- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വർഷം മുമ്പ് നടന്ന വിവാഹ രജിസ്ട്രേഷനിലെ സർട്ടിഫിക്കറ്റിന്റെ ആധികാരികത ബോധ്യപ്പെട്ടു; താരദമ്പതികളും യുവതിയും മാർഗനിർദേശമെല്ലാം പാലിച്ചു; നയൻതാരയും ഭർത്താവും വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടില്ല; വിവാദങ്ങൾക്ക് അന്ത്യം കുറിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്
ചെന്നൈ: താരദമ്പതികളായ നയൻതാരയും വിഗ്‌നേഷ് ശിവനും വാടക ഗർഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് ആരോഗ്യവകുപ്പ്. വാടകഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ടു. വാടക ഗർഭധാരണത്തെക്കുറിച്ചുള്ള വിവാദങ്ങൾക്ക് അന്ത്യം കുറിക്കുന്ന റിപ്പോർട്ടാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. 2016 മാർച്ചിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാടക ഗർഭധാരണത്തിനുള്ള കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഇരുവരും ഈ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഐ.സി.എം.ആർ നിർദേശപ്രകാരമുള്ള മാർഗനിർദേശമെല്ലാം പാലിച്ചുകൊണ്ടാണ് വാടക ഗർഭധാരണം നടത്തിയതെന്നും ആരോഗ്യവകുപ്പ് പറയുന്നു. വാടക ഗർഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിർദേശങ്ങൾ എല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
ആറ് വർഷങ്ങൾക്ക് മുന്നേ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും ഇരുവരും തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിരുന്നു. 2021 നവംബറിലാണ് വിഗ്‌നേഷ് ശിവനും നയൻതാരയും വാടക ഗർഭധാരണത്തിനായി യുവതിയുമായി കരാറിൽ ഒപ്പിട്ടത്. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ചികിത്സ. വാടക ഗർഭധാരണം നടന്നത് നയൻതാരയുടെ ദുബായിലെ ബന്ധു വഴിയാണെന്നും ദമ്പതികൾ വ്യക്തമാക്കിയിരുന്നു.
അടുത്തിടെയാണ് ഇരട്ടകുട്ടികളുടെ മാതാപിതാക്കളായെന്ന വിവരം വിഘ്നേഷും നയൻതാരയും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ സൈബർ ഇടം വലിയ ചർച്ചകൾക്ക് വേദിയായി. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ഉണ്ടായതെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ സംഭവത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി.
പിന്നാലെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാടകഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോ എന്നതിൽ അന്വേഷണം ആരംഭിച്ചത്.2022 ജനുവരിയിലാണ് വാടകഗർഭധാരണ നിയമത്തിൽ ഭേദഗതി നിലവിൽ വന്നത്. ഈ നിയമഭേദഗതി പ്രകാരം പരോപകാര ആവശ്യങ്ങൾക്കോ അല്ലെങ്കിൽ തെളിയിക്കപ്പെട്ട വന്ധ്യതയോ രോഗമോ അനുഭവിക്കുന്ന ദമ്പതികൾക്കോ മാത്രമേ സറോഗസി അനുവദനീയമാവുകയുള്ളു.
വിൽപ്പന, വേശ്യാവൃത്തി അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വാടക ഗർഭധാരണം നിരോധിച്ചിരിക്കുന്നതായും നിയമഭേദഗതിയിൽ പറയുന്നു. മാത്രമല്ല, കുട്ടി ജനിച്ചുകഴിഞ്ഞാൽ, ആ കുട്ടിയുടെ പൂർണ അവകാശം ആ ദമ്പതികൾക്ക് മാത്രമായിരിക്കും.നിയമ പ്രകാരം വാടക ഗർഭധാരണത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിന് ദമ്പതികൾ യോഗ്യത സർട്ടിഫിക്കറ്റ് വാങ്ങണം.
അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷൻ) ആക്ട്, 2021-ൽ പ്രാബല്യത്തിൽ വന്ന സറോഗസി (റെഗുലേഷൻ) ആക്ട് എന്നിവ പ്രകാരം, ദമ്പതികൾ വിവാഹിതരായി അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ വാടക ഗർഭധാരണത്തിന് അർഹതയുള്ളൂ.
ഭാര്യക്ക് 25-50 വയസിനും ഭർത്താവിന് 26-55 വയസിനും ഇടയിലാണെങ്കിൽ മാത്രമേ യോഗ്യരായി കണക്കാക്കുകയുള്ളു. ദമ്പതികൾക്ക് പിറന്നതോ ദത്തെടുത്തതോ ആയ കുട്ടി ഉണ്ടാകരുത്. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള ഒരു കുട്ടി, അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന അസുഖമോ ഉള്ള ഒരു കുട്ടിയുള്ള ദമ്പതികളെ മേൽപ്പറഞ്ഞ മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായ നയൻതാരയും വിഘ്‌നേഷും വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു തമിഴ്‌നാട് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒക്ടോബർ 9നാണ് നയൻതാരയും വിഘ്നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലഗത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ''നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,'' വിഘ്‌നേഷ് കുറിച്ചതിങ്ങനെ.
മറുനാടന് മലയാളി ബ്യൂറോ