ന്യൂഡൽഹി: ഫോൺ നമ്പറുകൾ വിലയ്ക്ക് വാങ്ങി കുട്ടികളെയും മാതാപിതാക്കളെയും എഡ്‌ടെക് ആപ്പായ ബൈജൂസ് ഭീഷണിപ്പെടുത്തുന്നതായി ആരോപണം. തങ്ങളുടെ കോഴ്‌സുകൾ വാങ്ങിയില്ലെങ്കിൽ കുട്ടികളുടെ ഭാവി വെള്ളത്തിലാകുമെന്നാണ് കമ്പനി ഭീഷണിപ്പെടുത്തുന്നതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പറഞ്ഞു.

' ബൈജൂസ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വിലയ്ക്ക് വാങ്ങിയ ശേഷം അവരെ വിടാതെ പിന്തുടരുകയാണ്. നിങ്ങളുടെ ഭാവി നശിച്ചുപോകും എന്നാണ് ഭീഷണിപ്പെടുത്തുന്നത്. അവർ ആദ്യതലമുറ പഠിതാക്കളെയാണ് ലക്ഷ്യമിടുന്നത്. ഞങ്ങൾ അവർക്കെതിരെ നടപടിയെടുക്കും. ആവശ്യമെങ്കിൽ, റിപ്പോർട്ട് തയ്യാറാക്കി, സർക്കാരിന് എഴുതും,' കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂഗോ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.

വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ വിൽക്കുന്നതിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ സിഇഒ ബൈജു രവീന്ദ്രനോട് ഈ മാസം 23 ന് നേരിട്ട് ഹാജരാകാൻ കമ്മീഷൻ കഴിഞ്ഞ വെള്ളിയാഴ്ച നിർദ്ദേശിച്ചിരുന്നു. മാതാപിതാക്കളെ വലയിലാക്കാൻ ബൈജൂസിന്റെ സെയിൽസ് ടീം നിരവധി അന്യായപ്രവർത്തികൾ ചെയ്യുന്നതായി മാധ്യമറിപ്പോർട്ട് വന്നിരുന്നു. ഇതിനെ ആധാരമാക്കിയാണ് കമ്മീഷൻ നടപടി.

ബൈജൂസിന്റെ പല ഉപഭോക്താക്കളും കമ്പനി തങ്ങളെ ചൂഷണം ചെയ്തതായും, കബളിപ്പിച്ചതായും തങ്ങളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയതായും പരാതിപ്പെട്ടതായി ലേഖനത്തിൽ പരാമർശിച്ചിരുന്നു. കോഴ്‌സുകൾക്ക് വായ്പ അധിഷ്ഠിത കരാറുകളിൽ ഏർപ്പെടാൻ ഉപഭോക്താക്കളെ തന്ത്രപരമായി കുടുക്കുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇങ്ങനെ അടയ്ക്കുന്ന തുക ഉപഭോക്താക്കൾ കോഴ്‌സുകൾ നിർത്തിയാൽ തിരികെ നൽകാനും കമ്പനി തയ്യാറായിരുന്നില്ല. സെയിൽസ് ടീമിനെ കുറിച്ച് രക്ഷിതാക്കളിൽ നിന്ന് നിരവധി പരാതികൾ വന്നിട്ടും, ബൈജൂസ് ഒരുനടപടിയും എടുത്തില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

2005ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 13, 14 വകുപ്പുകൾ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അടിസ്ഥാനത്തിലുള്ള കരാറുകളിൽ പങ്കാളികളാക്കുന്നതിനും തുടർന്ന് ചൂഷണം ചെയ്യുന്നതിനുമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുട്ടികളുടെ ക്ഷേമത്തിന് വിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചിട്ടുണ്ട്. ബൈജൂസിനെ ഒരു സാധുവായ എഡ്-ടെക് കമ്പനിയായി അംഗീകരിച്ചതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

കുട്ടികൾക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങൾ, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങൾ, നിലവിൽ ഓരോ കോഴ്സിലും ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം, ബൈജൂസിന്റെ റീഫണ്ട് നയം എന്നിവ സഹിതം നേരിട്ട് ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടു.

നേരത്തെ, ജീവനക്കാരെ പിരിച്ചുവിടുന്നതുമായും ബന്ധപ്പെട്ട് ബൈജൂസ് വിവാദത്തിലായിരുന്നു. ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴിൽ ശേഷിയിൽനിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുൽനാഥും ചീഫ് ഓപറേറ്റിങ് ഓഫീസർ മൃണാൽ മോഹിതും നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടൽ എന്നായിരുന്നു വിശദീകരണം.2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടമെന്നാണ് കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു.

2015 ആഗസ്റ്റിലായിരുന്നു ബൈജുസ് ലേണിങ് ആപ്പ് ആരംഭിച്ചത്. ചുരുങ്ങിയ കാലയളവ് കൊണ്ട് 60 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി വമ്പൻ കുതിച്ചു ചാട്ടമാണ് സ്വദേശത്തും വിദേശത്തുമായി കൈവരിച്ചത്. എന്നാൽ പിന്നാലെ ആപ്പിനെതിരെ നിരവധി പരാതികളും ഉയർന്നു.

വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ കബളിപ്പിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാന പരാതികൾ. പ്രമുഖ വാർത്താ ചാനലായ ബിബിസി തയ്യാറാക്കിയ റിപ്പോർട്ടിലും ബൈജൂസ് ആപ്പിന്റെ തട്ടിപ്പുകൾ പുറത്തുവന്നിരുന്നു.