- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
3500 പേരെ ഒറ്റ ഈമെയിലിലൂടെ ഇന്ന് ട്വിറ്റർ പിരിച്ചുവിടും; മുന്നോടിയായി ലണ്ടൻ ഓഫീസിന് ഒരാഴ്ച്ച വർക്ക് ഫ്രം ഹോം; മസ്‌കിന്റെ പരിഷ്കാരത്തിൽ ഞെട്ടി ജീവനക്കാർ; താൻ കൊല്ലപ്പെട്ടാലും ലോകത്തെ ഏറ്റവും വലിയ കമ്പനിയാക്കുമെന്ന് മസ്‌ക്; പിരിച്ചു വിടലിന്റെ ലക്ഷ്യം പ്രവർത്തന ചെലവ് കുറയ്ക്കൽ
ടിറ്ററിന്റെ അധികാരം ഏറ്റെടുത്ത എലൺ മസ്‌കിന്റെ പുതിയ പരിഷ്‌കാരങ്ങളിൽ യു കെയിലെ നൂറു കണക്കിന് ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടേക്കും എന്ന ആശങ്കയുയരുന്നു. ഇതിന്റെ മുന്നോടിയായി, ലണ്ടനിലെ ട്വിറ്റർ ഓഫീസ് ഇന്നലെ വൈകുന്നേരം താഴിട്ടു പൂട്ടി. അടുത്തയാഴ്‌ച്ച വരെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അധികം താമസിയാതെ വിധിയെഴുത്തുമായി ഈ മെയിൽ എത്തുമെന്ന പ്രതീക്ഷിയിലാണ് ജീവനക്കാർ.
പിരിച്ചു വിടുന്ന ജീവനക്കാർക്ക് ഔദ്യോഗിക ഈ മെയിൽ അക്കൗണ്ടിലേക്കും ലാപ്ടോപിലേക്കുമുള്ള പ്രവശനം മുൻകൂട്ടി നിഷേധിക്കുമെന്നതിനാൽ പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് എത്തുക വ്യക്തിഗത ഇമെയിൽ അക്കൗണ്ടുകളിലേക്കായിരിക്കും. കമ്പനിയുടെ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ തന്നെ ട്വിറ്ററിൽ നിന്നും 3700 ജീവനക്കാരെ പിരിച്ചുവിടാനാണ് മസ്‌കിന്റെ പദ്ധതി.
ലണ്ടനിലെ ട്വിറ്ററിന്റെ ആസ്ഥാനമായ പിക്കാഡിലിയി സർക്കസിലെ ഓഫീസ് തികച്ചും ഒരു വിജനപ്രദേശമായി മാറിക്കഴിഞ്ഞു. ഭാവിയെ കുറിച്ച് അശങ്കപ്പെടുന്ന ജീവനക്കാർ ആരുതന്നെ അവിടെ എത്തിച്ചേർന്നിരുന്നില്ല. മാത്രമല്ല, ആ കെട്ടിടത്തിൽ സമൂഹമാധ്യമ രംഗത്തെ ഒരു ഭീമന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് പോലും അവശേഷിപ്പിച്ചിട്ടില്ല. കാവൽ നിൽക്കുന്ന സുരക്ഷാ ജീവനക്കാരും കൂടുതൽ എന്തെങ്കിലും പറയുവാൻ തയ്യാറാകുന്നുമില്ല.
ഇതു തന്നെയായിരുന്നു ട്വിറ്ററിന്റെ ഡുബ്ലിനിലെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക ആസ്ഥാനത്തെയും സ്ഥിതി. വെള്ളിയാഴ്‌ച്ച ആരും ഓഫീസിലേക്ക് വന്നില്ലെന്നും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം കൊടുത്തിരിക്കുകയാണെന്നുമായിരുന്നു അവിടെയുള്ള സുരക്ഷാ ജീവനക്കാർ പറഞ്ഞത്. 500-ൽ അധികം ജീവനക്കാർ ജോലി ചെയ്തിരുന്ന ഓഫീസിന്റെ വാതിലും താഴിട്ടു പൂട്ടിയിരിക്കുന്നു.
തങ്ങളുടെ ഓഫീസുകൾ താത്ക്കാലികമായി അടച്ചിടുകയാണെന്നും ജീവനക്കാർക്ക് സ്റ്റാഫ് ബാഡ്ജ് ആക്സസ് ഉള്ളത് താത്ക്കാലികമായി മരവിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഇത് ഓരോ ജീവനക്കാരന്റെയും ഒപ്പം ട്വിറ്റർ ഉപയോക്താവിന്റെ യും സുരക്ഷ ഉറപ്പു വരുത്താനാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തുടർന്നും ജോലി ചെയ്യുവാനായി തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് നവംബർ 7 വരെ ഓഫീസ് അടച്ചിരിക്കുന്നു എന്ന അറിയിപ്പ് ലഭിക്കും. അതുപോലെ കമ്പനിയുടെ ആഭ്യന്തര വിഷയങ്ങൾ ചർച്ചചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കണം എന്ന നിർദ്ദേശവും നൽകും.
3700 ഓളം ജീവനക്കാരെ ഉടനടി പിരിച്ചുവിടുമെങ്കിലും വരുന്ന ജനുവരി- ഫെബ്രുവരി വരെ അവരെ കമ്പനി ജീവനക്കാരായി പരിഗണിച്ച് വേതനം നൽകും. കാലിഫോർണിയ തൊഴിൽ നിയമത്തിന്റെ പരിധിയിൽ നിന്നും നടപടികൾ ഉണ്ടാകാതെ രക്ഷപ്പെടുവാനാണിത്. അതേസമയം, കടുത്ത നടപടികളുമായി മുൻപോട്ട് പോവുക തന്നെ ചെയ്യും എന്നാണ്ീലൺ മസ്‌ക് പറയുന്നത്. ട്വിറ്ററിന്റെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്, ചില ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പരസ്യ ദാതാക്കളെ സ്വാധീനിച്ചതിന്റെ ഫലമാണിതെന്നും എലൺ മസ്‌ക് ട്വീറ്റ് ചെയ്തു.
അതിനിടയിൽ മാൻഹട്ടനിലെ മെട്രോപൊളിറ്റൻ ഓപ്പറ ഹൗസിൽ നടക്കുന്ന ബാരോൺ ഇൻവെസ്റ്റ്മെന്റ് കോൺഫെറൻസിൽ പങ്കെടുക്കാൻ മസ്‌ക് എത്തിയിരുന്നു. ട്വിറ്ററിലും മറ്റ് കമ്പനികളിലും വരുത്താൻ ഉദേശിക്കുന്ന പരിഷ്‌കരണങ്ങളെ കുറിച്ച് വാചാലനയാ മസ്‌കിനോട് മറ്റൊരു കോടീശ്വരനായ റോൺ ബാരൺ ,നിങ്ങൾ ശത്രുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു, ഒരുപാട് നാൾ ഇതുപോലെ പോകാൻ സാധിക്കുകയില്ല എന്ന്ഹാസ്യരൂപേണ പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. എന്തു സംഭവിച്ചാലും തന്റെ പദ്ധതികളുമായി മുൻപോട്ട് പോവുക തന്നെ ചെയ്യും എന്നു മസ്‌ക്വ്യക്തമാക്കി.
44 ബില്യൺ ഡോളറിനായിരുന്നു മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ആ പ്രക്രിയ ശാന്തമായ ഒന്നായിരുന്നില്ല. നിരവധി മലക്കം മറിച്ചിലുകൾ, കോടതിയുദ്ധങ്ങൾ, ക്രൂരമായ തമാശകൾ എല്ലാം നിറഞ്ഞ നാളുകൾ നീണ്ടു നിന്ന പ്രക്രിയകൾക്ക് ഒടുവിലായിരുന്നു കൈമാറ്റം സാധ്യമായത്. ബിസിനസ്സ് രംഗത്ത് എന്നും പാരമ്പര്യ സങ്കൽപങ്ങളെ തകർത്തെറിഞ്ഞിട്ടുള്ള മസ്‌ക്, ട്വിറ്ററിലും അതി തീവ്രമായ പരിഷ്‌കരണങ്ങൾക്ക് ഒരുങ്ങുകയാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ, ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരിയുടമയായി മാറിയതോടെയാണ് ട്വിറ്ററിലെ മസ്‌ക് യുഗം ആരംഭിക്കുന്നത്.പിന്നീട് ഏഴുമാസക്കാലം വാദപ്രതിവാദങ്ങളുടെ ശബ്ദകോലാഹലമായിരുന്നു ട്വിറ്ററിന്റെ മുറ്റത്ത്. ഏഴുമാസക്കാലം ജീവനക്കാർ പ്രതീക്ഷിച്ചിരുന്നത് ഇപ്പോൾ സംഭവിക്കുകയാണ്. ഇനിയും എന്തെല്ലാം പരിഷ്‌കരണങ്ങളാണ് ഉണ്ടാവുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യവുമാണ്.
മറുനാടന് മലയാളി ബ്യൂറോ