- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപക ഉദ്യോഗാർത്ഥികൾ നെഞ്ചിൽ തീയുമായി കാത്തിരിക്കുന്നത് മൂന്നുവർഷമായി; സ്കൂളുകളിൽ 7000 ത്തോളം പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കേണ്ടി വരുമെന്ന് സൂചന; എൽപിയിലും യുപിയിലും മാത്രം നാലായിരത്തോളം അധിക തസ്തികകൾ; പുതിയ നിയമനങ്ങൾക്ക് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കടമ്പയാകുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ എണ്ണമനുസരിച്ച് വേണം ഡിവിഷനുകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാൻ. ഇത് കണക്കാക്കിയാണ് അദ്ധ്യാപക തസ്തികകൾ നിർണയിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മാനേജർക്ക് നൽകണം. 2022-'23- അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ 1,19,981 കുട്ടികളാണ് പുതുതായി എത്തിയത്. അതുകൊണ്ട് തന്നെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 2,664 പുതിയ ഡിവിഷനുകൾ വേണമെന്നാണ് കണ്ടെത്തിയത്. ഈ ഡിവിഷനുകളിലേക്കായി 7000 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കണം. എൽ.പി., യു.പി. ക്ലാസുകളിൽമാത്രം നാലായിരത്തിലധികം അധിക തസ്തികകൾ ഉണ്ടായേക്കാമെന്നാണ് സൂചന. മലപ്പുറം ജില്ലയിൽമാത്രം അഞ്ഞൂറോളം ഒഴിവുകളുണ്ടാകാനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സർക്കാർ-എയ്ഡഡ് 2019-2020 അധ്യയന വർഷത്തിലാണ് തസ്തിക നിർണ്ണയം അവസാനമായി നടന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-2020 അധ്യയന വർഷത്തെ തസ്തിക നിർണ്ണയം 2020-2021, 2021-22 വർഷങ്ങളിൽ കൂടി ബാധകമാക്കുകയുണ്ടായി. തസ്തിക നിർണ്ണയത്തിൽ തസ്തിക നഷ്ടപ്പെട്ട് പോകുന്ന അദ്ധ്യാപക അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഇളവ് നൽകി അതത് വർഷങ്ങളിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം. 1:40 ആയി നിശ്ചയിച്ച് ഉത്തരവും പുറത്തിറങ്ങിയിരുന്നു.
മുൻകാല അനുഭവങ്ങൾ കണക്കിലെടുത്ത് ക്രമക്കേടുകൾ ഒഴിവാക്കാൻ ഇത്തവണ സർക്കാർ നേരിട്ടാണ് തസ്തിക നിർണയം നടത്തുന്നത്. ഓരോ അധ്യയനവർഷവും ആറാമത്തെ പ്രവൃത്തിദിവസമാണ് കുട്ടികളുടെ എണ്ണം എടുക്കുന്നത്. അതിനനുസരിച്ചാണ് അദ്ധ്യാപക തസ്തിക നിർണയവും നിയമനവും. കുട്ടികളുടെ കണക്കെടുപ്പു പതിവുപോലെ നടക്കുന്നുണ്ടെങ്കിലും തസ്തിക നിർണയം ഉണ്ടായിരുന്നില്ല. കോവിഡായിരുന്നു ഇതിന് കാരണം.
ജോലി കാത്ത് കഴിയുന്നവർക്ക് പ്രതീക്ഷ
തസ്തിക നിർണയം നീട്ടിക്കൊണ്ടുപോയത് ജോലി കാത്ത് കഴിയുന്നവരോടുള്ള വഞ്ചനയാണ്. കഴിഞ്ഞ മൂന്നു വർഷമായി മുടങ്ങി കിടക്കുന്ന അതസ്തിക നിർണയം എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 15ന് തസ്തിക നിർണയം പൂർത്തിയാക്കി ഒക്ടോബർ ഒന്നിനു മുൻപു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീടത് ഓഗസ്റ്റ് 20 ആയും ഒക്ടോബർ 31 ആയും ഡിസംബർ 15 ആയും പുതുക്കി നിശ്ചയിച്ചെങ്കിലും നടപടിയായില്ല. ഇത് പ്രഹസനമാണന്ന് ഉദ്യോഗാർത്ഥികൾക്ക് തോന്നിയാലും അദ്ഭുതമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി സർക്കാർ ഈ തസ്തികകളിൽ എത്രയെണ്ണം പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യും എന്നാണ് ഇനി കണ്ടറിയേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ