കണ്ണൂർ: ദേശീയപാത 66-ൽ വരുന്ന പുഴകൾക്കുമീതെ 16 പുതിയ പാലങ്ങൾ ഉയരും. തലപ്പാടി-മുഴപ്പിലങ്ങാട് റീച്ചിൽ 10 പഴയ പാലങ്ങൾ നിലനിർത്തും. അവ ഒരു വശത്തേക്കുള്ള (രണ്ടുവരി) പാതയായി ഉപയോഗിക്കും. ഇതിനരികിൽ നിർമ്മിക്കുന്ന പുതിയ പാലം മൂന്നുവരിപ്പാതയാണ്. കുമ്പള, പുല്ലൂർ, കാര്യങ്കോട്, വളപട്ടണം എന്നീ നാല് പുഴകളിൽ ആറുവരിപ്പാതയുള്ള പാലമാണ് പണിയുന്നത്.

തലപ്പാടി-ചെർക്കള റീച്ചിൽ ഹൊസങ്കടി-പൊസോട്ട്, ബന്തിയോട്, ഉപ്പള, ഷിറിയപ്പുഴ, മൊഗ്രാൽ എന്നിവിടങ്ങളിൽ നിലവിലുള്ള പഴയ പാലം ഒരുവശത്തേക്കുള്ള യാത്രയ്ക്ക് നിലനിർത്തും. മറുവശം മുന്നുവരിപ്പാതയിൽ പുതിയത് നിർമ്മിക്കും. ചെർക്കള-നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ ചന്ദ്രഗിരിപ്പുഴ (തെക്കിൽ), നീലേശ്വരം, വെള്ളൂർ പാൽത്തേര, കുറ്റിക്കോൽ, കുപ്പം എന്നിവിടങ്ങളിൽ നിലവിലുള്ള പാലം നിലനിർത്തും. മറുഭാഗത്തേക്ക് പുതിയ പാലം (മൂന്നുവരി) നിർമ്മിക്കും.

ദേശീയപാത 66-ലെ വലിയ പാലങ്ങളിലൊന്നായ കാര്യങ്കോട് പാലം പൊളിക്കും. അപകടാവസ്ഥയിലാണെന്ന് പരിശോധനയിൽ തെളിഞ്ഞതിനാൽ ഇത് ഉപയോഗിക്കില്ല. നിലവിലുള്ള പാലത്തിന് ഒരുവശത്ത് പുതിയ പാലം നിർമ്മാണം തുടങ്ങി. പണി പൂർത്തിയായാൽ പഴയത് പൊളിച്ച് ഇതിലൂടെ വാഹനങ്ങളെ പ്രവേശിപ്പിക്കും. പഴയതിന്റെ സ്ഥാനത്ത് പുതിയ മൂന്നുവരിപ്പാലം നിർമ്മിക്കും.

സംസ്ഥാനത്തെ വലിയ പാലങ്ങളിലൊന്നായ വളപട്ടണം പാലം പൊളിക്കില്ല. ഇത് കെ.എസ്.ടി.പി. റോഡിനെ കണ്ണൂർ നഗരവുമായി ബന്ധിപ്പിക്കുന്ന ഭാഗമായി മാറും. ദേശീയപാത 66-ൽ വളപട്ടണം പുഴയ്ക്ക് കുറുകെ പുതിയ ആറുവരിപ്പാലം വരും. പയ്യന്നൂർ പെരുമ്പ പാലം പൊളിക്കില്ല. പയ്യന്നൂർ ടൗണിലേക്കുള്ള വഴിയായി ഉപയോഗിക്കും. പെരുമ്പപ്പുഴയ്ക്ക് പുതിയ (ആറുവരി) പാലം വരും. കുമ്പള, പുല്ലൂർ എന്നിവിടങ്ങളിലും പഴയ പാലം ഉപയോഗിക്കില്ല. പുതിയത് നിർമ്മിക്കും.

1. ഹൊസങ്കടി-പൊസോട്ട്, 2. ബന്തിയോട് മംഗൽപ്പാടി, 3. ഉപ്പള, 4. ഷിറിയ, 5.കുമ്പള, 6.മൊഗ്രാൽ, 7.ചന്ദ്രഗിരി (തെക്കിൽ), 8. പുല്ലുർ, 9. നീലേശ്വരം, 10. കാര്യങ്കോട്, 11. വെള്ളൂർ പാൽത്തേര, 12. പയ്യന്നൂർ പെരുമ്പ, 13. കുറ്റിക്കോൽ, 14. കുപ്പം, 15. വളപട്ടണം, 16. കാട്ടാമ്പള്ളി

ദേശീയപാത 66-ൽ രണ്ടിടത്ത് ടോൾപ്ലാസകൾ വരും. പുല്ലൂർ പെരിയയിലും കല്യാശ്ശേരി-പാപ്പിനിശ്ശേരിയിലുമാണ് ഇവ നിർമ്മിക്കുന്നത്. വേഗപാത ഉപയോഗിക്കുന്ന ബൈക്കുൾപ്പെടെയുള്ള വാഹനങ്ങൾ ടോൾ നൽകണം. ഈ പാത ഉപയോഗിക്കാതെ സർവീസ് റോഡിലൂടെ പോകാനും സൗകര്യമുണ്ട്. ഇതിന് ടോൾ നൽകേണ്ട. ഇത്തരം വാഹനങ്ങൾക്ക് പക്ഷേ, വേഗപാതയിൽ കയറാനാകില്ല. ഓരോ ബൂത്തിലും ടോൾ നൽകണോ എന്നതും കിലോമീറ്ററുകൾക്കനുസരിച്ചാണോ നിരക്ക് എന്നതും ദേശീയപാത അഥോറിറ്റി നിശ്ചയിക്കും.