- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ പട്ടികൾക്കും ഉണ്ട് ഒരു ദിവസം! നേപ്പാളിലെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നായ്ക്കല്ക്ക് മാലയിട്ട് മധുരം നൽകുന്ന ചിത്രങ്ങൾ വൈറലാകുമ്പോൾ
ജീവിതം നായ നക്കി എന്ന പ്രയോഗം സാധാരണയായി ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് എന്നാൽ, നായ്ക്കൾ എന്നും ഭാഗ്യം ചെയ്ത വിഭാഗം തന്നെയാണ്. യോദ്ധാ സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം റിംബോച്ചയോട് മലയാളിക്കും നേപ്പാളിക്കും ഉണ്ണിയപ്പം തിന്നാം എന്ന് പറയുന്നതുപോലെ മലയാളിക്കും നേപ്പാളിക്കും ഒരുപോലെയാണ് നായ്പ്രേമവും എന്ന് തെളിയിക്കുകയാണ് നേപ്പാളിലെ ദീപാവലി ആഘോഷങ്ങൽ.
കേരളത്തിലെ തെരുവുകളിൽ മനുഷ്യരെ കടിച്ചു പറിക്കുന്ന നായ്ക്കക്കൾക്ക് വേണ്ടി പോലും ശബ്ദം ഉയരുമ്പോൾ നേപ്പാളിൽ,നായ്ക്കൾക്ക് മനുഷ്യരോടുള്ള സ്നേഹത്തിനെ ആദരിച്ചുകൊണ്ട് അവിടെ ആഘോഷങ്ങൾ പൊലിപ്പിക്കുകയാണ്. ദീപാവലിയോടനുബന്ധിച്ചുള്ള കുക്കുർ ടിഹാർ എന്ന ആഘോഷം തന്നെ നായ്ക്കളെ ആദരിക്കുവാനുള്ളതാണ്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ നിന്നും അല്പം മാറിയുള്ള ഒരു നായ് സംരക്ഷണ ശാലയിൽ നിരവധി പ്രദേശവാസികളും വിനോദ സഞ്ചാരികളും എത്തി നായ്ക്കളെ മാലയണിയിച്ച് ആദരിച്ചു.
ഹിന്ദുവിശ്വാസ പ്രകാരം മരണദേവനായ യമദേവനുമായി ബന്ധപ്പെട്ട മൃഗങ്ങൾക്കായി നടത്തുന്ന അഞ്ചു ദിവസത്തെ ഉത്സവത്തിന്റെ രണ്ടാം ദിവസമാണ് നായ്ക്കൾക്കായി മാറ്റി വച്ചിരിക്കുന്നത്. ശുനകോത്സവ ദിനത്തിൽ മനുഷ്യർ നായ്ക്കളെ സ്നേഹിക്കണമെന്നും അവയ്ക്ക് ആവശ്യമായ ഭക്ഷണം നൽകണമെന്നുമായിരുന്നു ലിളിത്പുർ മേയർ ചിരി ബാബു മഹാർജൻ നൽകിയ സന്ദേശം. സ്നേഹ കെയർ അനിമൽ ഷെൽട്ടറിലെ തളർവാതം പിടിച്ച നായ്ക്കൾക്ക് ഭക്ഷണം നൽകിയതിനു ശേഷമായിരുന്നു അദ്ദേഹം ഈ സന്ദേശം ജനതക്കായി നൽകിയത്.
തെരുവ് നായ് ശല്യം ഏറെയുള്ള, എന്നാൽ നായ്ക്കൾക്കായുള്ള ക്ഷേമ പദ്ധതികളിൽ ഏറെ പിന്നിൽ നിൽക്കുന്ന നേപ്പാളിലാണ് ഇത്തരത്തിലൊരു പൈതൃകം നിലനിൽക്കുന്നത് എന്നോർക്കണം. സ്നേഹ ഷെൽട്ടറിൽ നിലവിൽ ഏകദേശം 170 നായ്ക്കളാണുള്ളത്. അവയിൽ പലതിനേയും ഉടമസ്ഥർ ഉപേക്ഷിച്ചതുമാണ്. ഇന്ന് ജനങ്ങൾ അവയെ ആരാധിക്കുന്നു, നാളെ, പക്ഷെ അവയെ വീണ്ടും ശ്രദ്ധിക്കാതെയാവും. ഒരു നായ് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതു കണ്ടാലും മനുഷ്യർ തിരിഞ്ഞു നോക്കില്ല എന്നും സ്നേഹാ കേയർ ഉടമ സ്നേഷ ശ്രേഷ്ഠ പറയുന്നു.
ഈ അഞ്ചു ദിവസത്തെ മൃഗോത്സവ കാലത്ത് നായ്ക്കളോടും അതുപോലെ ഓരോ ദിവസങ്ങളിലായി ആരാധിക്കപ്പെടുന്ന മറ്റു മൃഗങ്ങളോടും അനാദരവ് കാട്ടുന്നത് വലിയ പാപമായാണ് കണക്കാക്കപ്പെടുന്നത്. നായ്ക്കളെ മാലയണിയിച്ച് ആദരിക്കുന്നതും, അവക്ക് ഭക്ഷണം നൽകുന്നതും താൻ ഏറെ ആസ്വദിക്കുന്നു എന്നാണ് പ്രദേശവാസിയായ തീർത്ത ബഹാദൂർ ഖത്രി പറഞ്ഞത്. ഉത്സവത്തിനു പ്രചാരമേറിയതോടെ നേപ്പാളിലെ നായ് ക്ഷേമ പദ്ധതികൾക്കും പുതുജീവൻ കൈവരുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കാഠ്മണ്ഡു നഗരത്തിൽ മാത്രം 20,000 ൽ അധികം തെരുവു നായ്ക്കളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ