ന്യൂഡൽഹി: മാതാപിതാക്കളെയും കുട്ടികളെയും കോഴ്‌സുകൾ വാങ്ങാൻ പ്രേരിപ്പിച്ചുകൊണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിൽ എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സമൻസ്. അടുത്ത ആഴ്ച ഹാജരാകാനാണ് നിർദ്ദേശം. ഉപഭോക്തക്കളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും തങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ച് നിരവധി പരാതികൾ ബൈജൂസ് നേരിടുന്നുണ്ട്.

2005ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 13, 14 വകുപ്പുകൾ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അടിസ്ഥാനത്തിലുള്ള കരാറുകളിൽ പങ്കാളികളാക്കുന്നതിനും തുടർന്ന് ചൂഷണം ചെയ്യുന്നതിനുമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുട്ടികളുടെ ക്ഷേമത്തിന് വിരുദ്ധമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിരീക്ഷിച്ചിട്ടുണ്ട്. ബൈജൂസിനെ ഒരു സാധുവായ എഡ്-ടെക് കമ്പനിയായി അംഗീകരിച്ചതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ബൈജൂസിന് വലിയ തിരിച്ചടിയാണ് ഈ കേസ്.

കുട്ടികൾക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്‌സുകളുടെയും വിശദാംശങ്ങൾ, ഈ കോഴ്‌സുകളുടെ ഘടന, ഫീസ് വിശദാംശങ്ങൾ, നിലവിൽ ഓരോ കോഴ്‌സിലും ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം, ബൈജൂസിന്റെ റീഫണ്ട് നയം എന്നിവ സഹിതം നേരിട്ട് ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉപഭോക്തൃ വെബ്സൈറ്റുകളിലും തങ്ങളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കേണ്ടി വന്നതിനാൽ തങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് പരാതികൾ.

അതിനിടെ ബിസിസിഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറാനൊരുങ്ങുകയാണ് ബൈജൂസ്. കരാറിൽ നിന്നും പിന്മാറുന്നതായി ബൈജൂസ് ഔദ്യോഗികമായി അറിയിച്ചുവെന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പിന്മാറ്റമെന്നാണ് വിവരം. 2023 മാർച്ചോടെ കരാറിൽ നിന്നും പിൻവാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്. അടുത്ത വർഷം അവസാനം വരെയാണ് ബൈജൂസും ബിസിസിഐയും തമ്മിലുള്ള കരാർ. എന്നാൽ വ്യവസ്ഥകൾ പാലിച്ച് കരാറിൽ നിന്നും പിന്മാറാമെന്ന് കമ്പനിയെ ബിസിസിഐ അറിയിച്ചിട്ടുണ്ട്.

55 മില്യൺ ഡോളറിന്റേതാണ് കരാർ. ബിസിസിഐയുമായുള്ള കരാർ ഒപ്പോയേക്കാൾ പത്ത് ശതമാനം അധികം തുകയാണ് ബൈജൂസ് നൽകുന്നത്.സാമ്പത്തിക വർഷത്തിൽ വൻ ബാധ്യതയിലായ കമ്പനി ചെലവ് ചുരുക്കലിന്റെ ഭാഗമായി പല നടപടികളും സ്വീകരിച്ചിരുന്നു. നഷ്ടത്തിലായ കമ്പനി 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി നേരത്തേ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ നഷ്ടം 4,588 കോടിയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ചെലവ് ചുരുക്കുമെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു.

കമ്പനിയുടെ പരസ്യത്തിനും പ്രൊമോഷനുമായുള്ള ചെലവ് 899 കോടി രൂപയിൽ നിന്നും 150 ശതമാനം വർധിച്ച് 2,251 കോടി രൂപയായി ഉയർന്നിരുന്നു. ഇതിന് പുറമേ ബൈജൂസിന്റെ ആദ്യ ഗ്ലോബൽ അംബാസിഡറായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുമായും കരാർ ഒപ്പിട്ടു. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യൽ ഇനിഷ്യേറ്റീവ് അംബാസഡറയാണ് മെസ്സിയെ നിയോഗിച്ചത്. ഇതിനിടെയാണ് ബാലാവകാശ കമ്മീഷൻ കേസും വരുന്നത്.