ന്യൂഡൽഹി: പീഡനക്കേസിൽ കുടുങ്ങുമെന്ന് ഭയന്ന് രാജ്യം വിട്ട വിവാദ ആൾദൈവം നിത്യാനന്ദ ഇപ്പോൾ സ്വയം വെളുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. യുഎൻ യോഗത്തിൽ സാങ്കൽപിക രാജ്യമായ കൈലാസയുടെ വനിതാ പ്രതിനിധികളെ അയച്ചത് തന്നെ ലോകരാജ്യങ്ങൾക്കിടയിൽ പുതിയ ഇമേജ് സൃഷ്ടിക്കാനാണ്. ഇവർ അമേരിക്കൻ പ്രതിനിധികളുമാായി ചില കരാറുകൾ ഒപ്പിട്ടെന്നും വാർത്ത വന്നു. എന്നാൽ, കയ്യിലിരുപ്പ് മനസ്സിലായതോടെ പലരും പിന്മാറി തുടങ്ങി.

തങ്ങളുടെ രാജ്യത്തെ യുഎസ് അംഗീകരിച്ചിട്ടുണ്ടെന്നാണ് നിത്യാനന്ദയും കൂട്ടരും അവകാശപ്പെട്ടിരുന്നത്. എന്നാൽ, വിവരം പുറത്തുവന്നതോടെ, യുഎസ് നഗരമായ നെവാർക്ക് കൈലാസയുമായി ഉള്ള സഹോദര നഗര കരാർ റദ്ദാക്കി. വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള കരാർ റദ്ദാക്കുകയാണെന്ന് നെവാർക്ക് പ്രസ് സെക്രട്ടറി സൂസൻ ഗരോഫാലോ അറിയിച്ചു. മനുഷ്യാവകാശങ്ങൾ നിലനിൽക്കാത്ത സ്ഥലങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് കരാറിൽ നിന്ന് പിന്മാറിയതെന്ന് നെവാർക്ക് സിറ്റി അധികൃതർ വ്യക്തമാക്കി. 'കൈലാസയെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി. ജനുവരി 12ലെ ഉടമ്പടി റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. സൂസൻ ഗരോഫലോ പറഞ്ഞു.

കൈലാസയുമായി നെവാർക്ക് സഹോദര നഗര കരാർ ഒപ്പിട്ടത് ജനുവരി 11നാണ്. നെവാർക്ക് മേയർ റാസ് ബരാകയും മറ്റും ചടങ്ങിൽ പങ്കെടുത്തിരുന്നു. കൈലാസ തട്ടിപ്പാണെന്ന വിവരം പുറത്തുവന്നതോടെ ജനുവരി 18 ന് കരാർ റദ്ദാക്കുകയും ചെയ്തു. സംഗതി ഇതാണെങ്കിലും, കൈലാസയുടെ വെബ്‌സൈറ്റിൽ, ഇപ്പോഴും കരാറിനെ കുറിച്ചുള്ള അവകാശവാദം കാണാം. നിത്യാനന്ദയുടെ വക്താവ് മാ വിജയപ്രിയ നിത്യാനന്ദയാണ് അന്ന് കരാർ ഒപ്പിട്ടതെന്ന് ഫോട്ടോയിൽ നിന്ന് വ്യക്തമാണ്.

അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുടെ അധിപൻ പീഡനവീരനാണെന്നൊക്കെ പറയാമെങ്കിലും, നിയമം ഇയാൾക്ക് മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന ദുരവസ്ഥയാണ് കാണുന്നത്. ഫെബ്രുവരിയിൽ, ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ കൈലാസയുടെ പ്രതിനിധി പങ്കെടുത്തത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

19ാമത് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ സംബന്ധിച്ച സമിതിയുടെ യോഗത്തിന്റെ 73ാമത്തെ സെഷനിൽ, വളരെ അവിചാരിതമായാണ്, യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ എന്ന രാജ്യത്തിന്റെ പ്രതിനിധികൾ പങ്കെടുത്തത്. പ്രതിനിധിസംഘത്തിലെ എല്ലാവരും വനിതകളായിരുന്നു. നിത്യാനന്ദ ഇത് ട്വീറ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ നേതാവെന്ന് പറയാവുന്നത് വിജയപ്രിയ നിത്യാനന്ദയാണ്. ഇവർ സമ്മേളനത്തിൽ സംസാരിക്കവേ, ഹിന്ദുമതത്തിന്റെ പ്രാചീന പാരമ്പര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന നിത്യാനന്ദയെ പീഡിപ്പിക്കുകയാണെന്നും, ജന്മരാജ്യത്ത് വിലക്കിയിരിക്കുകയാണെന്നും ഒക്കെ പറഞ്ഞ് സഹതാപ വോട്ടുനേടാൻ ശ്രമിച്ചിരുന്നു. നിത്യാനന്ദയ്ക്കും കൈലാസത്തിലെ ഇരുപത് ലക്ഷം വരുന്ന് ഹിന്ദുക്കൾക്കും നേരെയുമുള്ള പീഡനം തടയാൻ അന്തർദേശീയ തലത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അവർ യുഎന്നിൽ ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ, പ്രസ്താവന തിരിഞ്ഞുകുത്തുമെന്ന് മനസ്സിലായതോടെ വിജയപ്രിയ നിത്യാനന്ദ വിശദീകരണ കുറിപ്പിറക്കി.

'നിത്യാനന്ദ ജന്മനാട്ടിൽ ചില ഹിന്ദുവിരുദ്ധരുടെ പീഡനത്തിന് ഇരയായെന്നാണ് പ്രസ്താവിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ ഇന്ത്യയെ ഗുരുപീഠമെന്ന നിലയിൽ ആദരവോടെയും, ബഹുമാനത്തോടെയും ആണ് കണക്കാക്കുന്നത്',വിജയപ്രിയ ട്വീറ്റ് ചെയ്തു. ഹിന്ദു വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്.