കാശച്ചുഴിയിൽ പതിച്ച ഒരു വിമാനത്തിനകത്തെ ദുരന്തങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഭയചകിതരായ യാത്രക്കാർ നിലവിളിക്കുന്നതിനിടയിൽ വിമാനത്തിന്റെ മേൽക്കൂരയിൽ അടിച്ച് ഒരാളുടെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തു. ഏയ്റോലിനെയസ് അർജ്ന്റിനാസിന്റെ എ ആർ 1133 വിമാനമാണ് ബ്യുണസ് അയേഴ്സിലേക്കുള്ള യാത്രയ്ക്കിടെ ചുഴിയിൽ പെട്ടത്. ഒക്ടോബർ 18 ന് രാത്രി 8.21 ന് ആണ് ഇത് മാഡ്രിഡിൽ നിന്നും പറന്നുയർന്നത്. അറ്റല്ലന്റിക് സമുദർത്തിന്റെ 38,000 അടി മുകളിലായിരുന്നു സംഭവം.

തികച്ചും അവിചാരിതമായി വിമാനം ആകാശ ചുഴിയിൽ പതിക്കുമ്പോൾ യാത്രക്കാരിൽ പലരും ഉറങ്ങുകയായിരുന്നു. ഭക്ഷണ പാനീയങ്ങളെല്ലാം വിമാനത്തിനുള്ളിൽ ചിതറിത്തെറിച്ചു. ആ സമയത്ത് സീറ്റ് ബെൽറ്റ് സൈൻ ഓൺ ആയിരുന്നു എന്നും അനൗൺസ്മെന്റ് നടത്തിയെന്നും വിമാനക്കമ്പനി അറിയിച്ചു. സീറ്റ് ബെൽറ്റ് ഇടാതിരുന്ന പലരും തെറിച്ചു പൊങ്ങി വിമാനത്തിന്റെ മേൽക്കൂരയിൽ തലയിടിക്കുന്ന അവസ്ഥ വരെ ഉണ്ടായി.

ഹാൻഡ് ലഗേജ് കമ്പാർട്ട്മെന്റുകൾ തുറന്നതോടെ ട്രോളികളും ബാഗുകളും വിമാനത്തിനകത്ത് ചിതറിത്തെറിച്ചു വീണു. ചുരുങ്ങിയത് 12 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. അവരിൽ മൂന്ന് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ഒരാളുടെ മൂക്ക് പൊട്ടി ചോരയൊലിക്കുന്നുമുണ്ടായിരുന്നു.

സംഭവം നടന്ന് നാലര മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനം ബ്യുണസ് അയേഴ്സിൽ ഇറഞ്ഞി. വിമാനമിറങ്ങിയ ഉടനെ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിമാനം പറന്നുയർന്ന് ഏകദേശം ഏഴു മണിക്കൂറുകളോളം പ്രശ്നമില്ലാതെ പറന്നതിനു ശേഷമായിരുന്നു ഈ അപകടം സംഭവിച്ചത്.ആ സമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു.

വലിയ തോതിൽ തന്നെ വിമാനത്തിന് ചാഞ്ചാട്ടം അനുഭവപ്പെടുകയായിരുന്നു എന്ന് വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ പറയുന്നു. താൻ ഉടനടി സീറ്റ്ബെൽറ്റ് ധരിക്കാൻ ശ്രമിച്ചെങ്കിലും വിമാനം കൂടുതൽ ശക്തിയോടെ ആടിയുലയുകയായിരുന്നു എന്നും അയാൾ പറഞ്ഞു. പെട്ടെന്നു തന്നെ വിമാനം താഴേക്ക് വന്നു.

അപ്പോഴാണ് താൻ ഉയർന്ന് പൊങ്ങി സീലിംഗിൽ തല ഇടിച്ചതെന്നും അയാൾ പറഞ്ഞു. തൊട്ടടുത്തിരുന്ന ഒരു യുവതിയാണ് സീലിംഗിൽ ഇടിച്ചതിനാൽ മൂക്കിന് സാരമായി പരിക്കേറ്റ യാത്രക്കാരി എന്നും അയാൾ പറഞ്ഞു.