- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷിപഞ്ചമി ദിനത്തിൽ ആദിശങ്കരന്റെ പുണ്യഭൂമിയിൽ തൊഴുകൈകളുമായി പ്രധാനമന്ത്രി എത്തി; പൂർണ കുഭം നൽകി സ്വീകരിച്ച് മഠം അധികൃതർ: ശ്രീശങ്കര പാദുകത്തിൽ സ്വയം പുഷ്പാർച്ചന നടത്തി മോദി: 40 മിനിറ്റ് ക്ഷേത്ര സമുച്ചയത്തിൽ ചെലവഴിച്ച് മടക്കം
കാലടി: ഋഷിപഞ്ചമി ദിനത്തിൽ ആദിശങ്കരന്റെ ജന്മഭൂമിയിൽ പ്രാർത്ഥനകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. പ്രവേശന കവാടത്തിൽ ശൃംഗേരി മഠം അഡ്‌മിനിസ്‌ട്രേറ്റർ ഡോ.വി.ആർ.ഗൗരിശങ്കർ പൂർണകുംഭം നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രി കാലെടുത്തു വെച്ചപ്പോൾ വേദ പാഠശാലയിലെ വൈദിക വിദ്യാർത്ഥികൾ വേദ മന്ത്രാലാപനം നടത്തി. പ്രധാനമന്ത്രിയെ വരവേൽക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കലക്ടർ ഡോ.രേണുരാജും ക്ഷേത്രത്തിൽ എത്തിയിരുന്നു.
ശ്രീകോവിലിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തിലിരുന്ന മോദി പിന്നീട് ശ്രീശങ്കര പാദുകത്തിൽ സ്വയം പുഷ്പാർച്ചന നടത്തി. ആദിശങ്കര ജന്മഭൂമി ക്ഷേത്രവും കീർത്തിസ്തംഭ മണ്ഡപവും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ശ്രീശാരദ സന്നിധിയിലാണു മോദി ആദ്യം ദർശനം നടത്തിയത്. തുടർന്ന് ശ്രീശങ്കരന്റെ മാതാവ് ആര്യാംബയുടെ സമാധി സ്ഥലത്തു പുഷ്പങ്ങൾ അർപ്പിച്ചു. ശ്രീശക്തി ഗണപതി സന്നിധിയിലും ശ്രീശങ്കര ഭഗവദ്പാദരുടെ സന്നിധിയിലും പ്രാർത്ഥിച്ചു. ശ്രീകോവിലിൽ മംഗളാരതിയും പുഷ്പാർച്ചനയും നടത്തി.
6.20ന് ആദിശങ്കര കീർത്തിസ്തംഭ മണ്ഡപത്തിലെത്തിയ മോദി, ശങ്കരാചാര്യരുടെ പാദുകത്തിനു മുന്നിൽ നമസ്‌കരിച്ചു. കാഞ്ചി മഠത്തിന്റെ കേരളത്തിലെ കോഓർഡിനേറ്റർ ടി.എസ്.വെങ്കട്ടരാമൻ പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. 9 നിലകളുള്ള കീർത്തിസ്തംഭത്തിന്റെ മുകളിലത്തെ നിലകളിലേക്ക് മോദി കയറിയില്ല. 10 മിനിറ്റോളം കീർത്തിസ്തംഭ മണ്ഡപത്തിൽ ചെലവഴിച്ച ശേഷം പ്രധാനമന്ത്രി നെടുമ്പാശേരിയിലേക്കു മടങ്ങി.
നെടുമ്പാശേരിയിൽ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകിട്ട് 5.35 നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. മഴയത്ത് ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങാനും അദ്ദേഹം മടിച്ചില്ല. ക്ഷേത്രത്തോടു ചേർന്നൊഴുകുന്ന പെരിയാർ വീക്ഷിച്ച പ്രധാനമന്ത്രി 40 മിനിറ്റാണു ക്ഷേത്ര സമുച്ചയത്തിൽ ചെലവഴിച്ചത്. ബിജെപി നേതാക്കളായ പി.എം.വേലായുധൻ, സി.ജി.രാജഗോപാൽ, വി.എൻ.വിജയൻ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.