ബ്രിട്ടനിൽ അടുത്ത കാലത്ത് ഏറെ വ്യാപകമായ കത്തി സംസ്‌കാരം കാനഡയിലേക്കും വ്യാപിക്കുന്നു. ഇന്നലെ കാനഡയിലെ സസ്‌കാച്ച്വനിലുള്ള ജെയിംസ് സ്മിത്ത് ക്രീ നേഷനിൽ തെരുവിലിറങ്ങി താണ്ഡവമാടിയ രണ്ടു പേർ കുത്തിക്കൊന്നത് 10 പേരെ. മറ്റ് 15 പേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. 31 കരനായ ഡാമിയൻ സാൻഡേഴ്സൺ, 30 കാരനായ മയ്ലസ് സാൻഡേഴ്സൺ എന്നിവരാണ് ഇത് ചെയ്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ജെയിംസ് സ്മിത്ത് ക്രീയിൽ വ്യത്യസ്ത സ്ഥലങ്ങളിലായും അതുപോലെ സസ്‌കാറ്റൂണിന്റെ വടക്ക് കിഴക്കായുള്ള വെൽഡൺ ഗ്രാമത്തിലുമാണ് അക്രമ പരമ്പര അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരിൽ ചിലരെ പ്രതികൾ മനപ്പൂർവ്വം ഉന്നം വെച്ച് കൊല്ലാൻ ശ്രമിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മറ്റു ചിലർ യാദൃശ്ചികമായി അക്രമികളുടെ കത്തിക്കിരയായവരാണ്.

അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും സസ്‌കാച്ച്വനിലും അയൽ പ്രവിശ്യകളിലേക്കും അന്വേഷണം നീണ്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 13 വ്യത്യസ്ത ഇടങ്ങളിൽ നിന്നായിട്ടായിരുന്നു മരിച്ചവരും പരിക്കേറ്റവരുമായ ഇരകളെ കണ്ടേത്തിയതെന്നും സസ്‌കാച്ച്വൻ ഐസ്റ്റന്റ് കമ്മീഷണർ റോണ്ട ബ്ലാക്ക്മോർ പറഞ്ഞു. പരിക്കേറ്റവർ വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിലാണ് എന്നും അധികൃതർ അറിയിച്ചു.

ഡുബ്ലിനെ നടുക്കി കൂട്ടക്കൊലപാതകം

അയർലൻഡിന്റെ തലസ്ഥാനമായ ഡുബ്ലിനിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ ഇന്നലെ കൊല ചെയ്യപ്പെട്ടു. ലിസ കാഷ് എന്ന 18 കാരിയും അവരുടെ ഇരട്ടകളും എട്ടു വയസ്സുകാരുമായ ക്രിസ്റ്റി, ചെൽസിയ എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധത്തിൽ പെട്ട് ഒരു 20 കാരൻ പൊലീസ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്.

അക്രമ വിവരം അറിഞ്ഞയുടൻ റോസ്സ്ഫീലേഡ് എസ്റ്റേറ്റിലേക്ക് അടിയന്തര സേവന വിഭാഗം എത്തിയിരുന്നു. ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് ആശുപത്രിയിലേക്ക് ഇവരെ ഉടനടി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മറ്റൊരു സഹോദരനായ 14 കാരനേയും പരിക്കേറ്റ നിലയിൽ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇയാളുടെ നില ഗുരുതരമല്ല. ഇവരുടെ അമ്മയായ40 കാരിയും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും പരിക്കുകൾ ഒന്നും ഇല്ല. സംഭവസ്ഥലത്തു വെച്ചു തന്നെയായിരുന്നു പൊലീസ് 20 കാരനെ അറസ്റ്റ് ചെയ്തത്.

ക്രിമിനൽ ജസ്റ്റിസ് ആക്ട് 1984 പ്രകാരം പൊലീസ് കസ്റ്റഡിയിലുള്ള ഈ 20 കരൻ തന്റെ ഇരകളെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, വീടിനുള്ളിൽ നിന്നും വെടിയൊച്ച കേട്ടതായി ചില അയൽവാസികൾ പറയുന്നുണ്ട്. സഹായത്തിനായി അലറി വിളിക്കുന്ന ഒരു സ്ത്രീ ശബ്ദം കേട്ടതായും അവർ പറയുന്നു.