പത്തനംതിട്ട: മനുഷ്യന്റെ ചോര മണമുള്ള ഭഗവൽസിംഗിന്റെ വീട് കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇലന്തൂരിലേക്ക് ജനപ്രവാഹം. സ്വന്തം വാഹനങ്ങളിൽ മാത്രമല്ല, ബസിലും ട്രെയിനിലും എത്തുന്നവരുണ്ട്. ഇലന്തൂർ ജംഗ്ക്ഷനിൽ എത്തുന്നവർക്ക് നരബലി വീട്ടിലേക്ക് പോകാൻ പ്രദേശത്തെ ഓട്ടോറിക്ഷകൾ സ്പെഷ്യൽ സർവീസും ആരംഭിച്ചു.

ഞായറാഴ്ച ദിവസമായ ഇന്ന് രാവിലെ മുതൽ ആളുകളുടെ വരവ് ഏറിയതോടെ ഇലന്തൂർ സ്വദേശി ഗീരീഷ് ഓട്ടോറിക്ഷയിൽ നരബലി ഭവന സന്ദർശനം 50 എന്ന് എഴുതി ഒട്ടിച്ചു. ഇന്ന് മാത്രം 1500 രൂപയുടെ ഓട്ടം കിട്ടി. ആദ്യശ്രീ തംബുരു എന്നാണ് ഗീരീഷിന്റെ ഓട്ടോറിക്ഷയുടെ പേര്.



ഇലന്തൂർ ജംഗ്ഷനിൽ നിന്ന് ഭഗവൽ സിംഗിന്റെ വീട്ടിലേക്കാണ് 50 രൂപ ഈടാക്കുന്നത്. ഇത് മാത്രമല്ല ഇന്ന് രാവിലെ മുതൽ ഇലന്തൂർ ജംഗക്ഷനിൽ വഴികാട്ടികളുടെ തിരക്കായിരുന്നു. കാറിലെത്തുന്നവർക്ക് വഴികാട്ടിയായി ഒപ്പം പോകും. തിരിച്ച് വരുമ്പോൾ ജംഗക്ഷനിൽ ഇറങ്ങും. സന്ദർശകർ സന്തോഷത്തോടെ നൽകുന്നത് വാങ്ങും. ഇതാണ് ഇന്ന് ഇലന്തൂരിൽ കണ്ട കാഴ്ച.

ഇതൊരു സഞ്ചാരകേന്ദ്രമല്ലെന്ന് പറഞ്ഞ് ആദ്യദിവസങ്ങളിൽ ആളുകളെ പൊലീസ് ഓടിച്ചെങ്കിലും ഇപ്പോൾ പൊലീസും മടുത്ത മട്ടമാണ്. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും ഭഗവൽസിംഗിന്റെ വീടുകാണാനുള്ള ആളുകളുടെ കൗതുകം അടങ്ങുന്നില്ല.

ശനിയാഴ്ച വീട്ടിൽ തെളിവ് വെടുപ്പ് നടത്തിയപ്പോഴും വൻ ജനക്കൂട്ടമായിരുന്നു കാണാനെത്തിയത്. തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഡമ്മി പരീക്ഷണവും നടത്തി. വീട്ടിനുള്ളിൽ ആയിരുന്നു ഡമ്മി പരിശോധന നടത്തിയത്. പത്മ, റോസിലിൻ എന്നിവരുടെ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന.

ഡമ്മി പരിശോധനയ്ക്കായി പ്രത്യേകം ടേബിളും പൊലീസ് എത്തിച്ചിരുന്നു. പ്രതികളെ ഓരോരുത്തരായാണ് വീട്ടിനുള്ളിലേക്ക് എത്തിച്ചത്. ആദ്യം ഭഗവൽ സിങിനെയാണ് കൊണ്ടുവന്നത്. എങ്ങനെയാണ് കൊലപാതകവും നരബലിയും നടത്തിയതെന്ന് വിശദീകരിക്കാൻ അന്വേഷണസംഘം ഭഗവൽ സിംഗിനോട് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലുള്ള ഭഗവൽസിങ്, ലൈല, ഷാഫി എന്നിവരെയാണ് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിംഗിന്റെ വീട് നിൽക്കുന്ന പുരയിടത്തിൽ വിശദമായ പരിശോധനയാണ് നടത്തിയത്.

മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്. നായ മണംപിടിച്ചുനിന്നിടത്ത് കുഴിയെടുത്തപ്പോൾ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. എന്നാൽ വിദഗ്ദ്ധാഭിപ്രായത്തിൽ ഇത് മനുഷ്യന്റേതല്ലെന്നാണ് പ്രാഥമിക നിഗമനം.

മനുഷ്യരുടേതിനാക്കാൾ കട്ടി കൂടിയ അസ്ഥിയായിരുന്നു ഇത്. പശുവിന്റേതാണെന്നാണ് പൊലീസ് സംഘം സൂചന നൽകുന്നത്. നായകൾ മണംപിടിച്ചുനിന്നതിന്റെ അടിസ്ഥാനത്തിൽ മൂന്നു സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അസാധാരണമായ രീതിയിൽ മഞ്ഞൾ നട്ടതായി കണ്ടെത്തിയത് സംശയം വർദ്ധിപ്പിക്കുണ്ട്. പത്മം, റോസിലിൻ എന്നിവരെ മറവ് ചെയ്ത സ്ഥലത്തും മഞ്ഞൾ നട്ടിരുന്നതായും കണ്ടെത്തി.