ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിൽ മറ്റൊരു അവിസ്മൃത ദിവസമായി മെയ് ആറു പിറന്നപ്പോഴും പ്രകൃതിക്ക് അതത്ര അവിസ്മരണീയമായി തോന്നിയില്ലേ എന്ന് ബ്രിട്ടീഷുകാരെക്കൊണ്ട് മാത്രമല്ല ലോകമെങ്ങും സംശയത്തിലായ ദിവസമാണ് ഇന്നലെ കടന്നു പോയത്. കാരണം ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണ ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപേ പകൽ മഴയായി കരഞ്ഞു തുടങ്ങിയിരുന്നു. പ്രധാന ചടങ്ങുകൾ നടക്കുന്ന ലണ്ടനിൽ മാത്രമല്ല ബ്രിട്ടനിൽ പരക്കെ മഴ തോരാതെ പെയ്തുകൊണ്ടിരുന്നു. അതോടെ സ്ട്രീറ്റ് പാർട്ടികളും വില്ലേജ് കാർണിവലും ഒക്കെ ആളുകൾ എത്തിനോക്കാതെ അനാഥമായി നനഞ്ഞു കുതിർന്നു കാഴ്ചയുടെ നിറമില്ലാത്ത പ്രതിബിംബങ്ങളായി മാറി.

മാസങ്ങൾക്ക് മുൻപ് കാലാവസ്ഥ പോലും ഗവേഷണമാക്കി നിശ്ചയിക്കപ്പെട്ട, ലോകമെങ്ങും നിന്നും അതിഥികളെ വിളിച്ചു വരുത്തിയ ഒരു ചടങ്ങ് ഇത്തരത്തിൽ മാറ്റപ്പെടണമെങ്കിൽ അത് പ്രകൃതി ശക്തിക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞുവെന്നാണ് ഇന്നലെ ചുരുങ്ങിയ പക്ഷം ഡയാന ആരാധകർ എങ്കിലും കരുതിയത്. അതിൽ അവരെ കുറ്റപ്പെടുത്താൻ ആകില്ലെന്ന് പറയാൻ ചരിത്രത്തിൽ ഒളിച്ചു വായിക്കപ്പെട്ട അനേകം സാന്ദർഭിക മുഹൂർത്തങ്ങൾ കൂടി ഇഴചേർന്നാണ് ഇന്നലെ ചാൾസ് മൂന്നാമന്റെ കിരീടം അദ്ദേഹത്തിന്റെ ശിരസിൽ എത്തിയത്.

''ഇത് ഡയാനയുടെ കണ്ണീർ അല്ലെങ്കിൽ മറ്റെന്താണ്? ''

മരിച്ചു രണ്ടര പതിറ്റാണ്ടായിട്ടും ബ്രിട്ടീഷ് കൊട്ടാരത്തിലെ രാജകുമാരി എന്ന പദവിയിൽ നിന്നും ജനങ്ങളിലേക്ക് ഇറങ്ങാൻ തയ്യാറായ പുതുരക്തം എന്ന നിലയിൽ ഇന്നും ഡയാന പതിനായിരങ്ങളുടെ മനസ്സിൽ ജീവിക്കുകയാണ്. അവർ ജീവിച്ചിരുന്നപ്പോൾ പ്രഖ്യാപിത ശത്രു ആയി കാണപ്പെട്ട കാമില വിധിയുടെ കൈകളിൽ പിടിച്ചു ചാൾസിനൊപ്പം രാജ്ഞി എന്ന പദവിയിലേക്ക് ഉയർന്ന ദിവസം ഡയാനയുടെ ആത്മാവ് കരയാതിരിക്കുന്നതെങ്ങനെ എന്നാണ് ആരാധകർ കൂട്ടമായി ചോദിക്കുന്നത്. എങ്കിൽ ആ കണ്ണീർ മഴയായി പെയ്തതെന്നു കണക്കാക്കിയാൽ മതി എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടവർ ഏറെയാണ്. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തരായവർ പോലും ഉണ്ടെന്നതാണ് സത്യം.

പ്രധാന ചടങ്ങുകൾ ആരംഭിച്ചപ്പോഴേക്കും മഴ കനം വച്ച് തുടങ്ങിയതും അനേകരെ ലണ്ടനിലേക്ക് പുറപ്പെടുന്നതിൽ തടഞ്ഞു എന്നാണ് തിരക്ക് കുറഞ്ഞു കാണപ്പെട്ട പ്രധാന നിരത്തുകൾ തെളിയിച്ചത്. വെസ്റ്റ് മിനിസ്റ്റർ ആബെയിലെ ചടങ്ങുകൾ കഴിഞ്ഞു ചാൾസ് രാജാവും കാമില രാജ്ഞിയും സുവർണ്ണാങ്കിത തേരിൽ ബക്കിങ്ങാം കൊട്ടാരത്തിലേക്ക് യാത്ര ചെയ്ത സമയം സോഷ്യൽ മീഡിയയിൽ നിറഞ്ഞതു ഡയാനയെക്കുറിച്ചുള്ള ഓർമ്മകളാണ്. ഇതോടെ ലൈവ് സംപ്രേഷണം നടത്തിയ മാധ്യമങ്ങളും മഴയുടെ വരവിൽ ശ്രദ്ധ നൽകി. പ്രധാനമായും ട്വിറ്റർ ഹാൻഡിലുകളിൽ ഡയാന വിശേഷങ്ങൾ അടിക്കടി എത്തിക്കൊണ്ടിരുന്നു. പതിനായിരങ്ങളാണ് ഡയാനയെയും മഴയെയും ചേർത്ത് ആകസ്മികത ആഘോഷമാക്കിയത്.

നനഞ്ഞു കുതിർന്ന ബ്രിട്ടീഷ് പതാക സൂചിപ്പിച്ചത് ഡയാനയുടെ തകർന്നു പോയ ജീവിതം കൂടിയാണ്

വെയിലടിച്ചു കാറ്റിൽ പാറിപ്പറക്കേണ്ട യൂണിയൻ ജാക് എന്ന പതാക നനഞു കുതിർന്നു കിടക്കുന്ന കാഴ്‌ച്ചയിൽ ഡയാന അനുഭവിച്ച വേദന നിറഞ്ഞ ജീവിതമാണ് പ്രതീകമാകുന്നത് എന്ന് പ്രതികരിച്ചവരെ ഏറെയാണ്. എന്റെ രാജ്ഞി ഡയാന തന്നെയാണ് എന്ന് കുറിച്ചിട്ടവരും ഏറെയാണ്. ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറായ ചാൾസിന് മാത്രമല്ല കൊട്ടാരത്തിനും ബ്രിട്ടനും ഒക്കെ നഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ, ഡയാനയുടെ ജീവിതവും മരണവും ഒക്കെ വിവാഹം എന്ന സങ്കൽപത്തിൽ തന്നെ എന്നും ഓർമ്മിപ്പിക്കപ്പെടേണ്ട നിരവധി യാഥാർഥ്യങ്ങൾ ഇഴ ചേർന്ന് കിടക്കുകയാണെന്നും വിശകലനം നടന്ന ദിവസം കൂടിയായി ഇന്നലെ. താൻ ഒരിക്കലും രാജ്ഞി ആയി മാറാൻ ഇഷ്ടപ്പെടുന്നില്ല എന്ന ഡയാനയുടെ അഭിമുഖത്തിൽ നിന്നുള്ള വിഡിയോ ക്ലിപ്പുകളും അവരോടുള്ള ആദര സൂചകമായി അനേകം പേര് പങ്കിടുകയും ചെയ്തു.

മഴയുടെ വരവ് ആഘോഷമാക്കാൻ അനേകായിരങ്ങൾ ഇതിനിടയിൽ നന്നായി ചിരിക്കുന്ന ഡയാനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കുകയം ചെയ്തു. ഈ ദിവസം ഇങ്ങനെ ആയതിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ചിന്തിക്കാൻ സമയം കിട്ടിയാൽ ചാൾസ് രാജാവ് തന്റെ ആദ്യ ഭാര്യയുടെ മനസ് കണ്ടെത്താൻ കൂടി ശ്രമിക്കട്ടെ എന്ന നിശിത വിമർശം എഴുതിയവരും ഏറെയാണ്. കൊട്ടാരത്തിലേക്ക് മടങ്ങിയ പരേഡ് മഴയിൽ നനഞ്ഞു കുതിർന്നപ്പോൾ വിഷമിച്ചവരെക്കാൾ കൂടുതൽ സന്തോഷിച്ചവരും ഉണ്ടെന്നു സോഷ്യൽ മീഡിയ വെളിപ്പെടുത്തുകയും ചെയ്തു.

കൊട്ടാര വിരോധികളായ ചിലർ ചിരിക്കുന്ന മെഗാനെ കൂടി ഈ അവസരത്തിൽ സോഷ്യൽ മീഡിയ ചർച്ചകളിൽ പങ്കാളിയാക്കി. ഡയാനയോട് കൊട്ടാരം ചെയ്തത് മറന്നു എങ്ങനെ ഈ ദിവസം തള്ളി നീക്കും എന്നും അനേകർക്ക് ഇന്നലെ ചോദിക്കാനുണ്ടായി. ഒരർത്ഥത്തിൽ ഇന്ന് ഹാരിയും മേഗനും ചെയ്തതിന്റെ നിഴലുകൾ തന്നെയാണ് ഡയാനയിലും കാണാനാകുന്നത്. കൊട്ടാരം കളികളിൽ താൽപര്യമില്ലാതെ, ആ ചൂതാട്ട പലകയിൽ നിന്നും സ്വയം മറികടക്കുകയാണ് ലക്ഷ്യമെന്നും ഡയാന പലവട്ടം അഭിമുഖങ്ങളിൽ വ്യക്തമാകുകയും ചെയ്തിരുന്നു.

ചാൾസിന്റെ അതിഥിയായി പാലക്കാടുകാരി ഡെയ്സിയും

ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പാലക്കാട് ചെത്തല്ലൂരിനടുത്ത അത്തിപ്പറ്റമനയിലെ ഡെയ്സി നാരായണനും എത്തി. സ്‌കോട്‌ലൻഡ് ബോർഡ് ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അംഗവും സ്‌കോട്ടിഷ് സർക്കാരിന്റെ ക്ലൈമറ്റ് ചാലഞ്ച് ഫണ്ട് പാനൽ അംഗവുമാണ് ഡെയ്സി. രണ്ടു പതിറ്റാണ്ടോളമായി എഡിൻബറോയിൽ കുടുംബസമേതം താമസിക്കുകയാണ് ഈ പാലക്കാടുകാരി. എഡിൻബറോ സിറ്റി സെന്റർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാം മേധാവി എന്ന നിലയിലാണു ഡെയ്സിക്കു ക്ഷണം ലഭിച്ചത്.

ഡയാനയുടെ പ്രിയപ്പെട്ട കമ്മലും ലോകത്തിന്റെ ശ്രദ്ധയിലെത്തി

ഇന്നലെ നടന്ന ചടങ്ങുകളിൽ പങ്കെടുത്ത ഓരോരുത്തരെയും അവരുടെ ഭാവപ്രകടങ്ങൾ വഴി വിലയിരുത്താനും ലോകം തയ്യാറായി. എന്തോ വലിയ ചിന്തകളിൽ മുഴുകി മുഖത്ത് പ്രസന്ന ഭാവം വരുത്താതെ നിന്ന ചാൾസ് രാജാവ്, കിരീടം കണ്മുന്നിൽ പ്രത്യക്ഷപ്പെടും വരെ കനത്ത സമ്മർദ്ദം സൃഷ്ടിക്കുന്ന മുഖവുമായി ഇരുന്ന കാമില, ആരുടേയും ശ്രദ്ധയിൽ പെടാതെ നിന്ന ആൻഡ്രു രാജകുമാരൻ, ആൻ രാജകുമാരിയുടെ വലിയ തലപ്പാവിൽ മറഞ്ഞു പോയ ഹാരി എന്നിവരൊക്കെ അവരവരുടെ ജീവിതം വഴിയുള്ള കാഴ്ചകളായി സ്വയം മാറിയ ദിവസം കൂടിയായി ഇന്നലെ.

താരതമ്യങ്ങൾ തേടിപ്പോയ നെറ്റ് ലോകം വളരെ കൗതുകമുള്ള ഒരു കാഴ്ചയും ഇന്നലെ തേടിപിടിച്ചെടുത്തു. പ്രിൻസ് കാതറിൻ എന്ന പേരിൽ അറിയപ്പെടുന്ന രാജകുടുംബത്തെ ഫോളോ ചെയുന്ന അമേരിക്കൻ അക്കൗണ്ടിൽ നിന്നുമാണ് ഈ ചിത്രം പുറത്തു വന്നത്. ഡയാനക്ക് ഏറെ പ്രിയപ്പെട്ട സൗത്ത് സീ പേൾ എന്ന കമ്മൽ അണിഞ്ഞു കെയ്റ്റ് ചടങ്ങിൽ എത്തിയതാണ് ആർക്കും ആരുടേയും സാന്നിധ്യവും ഓർമ്മകളും മായ്ച്ചു കളയാനാകുന്നതല്ലെന്ന ഓർമ്മപ്പെടുത്താൽ നടത്താൻ സോഷ്യൽ മീഡിയയെ പ്രേരിപ്പിച്ചത്. ഇത്തരത്തിൽ ക്യാമറ കണ്ണുകളെ തോൽപ്പിക്കും വിധമാണ് ലോക ജനത കിരീട ധാരണത്തിലെ ഓരോ കാഴ്ചയും വിശകലന വിധേയമാക്കിയത്.

കീഴ് വഴക്കം തെറ്റിച്ച് വാളേന്തി പെനി മോർഡന്റ്

ജനസഭയിലെ കൺസർവേറ്റിവ് നേതാവായ പെനി മോർഡന്റ് ലോർഡ് പ്രസിഡന്റ് ഓഫ് ദ് കൗൺസിൽ സ്ഥാനം വഹിക്കുന്നതുകൊണ്ടാണ് ഉടവാളേന്താൻ നിയോഗിക്കപ്പെട്ടത്. നാലു കിലോയോളം ഭാരമുള്ള വാൾ ഉയർത്തിപ്പിടിച്ച് രാജാവിനു മുന്നിലായി നടക്കുന്ന ചുമതല ഭംഗിയായി നിർവഹിച്ചതു കൂടാതെ വസ്ത്രത്തിനു കറുപ്പു നിറം വേണമെന്ന കീഴ്‌വഴക്കം തെറ്റിച്ചും കയ്യടി നേടി.

ആയിരങ്ങൾ ബ്രിട്ടൻ ഉപേക്ഷിച്ച് അവധിക്കാല യാത്രയിൽ

അതിനിടെ ആഘോഷങ്ങൾ ഒരു വഴിക്ക് നടക്കവേ ബ്രിട്ടനിലെ കാലാവസ്ഥ അത്ര യോജിച്ചത് അല്ലെന്നു മനസിലാക്കി അനേകായിരങ്ങളായി സ്‌പെയിൻ അടക്കം ചൂടേറിയ നാടുകളിലേക്ക് വീണു കിട്ടിയ അധിക അവധി ആഘോഷിക്കാൻ പറന്നത്. കിരീട ധാരണം പ്രമാണിച്ചു തിങ്കളാഴ്ച കൂടി അവധി ലഭിച്ചതോടെ വീണു കിട്ടിയ ദിവസങ്ങൾ ആഘോഷമാക്കാം എന്ന് ചിന്തിച്ചവരാണ് സ്വന്തം നാട്ടിലെ ചരിത്ര മുഹൂർത്തം ഉപേക്ഷിച്ചു സ്വന്തം സന്തോഷം തേടി പറന്നത്. കിരീട ധാരണം പ്രമാണിച്ചു വിദേശത്തു നിന്നും അനേകം പേർ ബ്രിട്ടൻ ലക്ഷ്യമാക്കി പറന്നപ്പോൾ ബ്രിട്ടീഷുകാർ അന്യ നാടുകൾ തേടിയെത്തി എന്നതാണ് മാധ്യമങ്ങൾ വാർത്തയാക്കി മാറ്റിയതും. ആംസ്റ്റർഡാം, ഡബ്ലിൻ, ഫ്ലോറിഡ എന്നിവിടങ്ങളിൽ ഒക്കെ പറന്നെത്താൻ ബ്രിട്ടീഷുകാർ തയ്യാറായി എന്നതാണ് ബുക്കിങ് സൈറ്റുകൾ നൽകുന്ന സൂചന.