- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു; ലാൻഡു ചെയ്യേണ്ട വിമാനങ്ങൾ തിരുവനന്തപുരത്തേക്കും കോയമ്പത്തൂരിലേക്കുമായി വഴിതിരിച്ചു വിട്ടു; സർവീസുകൾ രണ്ട് മണിക്കൂർ തടസപ്പെടും; അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ കൈയ്ക്ക് പൊട്ടൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റു ഗാർഡിന്റെ ഹെലികോപ്ടർ അപകടത്തിൽ പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ മുടങ്ങി. കോസ്റ്റ് ഗാർഡ് പരിശീലന പറക്കലിനു തയ്യാറെടുക്കുന്നതിനിടെ ഹെലികോപ്റ്റർ തെന്നിമാറിയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിൽ അറൈവലിന് എതിർവശത്തായാണ് കോസ്റ്റ്ഗാർഡിന്റെ ഓപ്പറേഷൻ. ഇവിടെ നിന്നും പറന്നുയവരവേയാണ് ഹെലികോപ്ടർ അപകടത്തിൽ പെട്ടത്.
ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. സംഭവസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരുക്കേറ്റതായാണ് വിവരം. അതേസമയം, ഹെലികോപ്റ്റർ തകർന്നു വീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റൺവേയുടെ വശങ്ങളിൽ ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഹെലികോപ്റ്റർ റൺവേയിൽനിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.
അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേ താൽക്കാലികമായി അടച്ചു. ഇനി അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ഇവിടെനിന്നു മാറ്റി സുരക്ഷാ പരിശോധനയും പൂർത്തിയായ ശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കൂ. രണ്ടു മണിക്കൂർ നേരത്തേക്ക് വിമാന സർവീസുകൾ തടസപ്പെടുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിവരം.
നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ടിയിരുന്ന ഒമാൻ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. മറ്റൊരു വിമാനവും ഇവിടേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്. മറ്റു വിമാനങ്ങൾ കോയമ്പത്തൂരിലേക്കും മറ്റുമായാണ് തിരിച്ചു വിട്ടിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇത്തരം ഒരു അപകടം ഉണ്ടാകുന്നത് ഇത് ആദ്യമായാണ്.
മറുനാടന് മലയാളി ബ്യൂറോ