ദുബായ്: ദുബായിൽ പുതിയതായി പണിയുന്ന ഹോട്ടൽ അറ്റ്ലാന്റിസ് ദി റോയലിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങളും ഡ്രോൺ ചിത്രീകരനങ്ങളുംപുറത്തു വന്നു. ഒരു കൂട്ടം കൃത്രിമ ചെറുദ്വീപുകളുടെ സമൂഹമായ പാം ജുമേറിയയിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ആരുടെയും മനം കവരുന്ന രീതിയിൽ രൂപ കല്പന ചെയ്തിരിക്കുന്ന ഈ ഹോട്ടൽ കെട്ടിടം ദുബായിലെ സുന്ദരൻ അംബരചുംബികൾക്കിടയിൽ തീർത്തും വ്യത്യസ്തമായി നിലകൊള്ളുന്നു.

ഒരു രാത്രിക്ക് 850 ഡോളർ മുതൽ ആരംഭിക്കുന്ന വാടകയുള്ള 795 മുറികൾ ആറു ടവറുകളിലായി വ്യാപിച്ചു കിടക്കുന്നു. ജെംഗ ഗെയിമിനെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് ഇവയുടെ രൂപകല്പന. അറ്റ്ലാന്റിസ് ദി റോയൽസ് ക്രൗണിലെ ഏറ്റവും പ്രധാന ആകർഷണം ഔട്ട് ഡോർ എന്റർടെയിന്മെന്റ് തന്നെയാണ്. 22-ാം നിലഹ്യിൽ റിസോർട്ടിനു നടുവിലായി ഒരു പാലം ഉണ്ട് അതുപോലെ 295 അടി നീളത്തിൽ ഒരു ഇൻഫിനിറ്റി പൂളും.

ഹെസ്റ്റൺ ബ്ലൂമെന്ഥാളിന്റെ ആദ്യത്തെ കോക്ക്ടെയിൽ ബാർ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയം, നോബു റെസ്റ്റോറന്റിന്റെ ആദ്യത്തെ പൂൾ ആൻഡ് ബീച്ച് ക്ലബ്ബ്, രണ്ട് കിലോമീറ്ററോളം നീളം വരുന്ന ബീച്ച് എന്നിവയാണ് മറ്റ് ആകർഷണങ്ങൾ. ഹോട്ടൽ അറ്റ്ലാന്റിസിന്റെ ഒരു സഹോദര സ്ഥാപനമായ റിസോർട്ടിലെ ഏറ്റവും വിലയേറിയ മുറികൾ ആഡംബര സ്യുട്ടുകളും സിഗ്‌നേച്ചർപെന്റ്ഹൗസുകളും ആണ്. ഇത്തരത്തിലുള്ള ആഡംബര താമസ സൗകര്യങ്ങൾ 44 എണ്ണമാണ് ഈ റിസോർട്ടിൽ ഉള്ളത്.

ഈ ആഡംബര മുറികളിൽ സ്വകാര്യ ഇൻഫിനിറ്റി പൂളുകളുൾ, പ്രത്യേക ബട്ട്ലർ സേവനം, എന്നിവയും ലഭ്യമായിരിക്കും. അതേസമയം, എല്ലാ മുറികളും ആഡംബരത്തിന്റെ അവസാന വാക്കായിരിക്കും എന്ന് റിസോർട്ട് അധികൃതർ പറഹ്യൂന്നു. ലോകത്തിലെ മുന്തിയ ഇനം ആഡംബര വസ്തുക്കളാണ് മുറികളിൽ ഉപയോഗിച്ചിരിക്കുന്നത്.

മാത്രമല്ല, ഏറ്റവും ആധുനിക സാങ്കേതിക വിദ്യയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മുറികളിലെ താപനില, പ്രകാശ തീവ്രത എന്നിവ താമസക്കാർക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. ഭക്ഷണപാനീയങ്ങളുടെ കാര്യമാണെങ്കിൽ, ലോകത്തിന്റെ ഏത് കോണിലുമുള്ള ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാണ് 17 റെസ്റ്റോറന്റുകളും ബാറുകളുമാണ് ഇവിടെയുള്ളത്. അതിൽ ഏറ്റവും പ്രശസ്തമാകാൻ പോകുന്നത് സൂപ്പർസ്റ്റാർ ബ്രിട്ടീഷ് ഷെഫ് ബ്ലൂമെന്ഥാളിന്റേതായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.

അതിഥികൾക്കായി 2023-ൽ ആയിരിക്കും ഹോട്ടൽ തുറന്നു കൊടുക്കപ്പെടുക. എന്നാൽ അതിനുമുൻപായി ജനുവരിയിൽ താരനിബിഡമായ ഒരു ഉദ്ഘാടന ചടങ്ങുണ്ടായിരിക്കും. റോബർട്ട് ഡി നിരോ, ജെരാർഡ് ബട്ലർ, കൈലി മിനോഗ് തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരന്ന 2008-ലെ അറ്റ്ലാന്റിസ് ദി പാമിന്റെ ഉദ്ഘാടന ചടങ്ങിനെ ഓർമ്മിപ്പിക്കും വിധമായിരിക്കും ഈ ചടങ്ങും.