ലണ്ടൻ: വിവാദത്തിനൊപ്പമാണ് എന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ യാത്രകൾ. അതേ വിവാദം തുടർച്ചയായുള്ള വിദേശ യാത്രകളിലും അദ്ദേഹത്തെ തുടരുന്നു. മുൻപ് നടത്തിയ ഡച്ച് യാത്രയിലും പ്രളയത്തെ തുടർന്നുള്ള ദുബായ് യാത്രയിലും എല്ലാം ഇതേ വിവാദത്തിന്റെ അകമ്പടിയുണ്ട്.

ഏറ്റവും ഒടുവിലായി ആഴ്ചകൾക്ക് മുന്നേ വിദേശ പര്യടനത്തിന്റെ ഭാഗമായി ലണ്ടനിൽ നടന്ന യൂറോപ്പ് മേഖലാതല ലോക കേരള സഭ സമ്മേളനവും വിവാദത്തിലാണ് കലാശിച്ചത്. എന്തിനു വേണ്ടി ആയിരുന്നു ആ സമ്മേളനം, അതുവഴി പ്രവാസികൾക്ക് എന്ത് ഗുണം ഉണ്ടായി എന്ന വിമർ്ശനത്തോട് സർക്കാർ ഉയർത്തിക്കാട്ടിയത് മൂവായിരം നഴ്‌സുമാരെ എത്തിക്കാൻ ഒരു ഏജൻസിയിൽ നിന്നും ലഭിച്ച കരാറാണ്. എന്നാൽ ഓരോ വർഷവും പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാർ എത്തുന്ന നാട്ടിൽ ഈ കരാർ വഴി എന്ത് നേട്ടമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന ചോദ്യവും വൻ മാധ്യമ ചർച്ചയിലാണ് അവസാനിച്ചത്.

അതിനു മാധ്യമങ്ങൾ കുറച്ചുകൂടി സഹകരണ നിലപാട് പുലർത്തണം എന്ന നീണ്ട മറുപടി എഴുതിയാണ് നോർക്കയുടെ ചുമതലക്കാരൻ ആയ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ സമ്മേളന നടത്തിപ്പ് തന്നെ ശരിയായിരുന്നില്ല എന്ന പുതിയ വിവാദമാണ് ചൂട് പിടിച്ചിരിക്കുന്നത്. ഇതാകട്ടെ രൂപം കൊണ്ടത് യുകെയിലെ പാർട്ടി അണികൾക്കിടയിൽ നിന്ന് തന്നെയാണ് എന്നതാണ് വെറും പ്രതിപക്ഷ ആരോപണം എന്നതിനേക്കാൾ ഗൗരവം നൽകുന്നതും. ലോക കേരള സഭയിലെ ജൂനിയർ പ്രതിനിധി ആയ ആഷിക് മുഹമ്മദ് എല്ലാ കാര്യങ്ങളുടെയും ചുമതല ഏറ്റെടുത്തപ്പോൾ പാർട്ടിയിൽ മുതിർന്നവർ വെറും കാഴ്‌ച്ചകാരുടെ റോളിലേക്ക് ഒതുങ്ങുക ആയിരുന്നു എന്നതും പുതിയ വിവാദത്തിന്റെ മൂല ബിന്ദുവായി പരിഗണിക്കപ്പെടുന്നു.

പാർട്ടി പരിപാടി പോലെയായിപ്പോയെന്നു ആദ്യ വിവാദം

ലോക കേരള സഭ ലണ്ടനിൽ നടത്താം എന്ന ചർച്ച വന്നപ്പോൾ തന്നെ പാർട്ടി പരിപാടി പോലെ ആയിപ്പോകരുത് എന്ന ഇടതു അനുഭാവികൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ഒറ്റപ്പെട്ടു പോയതോടെ കേംബ്രിഡ്ജ് കൗൺസിലറും മുൻപ് പാർട്ടിയുമായി സജീവമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന അഡ്വ ബൈജു തിട്ടാല അടക്കമുള്ളവർ മാധ്യമങ്ങൾ വഴി തന്നെ സമ്മേളന നടത്തിപ്പിലെ പോരായ്മകൾ തുറന്നെതിർത്തിരുന്നു. ഈ ഘട്ടത്തിലാണ് സമ്മേളനത്തിന്റെ ചുമതലക്കാരൻ ആയ ലോക കേരള സഭ അംഗം മുഹമ്മദ് ആഷിക് തന്നിഷ്ട പ്രകാരം പ്രതിനിധികളെ തിരുകി കയറ്റി എന്ന ആരോപണം ഉയർന്നത്. യുകെ മലയാളി സമൂഹത്തിലെ പ്രൊഫഷണലുകളും സാമൂഹ്യ പ്രവർത്തകരും അനുഭവ സമ്പത്തുള്ളവരും ഒക്കെ ഒഴിവാക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ ആയി എത്തിയവർ ഇടിച്ചു കയറുകയും അവരുടെ പ്രശനങ്ങൾ അവതരിപ്പിക്കാത്ത ഫോട്ടോ എടുത്തു മടങ്ങുകയും ചെയ്തു എന്നൊക്കെയാണ് സമ്മേളന ശേഷം പാർട്ടി അനുഭാവികൾ ചേരി തിരിഞ്ഞു നടത്തിയ ചർച്ചകളുടെ ഉള്ളടക്കം.

ഇതിനിടയിൽ സമ്മേളന നടത്തിപ്പിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഞ്ചു മിനിറ്റ് പോലും നേരിട്ട് കാണാൻ കിട്ടാതെയും പോയ മുതിർന്ന പാർട്ടി അംഗങ്ങൾ തന്നെ മുഹമ്മദ് ആഷിഖിന് കേരള രാഷ്ട്രീയ പരിസരം വേണ്ട ബോധ്യം ഇല്ലെന്നും ഗൾഫിൽ ജനിച്ചു വളർന്നു കേരളത്തിൽ നാലഞ്ച് കൊല്ലം എൻജിനിയറിങ് പഠിച്ചത് വഴി വർഷങ്ങളായി യുകെയിൽ ജീവിക്കുന്നവരുടെ പ്രയാസം എങ്ങനെ ഇത്തരം ഒരു സമ്മേളനത്തിൽ വിജയകരമായി അവതരിപ്പിക്കാൻ കഴിയും എന്നതാണ് ഉയർന്നു വന്ന പ്രധാന വിമർശനം . ഇതോടൊപ്പം ആഷിക് ശുപാർശ ചെയ്ത സമ്മേളന പ്രതിനിധികൾ സ്വന്തം സമുദായക്കാരാണ് എന്ന കണ്ടുപിടുത്തം നടത്തിയതും പാർട്ടിക്കാർ തന്നെ. ഇതിനിടയിൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിച്ച കാർഷിക ബില്ലിന് എതിരെ നടന്ന സമരത്തിൽ ലണ്ടനിൽ ആഷിക് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആക്ഷേപവും വിഡിയോ ദൃശ്യങ്ങൾ വഴി ഓൺ ലൈനിലും സാമൂഹ്യ മാധ്യമങ്ങളും എത്തിത്തുടങ്ങി.

സമ്മേളന നടത്തിപ്പും ചുമതലക്കാരും വിവാദ കേന്ദ്രമാകുമ്പോൾ

ഇതോടെ ഇന്ത്യ വിരുദ്ധൻ, കേരള മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളന നടത്തിപ്പുകാരനും പാക്കിസ്ഥാൻകാരുൾപ്പെടെ വിദേശികൾ ഈ സമ്മേളനത്തിൽ പങ്കാളികൾ ആയെന്നും ഒക്കെയുള്ള ഗുരുതരമായ ആക്ഷേപവും ഉയർന്നു. ഇതിനെതിരെ ഔദ്യോഗികമായി പരാതികൾ നല്കിക്കഴിഞ്ഞെന്നും വിവരങ്ങൾ കേന്ദ്ര ഏജൻസിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് എന്നുമൊക്ക ഊഹാപോഹങ്ങൾ പരന്നു. സംഭവം ഡൽഹി കേന്ദ്രീകരിച്ച ഓൺലൈൻ പോർട്ടലുകളും പ്രധാന വാർത്തയായി മാറി.

ഇതോടെയാണ് വിവാദം കൈവിട്ട നിലയിലേക്ക് മാറുകയാണ് എന്ന സൂചന എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നലെ പാർട്ടി പ്രവർത്തകർ കഴിഞ്ഞ വർഷം രൂപീകരിച്ച കൈരളി യുകെ ആഷിക്കിനെ ന്യായികരിക്കുന്ന നീണ്ട മറുപടിയുമായി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത്. ആഷിക് മുസ്ലിം ആയതു അദ്ദേഹത്തിന്റെ തെറ്റാണോ എന്നും ഒരാളെ അയാളുടെ മതം കണ്ടെത്തി ആക്രമിക്കുന്നത് ശരിയാണോ എന്നുമൊക്കെ കൈരളി യുകെയുടെ പേരിൽ പ്രചരിക്കുന്ന മറുപടി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കർഷക സമരത്തിൽ ആഷിക് പങ്കെടുത്ത കാര്യം കൈരളി യുകെ പുറത്തു വിട്ട കുറിപ്പിലും സൂചിപ്പിക്കുകയും ചെയ്യുന്നു.

ചേരിപ്പോര് തന്നെ മുഖ്യ കാരണം

എന്നാൽ ഈ വിവാദമൊക്കെ രൂപമെടുക്കാൻ കാരണം യുകെയിൽ ചേരി തിരിഞ്ഞു പ്രവർത്തിക്കുന്ന രണ്ടു ഇടതുപക്ഷ ഗ്രൂപ്പുകൾ കാരണമാണ് എന്നതാണ് വാസ്തവം. ഇക്കാര്യം ഏതാനും മാസം മുൻപേ ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഏതാനും വർഷമായി യുകെയിൽ സജീവമായി പ്രവർത്തിക്കുന്ന സമീക്ഷ എന്ന ഇടതുപക്ഷ അനുകൂല ഗ്രൂപ് പിടിച്ചെടുക്കാൻ സാമ്പത്തിക താല്പര്യം മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന ഇടതു അനുഭാവിയും മുൻ ലോക കേരള സഭ അംഗവും ആയ വ്യക്തി നടത്തിയ താല്പര്യങ്ങളാണ് കൈരളി യുകെയുടെ പിറവിക്കു കാരണമായത് .

ഈ ഘട്ടത്തിൽ ഇയാൾ ചില സാമ്പത്തിക ഇടപാടുകളിൽ പങ്കാളി ആവുകയും ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിലെ മൂന്ന് പ്രമുഖ മന്ത്രി മാർ സ്വാധീനിച്ചു ചില പദ്ധതികളിൽ കമ്മീഷൻ നേടാൻ ശ്രമിക്കുകയും ചെയ്തത് കയ്യോടെ പാർട്ടിയിലെ എതിർ വിഭാഗം കേരള നേതൃത്വത്തെ അറിയിക്കുക ആയിരുന്നു .

നോട്ടപ്പുള്ളികൾ എന്നും നേതൃത്വത്തിൽ , കഥയറിയാതെ ആട്ടം കാണാൻ അനുഭാവികളും

പിന്നീട് ചെന്നെ കേന്ദ്രീകരിച്ചുള്ള മലയാളി വ്യവസായിയുടെ വൻതുക അനധികൃത ഇടപാടിൽ നഷ്ടമായ സംഭവത്തിലും ഇയാളുടെ പേര് പൊങ്ങിവന്നു. ഈ പരാതി അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നിൽ എത്തിയതോടെ യുകെ മലയാളിയായ മുൻ ലോക കേരള സഭ അംഗത്തെ പാർട്ടി വേദികളിൽ പങ്കെടുപ്പിക്കുന്നതിനു വിലക്കുമെത്തി. ഈ കാരണങ്ങൾ മൂലമാണ് ഇയാൾക്ക് ആഷിക് മുഹമ്മദ് രണ്ടാം തവണയും ലോക കേരള സഭയിൽ എത്തിയപ്പോഴും പദവി നിലനിർത്താനാകാതെ പോയത്. മാത്രമല്ല ലോക കേരള സഭ സമ്മേളനം ലണ്ടനിൽ നടന്നപ്പോൾ ഇയാൾ വേദിക്കു പരിസരത്തു എത്തുന്നത് പോലും തടയാനും പാർട്ടി നേതൃത്വം ശ്രമം നടത്തി.

ഇയാൾക്കെതിരെയുള്ള പരാതി ഇപ്പോഴും പാർട്ടിയുടെ പക്കൽ സജീവ പരിഗണനയിലുണ്ട്. ഇത് പൊലീസിൽ എത്താതിരിക്കാൻ പാർട്ടി പരാതിക്കാരന് നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നാണ് ലഭ്യമായ സൂചന. കാരണം ഇടപാടിൽ പാർട്ടി നേതാക്കളും പങ്കാളികൾ ആണോ എന്ന സംശയവും നിലനിൽക്കുന്നു. തനിക്കെതിരെയുള്ള പരാതികൾക്ക് ചുക്കാൻ പിടിക്കുന്നത് സമീക്ഷ യുകെയുടെ നേതൃത്വം ആണെന്ന വിവാദ കമ്മീഷൻ ഇടപാടുകാരന്റെ സംശയമാണ് യുകെയിൽ പാർട്ടി ഘടകങ്ങൾ രണ്ടായി പ്രവർത്തിക്കാൻ കാരണം .

ഇതുവഴി ഇത്തവണ നടന്ന ലോക കേരള സഭയിൽ കൈരളി ഗ്രൂപ് നടപടികൾ സമ്പൂർണ നിയന്ത്രണത്തിലാക്കി എന്നും സമീക്ഷയുടെ പ്രവർത്തകർക്ക് പരിഭവമുണ്ട്. സമ്മേളനത്തിൽ മുണ്ടു ഉടുത്തു ചെന്ന് എന്ന കാരണം ചൂണ്ടക്കാട്ടി പോലും സമീക്ഷയുടെ നെടുംതൂണായി പ്രവർത്തിച്ച വ്യക്തിയെ അധിക്ഷേപിക്കാൻ പാർട്ടി അനുഭാവി പോലും അല്ലാത്ത ലോക കേരള സഭയിലെ അംഗം മുതിർന്നപ്പോൾ അതിനെ തടയാനും മറ്റുളവർ തയാറാകാതിരുന്നത് സമീക്ഷക്കാരെ ഒതുക്കാനുള്ള തന്ത്രം തന്നെ ആയിരുന്നു എന്നാണ് അവരുടെ പരാതി. ഈ കശപിശ മുഖ്യമന്ത്രി എത്തിയ സ്ഥലങ്ങളിൽ എല്ലാം ആരുമറിയാതെ കൈരളിക്കാരും സമീക്ഷക്കാരും തമ്മിൽ ഉണ്ടായിരുന്നു എന്നാണ് ഇരുപക്ഷത്തും പെടാത്ത പാർട്ടിക്കാർ വിഷമത്തോടെ പങ്കിട്ടത്.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന കേളീരവം സാംസ്‌കാരിക പരിപാടിയിൽ പോലും ഇരു വിഭാഗവും തമ്മിൽ മുഖാമുഖം എത്തിയത് എതിർ ചേരിക്കാർ എന്ന ഭാവത്തിൽ തന്നെയാണ്. ഇതെല്ലം പാർട്ടി അനുഭാവികൾ എന്ന ലേബലിൽ ആണ് ചെയ്തു കൂട്ടുന്നത് എന്നുമാണ് മുതിർന്ന പാർട്ടി വിശ്വാസികൾ ഇപ്പോൾ കേരള നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതിന്റെയെല്ലാം പരിണത ഫലമായാണ് ഇപ്പോൾ ആഷിക് മുഹമ്മദിനെ കേന്ദ്രീകരിച്ചു ഉയർന്ന പരാതിയും തുടർ വിവാദവും എന്നതാണ് വ്യക്തമാകുന്നതും .