- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലരാജാവായി മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ; നെഹ്റു ട്രോഫിയിൽ മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്; രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്; പുന്നമടക്കായലിലെ ജലമേളയെ ആവേശത്തോടെ വരവേറ്റ് ആരാധകർ
ആലപ്പുഴ: പുന്നമടക്കായലിനെ ആവേശത്തിമിർപ്പിലാക്കിയ 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ കലാശപ്പോരിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജേതാക്കൾ. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ നേടി. ഹീറ്റ്‌സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.
4.30.77. മിനിറ്റിലാണ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ഫിനിഷിങ് പോയിന്റ് മറികടന്നത്. പള്ളാത്തുരുത്തിയുടെ ഹാട്രിക് ജയമാണിത്. സന്തോഷ് ചാക്കോയാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ ക്യാപ്റ്റൻ. രണ്ടാം സ്ഥാനം കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്. 4.31.57 മിനിറ്റിലാണ് ഇവർ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്.
20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്‌മിറൽ ഡി.കെ. ജോഷി മുഖ്യാഥിതിയായിരുന്നു.
ആയിരക്കണക്കിന് പേരാണ് വള്ളംകളി കാണാനായി എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് ജനം എറ്റെടുത്തത്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയർമാനുമായ വി.ആർ.കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.
ആലപ്പുഴ പുന്നമട കായൽ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറി. രണ്ടു വർഷത്തിനു ശേഷം എത്തിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരശേഷം വനിതകളുടെ മത്സരമാണ് നടന്നത്. 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്.
വള്ളംകളി കാണാനെത്തുന്നവർക്കായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയായിരുന്നു ഇപ്രാവശ്യത്തെയും സംഘാടനം. വള്ളംകളി കാണാനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് അടുത്തെങ്ങും ശുചിമുറി സൗകര്യം ഒരുക്കിയില്ല. കുട്ടികളുമായി എത്തിയവരാണു കൂടുതലും ദുരിതത്തിലായത്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ നെഹ്റു ട്രോഫിയിൽ ജനപങ്കാളിത്തം ഏറിയെങ്കിലും വിദേശികൾ കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടി. ഓൺലൈൻ ടിക്കറ്റ് റെക്കോർഡ് വിൽപനയായിരുന്നു ഇത്തവണ. 10 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ടിക്കറ്റാണ് വിറ്റത്.
മറുനാടന് മലയാളി ബ്യൂറോ