- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് മില്ലുകൾ അടച്ചിട്ടതു മുതൽ വേതനമില്ല; സ്ഥിര ജീവനക്കാർക്ക് നൽകിയിരുന്ന തുച്ഛ വേതനം ഏഴുമാസമായി ലഭിക്കുന്നില്ല; മില്ലുകളിലെ കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു; കണ്ണൂരിലും കൊച്ചിയിലും അടക്കം പ്രതിസന്ധി; കണ്ണുതുറക്കാതെ നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ
തൃശ്ശൂർ: രാജ്യത്തെ പ്രധാന വ്യവസായകേന്ദ്രമായിരുന്ന നാഷണൽ ടെക്സ്‌റ്റൈൽ കോർപ്പറേഷനു കീഴിലുള്ള മില്ലുകളിലെ തൊഴിലാളികൾക്ക് നരക യാതന. 2020 മാർച്ച് 23-ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് തുടർന്ന് പൂട്ടിയതാണ് സ്ഥാപനങ്ങൾ. മൂന്നുവർഷം പൂർത്തിയാകുമ്പോഴും തുറന്നില്ല. കേരളത്തിലും മാഹിയിലുമായി ആറു മില്ലുകളാണ് എൻ.ടി.സി.ക്ക് കീഴിലായുണ്ടായിരുന്നത്. 45-നും 55-നും ഇടയിൽ പ്രായമുള്ള ഭൂരിപക്ഷം തൊഴിലാളികൾക്കും മറ്റൊരു തൊഴിലും ലഭിക്കാത്ത സ്ഥിതിയാണ്. അങ്ങനെ ദുരിതത്തിലാകുന്നു തൊഴിലാളികളുടെ ജീവിതം. സംയുക്ത തൊഴിലാളിസംഘടനകൾ പലതവണ നിവേദനം നൽകിയിട്ടും കേന്ദ്ര ടെക്സ്‌റ്റൈൽ മന്ത്രാലയം ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് മില്ലുകൾ അടച്ചിട്ടതുമുതൽ വേതനമില്ല. സ്ഥിരജീവനക്കാർക്ക് നൽകിയിരുന്ന തുച്ഛ വേതനം ഏഴുമാസമായി ലഭിക്കുന്നില്ല. മില്ലുകളിലെ കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുകയാണ്. കേന്ദ്രസർക്കാരിനും എൻ.ടി.സി.ക്കും മില്ലുകൾ നടത്തിക്കൊണ്ടുപോകാൻ ആഗ്രഹമില്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുക്കുകയോ വിഷയം ചർച്ചചെയ്യാൻ തയ്യാറാകുകയോ വേണമെന്നാണ് ആവശ്യം. ഇതിനോടും അനുകൂലമായി പ്രതികരിക്കുന്നില്ല.
നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷന് കീഴിലുള്ള കണ്ണൂർ കക്കാടെ സ്പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് മൂന്ന് വർഷമാകുമ്പോൾ അറനൂറോളം തൊഴിലാളികൾ ജീവിക്കാൻ വഴിയില്ലാതെ പ്രതിസന്ധിയിൽ. വിരമിച്ചശേഷം ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യത്തിനായി അലയുന്നവരും ഏറെ. ആധുനിക യന്ത്രസംവിധാനങ്ങളുള്ള രാജ്യത്തെ പ്രധാന മില്ലുകളിലൊന്നാണ് കണ്ണൂർ സ്പിന്നിങ് മിൽ. പോളിസ്റ്ററും കോട്ടണുമായി രണ്ട് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. 607 പേർ ജോലി ചെയ്യുന്നു. ഇതാണ് പൂട്ടിക്കിടക്കുന്ന ഒരു മിൽ.
1957ൽ കരിയാത്ത് ദാമോദരൻ ആരംഭിച്ച മിൽ ദേശസാൽക്കരണത്തിന്റെ ഭാഗമായി 76ൽ കേന്ദ്രസർക്കാരിന്റെ കീഴിലായി. ആദ്യഘട്ടത്തിൽ ലാഭത്തിലായിരുന്നുവെങ്കിലും 1990 കളിൽ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതോടെ തകർച്ചനേരിട്ടു. രാജ്യത്തെ 23 മില്ലുകൾ കോവിഡ് വ്യാപനഘട്ടത്തിൽ അടച്ചുപൂട്ടി. ലോക്ഡൗണിൽ ഇളവ് വന്നിട്ടും തുറന്നില്ല. തുടർന്ന് സംയുക്ത യൂണിയൻ നേതൃത്വത്തിൽ മിൽ ഗേറ്റിനു മുന്നിൽ 117 ദിവസത്തെ സമരത്തിനുശേഷം 2021 ജനുവരി നാലിനാണ് ഭാഗികമായി തുറന്നത്.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവിന്റെ പേരിൽ ജനുവരി അവസാനത്തോടെ ആദ്യ യൂണിറ്റ് ലേ ഓഫ് ചെയ്തു. ഏപ്രിൽ അവസാനത്തോടെ രണ്ടാം യൂണിറ്റും ലേ- ഓഫിലേക്ക് നീങ്ങി. 12 ഏക്കർ സ്ഥലമാണ് സ്പിന്നിങ് മില്ലിനുള്ളത്. ഇവ കുത്തക കമ്പനികൾക്ക് കൈമാറാനുള്ള ശ്രമത്തിലാണ് കേന്ദ്രം. സ്ഥിരം തൊഴിലാളികൾക്ക് ലേ ഓഫ് ഘട്ടത്തിൽ വേതനത്തിന്റെ അമ്പതുശതമാനം തുക നൽകണമെന്നാണ് നിയമം. എന്നാൽ ഇവിടെ 35 ശതമാനമാണ് നൽകിയത്. ആറ് മാസമായി ഇതും ലഭിക്കുന്നില്ല.
കക്കാട്ടെ കേനന്നൂർ സ്പിന്നിങ് ആൻഡ് വീവിങ് മില്ലുൾപ്പെടെ രാജ്യത്തെ 23 സ്പിന്നിങ് മില്ലുകൾ തുറക്കണമെന്നാണ് ആവശ്യം. കോവിഡിന്റെ പേരിൽ 2020 മാർച്ച് 24നാണ് കേന്ദ്രസർക്കാരിന്റെ നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ 23 മില്ലുകൾ അടച്ചുപൂട്ടിയത്. പതിനായിരത്തിൽപരം തൊഴിലാളികളും കുടുംബാംഗങ്ങളും മൂന്ന് വർഷമായി കൊടുംപട്ടിണിയിലാണ്.
കേരളം -5, മാഹി -1, തമിഴ്‌നാട് -7, മഹാരാഷ്ട്ര -5, കർണാടകം -1, വെസ്റ്റ്ബംഗാൾ -1, മധ്യപ്രദേശ് -5, ആന്ധ്ര -1, ഗുജറാത്ത് -1 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലാണ് മില്ലുകൾ അടച്ചത്. കൊല്ലത്തെ പാർവതി മിൽ പത്ത് വർഷത്തിലധികമായി അടച്ചിട്ടിരിക്കുന്നു. തൊഴിലാളികൾക്ക് ശമ്പളംപോലും നിഷേധിച്ച് കഷ്ടപ്പെടുത്തുകയാണ് കേന്ദ്രം. കോവിഡ് കാലത്ത് പൂട്ടിയ 23 ഫാക്ടറി തുറക്കാത്തതിൽ ന്യായീകരണമില്ല. 2020--21ൽ സ്മൃതി ഇറാനിയായിരുന്നു ടെക്‌സ്‌റ്റൈൽസ് മന്ത്രി. പാർലമെന്റിൽ എളമരം കരീം, ടി എൻ പ്രതാപൻ, നടരാജൻ തുടങ്ങിയ പാർലമെന്റ് അംഗങ്ങളുടെ ചോദ്യത്തിന് ആദ്യഘട്ടത്തിൽ തമിഴ്‌നാട് -3, കേരളം -2, മഹാരാഷ്ട്ര -3 എന്നിവിടങ്ങളിലെ എട്ട് മിൽ ആദ്യം തുറക്കുമെന്നും, തുടർന്ന് ഘട്ടംഘട്ടമായി എല്ലാ മില്ലുകളും തുറക്കുമെന്നും പറഞ്ഞത് പാർലമെന്റ് രേഖകളിലുണ്ട്. പാർലമെന്റിലെ പ്രഖ്യാപനം സർക്കാർ നിലപാടായി എടുക്കാൻ കഴിയില്ലെന്നാണ് നിലവിലെ മന്ത്രി പീയുഷ് ഗോയൽ പറയുന്നത്.
രാജ്യത്ത് എൻടിസിക്ക് കീഴിൽ 14,000 തൊഴിലാളികൾ ജോലിചെയ്തിരുന്നു. അവരുടെ കുടുംബങ്ങൾ മൂന്ന് വർഷമായി കാത്തിരിപ്പ് തുടരുകയാണ്. കേരളത്തിൽ കണ്ണൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ്, അളഗപ്പ ടെക്‌സ്‌റ്റൈൽസ്, തൃശൂർ കേരള ലക്ഷ്മി മിൽസ്, തിരുവനന്തപുരം വിജയമോഹിനി മിൽസ്, മാഹി സ്പിന്നിങ് മിൽ എന്നിവയാണ് പൂട്ടിയത്. തൊഴിലാളികളെ പറഞ്ഞയക്കാനുള്ള പാക്കേജ് കേന്ദ്രം തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രതിസന്ധി അഭിമുഖീകരിക്കുന്ന സ്വകാര്യമില്ലുകൾ 1968ൽ കേന്ദ്രം ഏറ്റെടുത്താണ് എൻടിസി സ്ഥാപിച്ചത്.
കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നാടായ മഹാരാഷ്ട്രയിൽ സർക്കാരിന് ഭൂമി വിറ്റ വകയിൽ 2017 മുതൽ 1400 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഈ തുക കിട്ടിയാൽത്തന്നെ മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കാം. അയ്യായിരം ഏക്കർ ഭൂമിയോളം വിവിധ സംസ്ഥാനങ്ങളിലായി എൻടിസിക്കുണ്ട്. ഇത്രയും സ്വത്ത് കൈവശമുള്ളപ്പോൾ ഫാക്ടറികൾ ഉപേക്ഷിക്കാനുള്ള കേന്ദ്രനീക്കം ആപൽക്കരവും ദുരുദ്ദേശ്യപരവുമാണെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ