തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ തട്ടിപ്പുകൾ തുടർക്കഥയാകുമ്പോൾ അതിന് തടയിടാൻ ഒരുങ്ങി സർക്കാർ. ഭരണസമിതിയിൽ സർക്കാർ നിയന്ത്രണം ശക്തമാക്കാനാണ് സഹകരണ നിയമം ഭേദഗതി ചെയ്യുന്നത്. സ്ഥിരമായി ഭരണസമിതി അംഗമാകുന്നതിന് വിലക്കുണ്ടാകും. സഹകരണസംഘങ്ങളെക്കുറിച്ചുള്ള പരാതികളിൽ സർക്കാരിന് നേരിട്ട് അന്വേഷണം നടത്താൻ അധികാരം നൽകും. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെ വായ്പവിവരങ്ങൾ പൊതുയോഗം മുമ്പാകെ എല്ലാവർഷവും അവതരിപ്പിക്കണം. സഹകരണ നിയമത്തിൽ സമൂലമാറ്റം നിർദേശിക്കുന്ന ബിൽ ഡിസംബർ അഞ്ചിന് തുടങ്ങുന്ന സഭാസമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കും.

കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നിയമപരിഷ്‌കരണത്തിന് സർക്കാർ തയ്യാറായത്. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് വായ്പത്തട്ടിപ്പ് നടത്തുന്നത് തടയാനുള്ള വ്യവസ്ഥ കൊണ്ടുവന്നത് ഇതുകൊണ്ടാണ്. ഇവരും ഇവരുടെ ബന്ധുക്കളും എടുക്കുന്ന വായ്പകൾ സംഘം പൊതുയോഗത്തിൽ പരസ്യപ്പെടുത്തണം. ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരെയാണ് അടുത്ത ബന്ധുക്കളായി നിർവചിച്ചിട്ടുള്ളത്.

ബില്ലിലെ മറ്റുപ്രധാന വ്യവസ്ഥകൾ ഇങ്ങനെയാണ്: ഒരുവ്യക്തിക്ക് കൊടുക്കാവുന്ന വായ്പയ്ക്ക് രജിസ്ട്രാർ പരിധി നിശ്ചയിക്കാറുണ്ട്. അത് മറികടന്ന് വായ്പ നൽകിയാൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർക്ക് പിഴചുമത്താൻ രജിസ്ട്രാർക്ക് അധികാരം നൽകും. പണയവസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാട്ടി വായ്പ അനുവദിക്കുന്ന രീതിയാണ് കരുവന്നൂരിലടക്കം തട്ടിപ്പിന് ഇടയാക്കിയത്. ഭരണസമിതി അംഗങ്ങളാണ് വസ്തുവിന്റെ മൂല്യനിർണയം നടത്തിയിരുന്നത്. ഇത് പൂർണമായും മാറ്റും.

വസ്തുവകകളുടെ മൂല്യനിർണയത്തിന് സഹകരണസംഘം രജിസ്ട്രാർ അംഗീകരിച്ച പാനലിൽ സ്വതന്ത്ര വ്യക്തികളെ നിയമിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അവർക്ക് മൂല്യനിർണയം നടത്താവുന്ന വായ്പ പരിധി, യോഗ്യത, മുൻപരിചയം എന്നിവയെല്ലാം നിശ്ചയിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരുന്നുണ്ട്.

അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയാൽ അന്വേഷണം കഴിയുംവരെ ഉടനടി ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാൻ രജിസ്ട്രാർക്ക് അധികാരം നൽകും. അതേസമയം, ക്രമക്കേട് നടത്തിയ ഭരണസമിതി അംഗത്തിന് അടുത്ത രണ്ടുടേം മത്സരിക്കുന്നതിന് നിലവിലെ നിയമത്തിൽ വിലക്കുണ്ട്. ഇത് ഒരുടേം എന്നാക്കി കുറയ്ക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ.

സഹകരണ സംഘങ്ങളുടെ ഭരണസമിതിയിൽ ഒരാൾതന്നെ സ്ഥിരമായി അംഗമാകുന്നത് തടയാൻ ടേം വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. രണ്ടുതവണയിൽ കൂടുതൽ ഒരാൾക്ക് സ്ഥിരമായി ഭരണസമിതിയിൽ തുടരാനാകില്ല. ഭരണസമിതിയിൽ വിദഗ്ദ്ധർ നിർബന്ധമാക്കും. ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ട് ആറുമാസത്തിനുള്ളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയില്ലെങ്കിൽ സർക്കാരിന് നേരിട്ട് നോമിനേറ്റ് ചെയ്യാം. സംഘത്തിന്റെ ബൈലോയിൽ രജിസ്ട്രാർക്ക് നിർബന്ധിത ഭേദഗതി കൊണ്ടുവരാനുള്ള വ്യവസ്ഥയും കരട് ബില്ലിലുണ്ട്.