- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതിയിൽ നിന്നും നിറഞ്ഞ ചിരിയോടെ പുരസ്‌കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; സദസ്സിന്റെ ആദരവ്; അഭിമാനം തോന്നുന്നുവെന്ന് അനുരാഗ് ഠാക്കൂർ; സച്ചിയുടെ പുരസ്‌കാരം ഏറ്റുവാങ്ങി സിജിയും; മലയാളത്തിന് അഭിമാനമായി എട്ട് ദേശീയ പുരസ്‌കാരങ്ങൾ
ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് വിതരണം ചെയ്തത്. മലയാളത്തിന് ഇത്തവണ എട്ട് പുരസ്‌കാരങ്ങൾ ആണ് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അപർണ ബാലമുരളിയും മികച്ച നടനുള്ള അവാർഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ സ്വന്തം നഞ്ചിയമ്മ ഏറ്റുവാങ്ങി. നഞ്ചിയമ്മയുടെ പേര് വായിച്ചപ്പോൾ സദസ്സിൽ നിന്ന് കയ്യടികൾ ഉയർന്നു. നിറചിരിയോടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് സദസ്സ് ആദരവ് പ്രകടിപ്പിച്ചു.
നഞ്ചിയമ്മയുടെ പുരസ്‌കാരത്തിൽ അഭിമാനം തോന്നുന്നുവെന്ന് കേന്ദ്രവാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. തന്റെ സ്വാഗത പ്രസംഗത്തിലാണ് മന്ത്രി നഞ്ചിയമ്മയുടെ പേരെടുത്ത് പറഞ്ഞത്.
കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തിൽ നിന്നുള്ള നാടൻപാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. നഞ്ചിയമ്മയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്നും ഏറ്റുവാങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു.
മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സച്ചിയുടെ പുരസ്‌കാരം ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. സച്ചി കൂടെ ഇല്ലാത്തത് മാത്രമാണ് ദുഃഖം എന്നാണ് ഭാര്യ സിജി പ്രതികരിച്ചത്.
അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ഫാൽക്കെ അവാർഡ് ജേതാവ് ആശാ പരേഖ് പറഞ്ഞു. എന്നെ പരിഗണിച്ച എല്ലാവർക്കും നന്ദിയെന്നും ജൂറി അംഗങ്ങളോടും പ്രധാന മന്ത്രിയോടും നന്ദി അറിയിക്കുന്നുവെന്നും ആശാ പരേഖ് പറഞ്ഞു.
പ്രധാന പുരസ്‌കാരങ്ങൾ ഇങ്ങനെ
മികച്ച നടി : അപർണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച നടൻ: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ് ഗൺ(തനാജി )
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടനം : മാഫിയ ശശി
മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ
മികച്ച മലയാള സിനിമ : തിങ്കളാഴ്ച നിശ്ചയം
പ്രത്യേക പരാമർശം: വാങ്ക്
നോൺ ഫീച്ചറിൽ മികച്ച ഛായാഗ്രാഹണം: നിഖിൽ എസ് പ്രവീൺ ('ശബ്ദിക്കുന്ന കലപ്പ')
മികച്ച പുസ്തകം:അനൂപ് രാമകൃഷ്ണൻ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്തകം
മികച്ച വിദ്യാഭ്യാസ ചിത്രം : 'ഡ്രീമിങ് ഓഫ് വേർഡ്‌സ്' (നന്ദൻ).
മികച്ച വിവരണം : ശോഭ തരൂർ ശ്രീനിവാസൻ.
വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ എന്നിവർക്കാണ് ശബ്ദമിശ്രണത്തിനുള്ള (മാലിക്) അവാർഡ് ലഭിച്ചത്. സൂരറൈ പോട്രിനാണ് മികച്ച തിരക്കഥക്കുള്ള അവാർഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കൾ. എസ് തമൻ സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയപ്പോൾ ജി വി പ്രകാശിന് പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും ലഭിച്ചു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ