- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷം വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; വൻശബ്ദത്തോടെ നിലംപതിച്ചു; ആകാശത്തുവച്ചുതന്നെ വിമാനത്തിനു തീപിടിച്ചെന്ന് സൂചന; വിമാനം അഗ്‌നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു; നേപ്പാളിൽ രണ്ട് പതിറ്റാണ്ടിനിടെ അപകടത്തിൽ പെട്ടത് പത്തിലേറെ വിമാനങ്ങൾ
കാഠ്മണ്ഡു: നേപ്പാളിൽ യാത്രാ വിമാനം തകർന്നു വീണത് സാങ്കേതിക തകരാറു മൂലമെന്ന് പ്രാഥമിക വിവരം. കാലാവസ്ഥ പ്രതികൂലമായിരുന്നില്ല. വിമാനത്തിന് ആകാശത്തുവച്ചുതന്നെ തീപിടിച്ചതായി വിവരം ലഭിച്ചതായാണ് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നത്.
ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ72 വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് ദുരന്തമുണ്ടായതെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറഞ്ഞു.
ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പായിട്ടില്ല. കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം ഇരുപതു മിനിട്ടിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.
Moments of crash captured by Local.#Nepalplanecrash pic.twitter.com/HcV65XsxZq
- JyotirmoyK (@JyotirmoyKarmok) January 15, 2023
നിലത്തുവീണതിന് പിന്നാലെ വിമാനത്തെ അഗ്‌നിവിഴുങ്ങി. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെയും നിലംപതിക്കുന്നതിന്റെയും അഗ്‌നിഗോളമായി മാറുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് നിയന്ത്രണം നഷ്ടമായതിന്റെയും വൻശബ്ദത്തോടെ നിലംപതിക്കുന്നതിന്റെ വീഡിയോയും പലരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിമാനം നിലംപതിച്ചതിന് പിന്നാലെ ആളുകൾ അവിടേക്ക് എത്തിച്ചേർന്നിരുന്നു. വിമാനത്തിന് തീപിടിച്ചതിന്റെയും പുക ഉയരുന്നതിന്റെയും ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതും കാണാം.
രക്ഷാപ്രവർത്തകർ വിമാനത്തിലെ തീയണയ്ക്കുന്നതിനുള്ള ശ്രമം നടത്തുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയും പങ്കുവെച്ചിട്ടുണ്ട്. യതി എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 68 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
????#BREAKING: Passenger Jet With At Least 70 People On Board Crashes
- R A W S G L ???? B A L (@RawsGlobal) January 15, 2023
⁰???? #Nepal | #Asia
Yeti Airlines flight from Kathmandu crashes in Pokhara, Nepal, with 72 people onboard with at least 70 people are dead pic.twitter.com/tbEM3zW9DR
പൊഖാറ വിമാനത്താവളത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് റൺവേ നിർമ്മിച്ചിരിക്കുന്നത്. ആദ്യം പൈലറ്റ് കിഴക്ക് ദിശയിൽ ലാൻഡിങ് ആവശ്യപ്പെടുകയും അനുമതി നൽകുകയും ചെയ്തു. പിന്നീട് പടിഞ്ഞാറൻ ദിശയിൽ ഇറങ്ങാൻ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നൽകി. എന്നാൽ ലാൻഡിങ്ങിന് പത്തു സെക്കൻഡ് മുൻപ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ പറയുന്നു.
പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ, സേതി നദിക്കു സമീപമുള്ള മലയിടുക്കിലേക്കാണ് വിമാനം തകർന്നുവീണത്. കെ.സി.കമൽ, അഞ്ജു ഖതിവാഡ എന്നീ മുതിർന്ന പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഈ മാസം ഒന്നിനാണ് പൊഖാറയിലെ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നത്. ചൈനയുടെ സഹായത്തോടെയാണ് വിമാനത്താവളം നിർമ്മിച്ചത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ വിമാനത്താവളം തൽക്കാലം അടച്ചിട്ടിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു നവജാത ശിശുക്കളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഇതു കൂടാതെ നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഇന്ത്യക്കാരുടെ തൽസ്ഥിതി സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ആകെ 15 വിദേശികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. നാല് റഷ്യക്കാർ രണ്ട് ദക്ഷിണ കൊറിയക്കാർ അയർലൻഡ്, ഓസ്‌ട്രേലിയ, ഫ്രാൻസ്, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ യാത്രക്കാർ വീതം പതിനഞ്ച് വിദേശയാത്രക്കാരുടെ കണക്കാണ് പുറത്തുവന്നിട്ടുള്ളത്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ആഭ്യന്തര മന്ത്രി റാബി ലാമിച്ചനെയും കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു
#Nepal #FlightCrash #Yeti Airlines flight has crashed in between #Kathmandu and #Pokhara in #Nepal.
- Sumit Chaudhary (@SumitDefence) January 15, 2023
68 passengers& 4 crew members… total 72 person onboard. pic.twitter.com/Jwx5C0xEN0
വ്യോമഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാത്തതിന് നിരന്തരം വിമർശനം കേൾക്കുന്ന രാജ്യമാണ് നേപ്പാൾ. ഇതിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ നേപ്പാളി വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകപോലും ചെയ്തിരുന്നു. 2000-ന് ശേഷം ഇതുവരേയായി നേപ്പാളിൽ പത്തിലേറെ വിമാനാപകടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 200-ലേറെ പേർ ഈ വിമാനാപകടങ്ങളിൽ മരിച്ചതായാണ് വിവരം.
പൊഖാറയിൽനിന്ന് ജൊംസോമിലേക്ക് പറന്ന താരാ എയർലൈൻസിന്റെ ട്വിൻ ഓട്ടർ വിമാനം മുസ്താങ് ജില്ലയിലെ മലനിരകൾക്കിടയിൽ തകർന്നുവീണത് 2022 മേയിൽ ആയിരുന്നു. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മുഴുവൻ പേരും മരിച്ചിരുന്നു. പൊഖാറയിൽനിന്ന് ജൊംസോമിലേക്ക് പറന്ന താരാ എയറിന്റെ ട്വിൻ ഓട്ടർ വിമാനം മുസ്താങ് ജില്ലയിലെ മലനിരകൾക്കിടയിൽ തകർന്നുവീഴുകയായിരുന്നു. കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് വിവരം.
മെയ് 29 ഞായറാഴ്ച രാവിലെ 9.55-ന് പൊഖാറയിൽനിന്ന് യാത്രതിരിച്ച വിമാനത്തിന് 15 മിനിറ്റിനുശേഷം വ്യോമഗതാഗത നിയന്ത്രണകേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 20 മണിക്കൂറിനുശേഷമാണ് വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്താനായത്. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്റർ മുകളിലായിരുന്നു ഇത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
ഹിമാലയത്തിൽ ട്രക്കിങ്ങിന് പേരുകേട്ട സ്ഥലമാണ് ജൊംസോം. പൊഖാറയിൽനിന്ന് 20 മിനിറ്റ് യാത്രചെയ്താൽ ജോസോമിലെത്താം. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. മുംബൈയിലെ താനെയിൽ നിന്നുള്ള അശോക് കുമാർ ത്രിപാഠി, വൈഭവി ഭണ്ഡേക്കർ, ഇവരുടെ മക്കളായ ധനുഷ്, റിതിക എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
2019 ഫെബ്രുവരിയിലായിരുന്നു മറ്റൊരു അപകടം. നേപ്പാൾ ടൂറിസം മന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററായിരുന്നു അന്ന് തകർന്നത്. അപകടത്തിൽ മന്ത്രിയുൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. നേപ്പാളിലെ തെഹ്റാതും ജില്ലയിൽ വച്ചാണ് ഹെലികോപ്റ്റർ തകർന്നതെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റു ആറുപേരുമാണ് കൊല്ലപ്പെട്ടതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി അന്ന് സ്ഥിരീകരിച്ചിരുന്നു.
2018 മാർച്ചിലായിരുന്നു കാഠ്മണ്ഡുവിൽ 67 യാത്രക്കാരും നാല് ജീവനക്കാരുമായി വന്ന ബംഗ്ലാദേശിൽ നിന്നുള്ള Bombardier Q400 എന്ന വിമാനം റൺവേയിൽ തകർന്നു വീണത്. ഇതിൽ 51 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലായിരുന്നു അപകടം. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
2016 ഫെബ്രുവരിയിൽ താരാ എയർലൈൻസ് വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. പൊഖ്‌റയിൽ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഈ വിമാനം ധാന ഗ്രാമത്തിൽ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 23 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ആരുടേയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വെള്ളിനക്ഷത്രം എന്ന വിനയൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം. 2012 മെയ് 14ന് നേപ്പാളിലുണ്ടായ വിമാനപകടത്തിലായിരുന്നു തരുണിയുടെ ജീവൻ നഷ്ടമാകുന്നത്.
മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
2011 സെപ്റ്റംബർ 25-നായിരുന്നു നേപ്പാളിലെ ലളിത്പുരിൽ വെച്ച് 19 യാത്രക്കാരുമായി പോയ വിമാനം അപകടത്തിൽപെടുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് കാഠ്മണ്ഡുവിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ സഞ്ചാരികളായ 10 ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
ഡിസംബർ 2011-ലായിരുന്നു മറ്റൊരു അപകടം. ലംബിദാൻദയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പറന്നുയർന്ന താരാ എയർക്രാഫ്റ്റുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഇത് തകർന്ന നിലയിൽ കണ്ടെത്തി. അന്ന് യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്ന 22 പേരുംകൊല്ലപ്പെട്ടു.
മാർച്ച് 2008-ലായിരുന്നു നേപ്പാളിൽ യു.എൻ. ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത്. മാവോയിസ്റ്റ് സൈനിക ക്യാമ്പിൽ നിന്ന് തിരികെ പോയ യു.എൻ. ഹെലികോപ്റ്റർ കിഴക്കൻ നേപ്പാളിൽ വെച്ച് തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്
സെപ്റ്റംബർ 2006ലായിരുന്നു WWF പ്രതിനിധികൾ സഞ്ചരിച്ച വിമാനം നേപ്പാളിൽ അപകടത്തിൽപെടുന്നത്. നേപ്പാളിൽ WWF പരിപാടിയുമായി ബന്ധപ്പെട്ട് എത്തി 24 പ്രതിനിധികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. നേപ്പാളിലെ തപ്ലെജുങ് പ്രദേശത്ത് വെച്ച് ഉച്ചയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്.
ഇതേവർഷം തന്നെ ഉണ്ടായ യേതി ട്വിൻ ഓട്ടർ വിമാനപകടത്തിൽ 9 പേരാണ് കൊല്ലപ്പെട്ടത്. ജുംല വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടമുണ്ടായത്.
2000ൽ 25 പേരുടെ മരണത്തിനിടയാക്കിയ റോയൽ നേപ്പാൾ വിമാനാപകടം. 25 പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു വിമാനാപകടം 2000-ൽ നേപ്പാളിൽ ഉണ്ടായി. റോയൽ നേപ്പാൾ എയർലൈൻസിനെ വിമാനം ദാദെൽദുറയിൽ വച്ചായിരുന്നു തകർന്നു വീണത്.
മറുനാടന് മലയാളി ബ്യൂറോ