്ങൾ വന്നു. വാർത്ത കണ്ടു റിയാദിൽനിന്നും നാസർ കുഞ്ഞിമുഹമ്മദിനെ ബന്ധപ്പെടുന്നത്. ഗൾഫിലെ സൃഹൃത്തുക്കൾ ഷെയർ ചെയ്്ത വാർത്ത കണ്ടപ്പോഴാണു നാസറും ഇക്കാര്യം അറിയുന്നത്. ഉടനെ ഫോൺ വിളിക്കുകയായിരുന്നു. ഇത്രയും കാലം തന്നെ തേടിനടന്നതിലുള്ള സന്തോഷം നാസർ കുഞ്ഞിമുഹമ്മദിനെ അറിയിച്ചു.

പിന്നീട് കടം ഇരുവരും വീട്ടുകയും ചെയ്തു. എത്ര തുകയാണ് നൽകിയതെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുപറയേണ്ടെന്ന നിലപാടാണു നാസറും കുഞ്ഞിമുഹമ്മദും എടുത്തിട്ടുള്ളത്. എന്തായാലും തന്റെ ബാധ്യത മാറിക്കിട്ടിയ സന്തോഷത്തിലാണു കുഞ്ഞിമുഹമ്മദ്. റിയാദിലുള്ള നാസറിന്റെ നാട്ടിലെ ബന്ധുക്കൾ കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. താൻ പെരുന്നാളിന് നാട്ടിലെത്തുമെന്നും നാട്ടിലെത്തിയാൽ വീട്ടിൽ വരാമെന്നും നാസർ കുഞ്ഞിമുഹമ്മദിനോട് പറയുകയും ചെയ്തു. ബാധ്യത വീട്ടിയെങ്കിലും തനിക്കു താങ്ങായി മാറിയ നാസറിനെ ഒരിക്കൽകൂടി നേരിട്ടുകാണാനുള്ള സന്തോഷത്തിലാണിപ്പോൾ കുഞ്ഞിമുഹമ്മദ്.

നാസർ അന്നു പണം കടം നൽകിയത് മീൻവിറ്റ പണത്തിൽനിന്നാണ്. അന്നു കൈത്താങ്ങായ പ്രവാസലോകത്തെ നന്മ മനുഷ്യനെ തന്റെ കയ്യിൽ പണംവന്നപ്പോൾ പിന്നീട് കാണാൻ സാധിച്ചിരുന്നില്ല. 2002ലായിരുന്നു സംഭവം. മൻഫുഹയിലെ അൽ ഈമാൻ ആശുപത്രിയിലെ ഡ്രൈവറാണ് അന്ന് കുഞ്ഞിമുഹമ്മദ്. മൂത്തമകളുടെ വിവാഹം നിശ്ചയിച്ചപ്പോൾ പണം അത്യാവശ്യമായി വന്നു. നാസറിനോട് കടം ചോദിച്ചു. മീൻ വിറ്റു കിട്ടിയ പണത്തിൽ നിന്ന് 1000 റിയാൽ അപ്പോൾ തന്നെ നൽകി. രണ്ടോ മൂന്നോ മാസമാണ് പിന്നീട് ഇരുവരും അവിടെയുണ്ടായിരുന്നത്. കെട്ടിടങ്ങൾ നഗരസഭാ അധികൃതർ പൊളിച്ചു മാറ്റിയതോടെ രണ്ടു പേർക്കും മൻഫുഹയിൽ നിന്നു മാറേണ്ടി വന്നു.

ആശുപത്രിയുടെ ജിദ്ദ ബ്രാഞ്ചിലേക്കാണ് കുഞ്ഞി മുഹമ്മദ് മാറിയത്. നാസറിനെ പിന്നെ കണാൻ പറ്റിയില്ല. കയ്യിൽ പണം ഒത്തു വന്നപ്പോൾ കടം വീട്ടാനായി പല വഴി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 2018ൽ പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുഞ്ഞിമുഹമ്മദ് നിലവിൽ ഓട്ടോ ഡ്രൈവറാണ്. നാസറിനായി അന്വേഷണം തുടർന്നെങ്കിലും ഫലം കണ്ടിരുന്നില്ല.