കൊയ്‌റോ: ചുമരുണ്ടെങ്കിലെ ചിത്രമെഴുതാനാകൂ എന്ന തിരിച്ചറിവാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോക ഭരണകൂടങ്ങളെ ഓർമ്മപ്പെടുത്തിയത്. അതുതന്നെയായിരുന്നു ഭരണകൂടങ്ങൾ ഒന്നിച്ചു ചേർന്നുള്ള കോൺഫറൻസ് ഓഫ് പാർട്ടീസ് എന്ന കോപ്പിന്റെ രൂപീകരണത്തിന് കാരണമായത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഒൻ ക്ലൈമറ്റ് ചേഞ്ചസ് (യു എൻ എഫ് സി സി സി) എടുക്കുന്ന തീരുമാനങ്ങളിൽ ഊൂന്നി നിന്നുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിനാണ് കോപ്പ് രൂപീകരിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ കഴിഞ്ഞ വർഷം നടന്ന കോപ്പ് 26 ന് ശേഷം ഇത്തവണ ഈജിപ്തിൽ കോപ് 27 ഉച്ചകോടി ആരംഭിക്കുമ്പോൾ, പ്രകൃതി നശീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വികസിത രാജ്യങ്ങൾ വൻ തുക പിഴയൊടുക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബ്രിട്ടൻ വികസ്വര രാജ്യങ്ങൾക്ക് 1 ട്രില്യൺ പൗണ്ട് നൽകണമെന്നാണ് പാരിസ്ഥിതി പ്രവർത്തകർ അവകാശപ്പെടുന്നത്.

ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂർദ്ധന്യതയിലേക്ക് അതിവേഗം നടന്നടുക്കുകയാണ് എന്ന മുന്നറിയിപ്പുമായാണ് ഈജിപ്തിൽ കോപ് 27 ന് ആരംഭമായത്. രാജ്യങ്ങൾ ഒത്തൊരുമിച്ച് വരുമ്പോൾ അവിടെ പ്രത്യാശയുടെ മുകുളങ്ങൾ മുളക്കും എന്ന എലിസബത്ത് രാജ്ഞിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉച്ചകോടിയിൽ ഋഷി സുനക് തന്റെ പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞവർഷം ഗ്ലാസ്ഗോയിൽ അത് തെളിയിച്ചതാണെന്നും ഋഷി സൂചിപ്പിച്ചു. ആഗോള റ്റാപനം 1.5 ഡിഗ്രിയിൽ പിടിച്ചു നിർത്തുവാനുള്ള പല തീരുമാനങ്ങളും അന്ന് ഏറ്റുത്തിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൗതിക വികസനത്തിനായി ഫോലിസ് ഇന്ധനങ്ങളുടെ ജ്വലനത്തിലൂടെ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തെ ത്വരിതപ്പെടുത്തുകയാണ് എന്ന് ചൂണ്ടിക്കാണിച്ച വാർ ഓൺ വാണ്ട് എന്ന പരിസ്ഥിതി സംഘടന, അത്തരത്തിൽ പ്രകൃതി മലിനീകരണത്തിന് വഴിയൊരുക്കുന്ന ബ്രിട്ടൻ 1 ട്രില്യൺ പൗണ്ട് നഷ്ടപരിഹാരമായി വികസ്വര രാജ്യങ്ങൾക്ക് നൽകണം എന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ബ്രിട്ടൻ ഇന്ന് ലോകത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ്.

അന്താരാഷ്ട്ര വേദിയിൽ ഇതാദ്യമായി ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിൽ ഋഷിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഈജിപ്തിൽ നടക്കുന്ന കോപ് 27 ൽ പങ്കെടുക്കുവാനുള്ളത്. പല ലോക നേതാക്കളുമായി മുഖാമുഖ ചർച്ചകൾക്ക് അത് വഴിതെളിച്ചു. സ്വീഡിഷ് പ്രധാനമന്ത്രി, ഒരു കടലാസിൽ തന്റെ പേരും നമ്പറും എഴുതിക്കൊടുത്തായിരുന്നു ഋഷി സുനകിനെ ക്ഷണിച്ചത്. സ്വീഡിഷ് പ്രസിഡണ്ട് ഉൽഫ് ക്രിസ്റ്റെർസണിനെ കൂടാതെ യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസുല വോൺ ഡേർ ലെയെനുമായും ഋഷി കൂടിക്കാഴ്‌ച്ച നടത്തി.

ഇറ്റലിയിൽ പുതിയതായി അധികാരത്തിലേറിയ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജിയോർജിയ മെകോനിയുമായുംഋഷി കൂടിക്കാഴ്‌ച്ച നടത്തി. മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ തന്നെയായിരുന്നു ഇരുവരും അല്പനേരം സംഭാഷണത്തിൽ ഏർപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്ര വലതുപക്ഷവാദിയായ മെലോനി ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രി കൂടിയാണ്.

ഇന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി ഋഷി സുനാക് കൂടിക്കാഴ്‌ച്ച നടത്തും. കാലാവസ്ഥ പ്രശ്നങ്ങൾക്ക് പുറമെ ചാനൽ വഴിയുള്ള അനധികൃത അഭയാർത്ഥി പ്രവാഹവും ചർച്ചയിൽ വിഷയമായേക്കും എന്ന് കരുതുന്നു. നോർത്തേൺ അയർലാൻഡ് പ്രോട്ടോക്കോൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കും ഇടയിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുംപ്പ്ഴും യൂറോപ്യൻ യൂണ്യുയൻ പ്രസിഡണ്ട് ഉറുസ്വലയുമായുള്ള ഋഷിയുടെ കൂടിക്കാഴ്‌ച്ചയി ഏറെ സംസാരിച്ചത് കാലാവസ്ഥ വ്യതിയാനവും യുക്രെയിൻ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആയിരുന്നു.

ഉച്ചകോടിയിലെ ഭക്ഷണവും വിവാദമാകുന്നു

പ്രകൃതിയെ സംരക്ഷിക്കുന്നതിനായി മാംസാഹാരം നിയന്ത്രിക്കണം എന്ന മുറവിളി ഉയരുന്ന വേളയിൽ പരിസ്ഥിതി സംരക്ഷണത്തിനായി ചേർന്ന ഉച്ചകോടിയിലെ തീന്മേശയിലെത്തുന്നത് അധികവും വിലകൂടിയ മാംസാഹാരങ്ങൾ. 100 ഡോളർ വിലവരുന്ന കൂൺ സോസ് പുരട്ടിയ ബീഫ് മെഡലിയ്ൺസ് മുതൽ 50 ഡോളർ വിലവരുന്ന കടൽ മത്സ്യം വരെ തീൻ മേശയിൽ നിരന്നപ്പോൾ പല പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത് ഈ ഉച്ചകോടിയുടെ നിരർത്ഥകതയാണ്.

ആഗോളാടിസ്ഥാനത്തിൽ തന്നെ മാംസാഹാരത്തിന്റെ ഉപയോഗം കുറക്കണം എന്ന ആവശ്യമുയരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മാത്രമല്ല, കഴിഞ്ഞവർഷം യു കെയിലെ ഗ്ലാസ്ഗോയിൽ നടന്ന കോപ് 26 ൽ പ്രകൃതി സംരക്ഷണത്തിനായി ജനങ്ങൾ മാംസാഹാരവും വിമാനയാത്രയും നിയന്ത്രിക്കണം എന്ന് യു കെയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവായ സർ പാട്രിക് വാലസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രകൃതി സ്നേഹികളുടെ മുഖത്തേറ്റ അടിയാണ് ഉച്ചകോടിയിലെ ഭക്ഷ്യവിഭവങ്ങൾ എന്ന് മൃഗങ്ങൾക്കായി പ്രവർത്തിക്കുന്ന അനിമൽ റെബെല്ലിയൺ എന്ന സംഘടന കുറ്റപ്പെടുത്തുന്നു.

പൊതുരംഗം വിടാൻ ഉറച്ച് ഗ്രെറ്റ തുൻബർഗ്

വളരെ ചെറിയ കാലയളവിൽ പ്രകൃതിസംരകഷണത്തിനായി ഏറെ പ്രവർത്തനങ്ങൾ നടത്തി ലോക ശ്രദ്ധ പിടിച്ചുപടിയ ഗ്രേറ്റ തുൻബർഗ്, തന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ, യൂറോപ്പിലാകമാനം ഇനിയും പ്രകൃതി സംരക്ഷണത്തിനായി നിരവധിസമരങ്ങൾ ഉയർന്നു വരേണ്ടതുണ്ട് എന്നും അവർ അഭിപ്രായപ്പെടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ യഥാർത്ഥ ദുരിതം അനുഭവിക്കുന്നവർ മുന്നോട്ട് വരാൻ വേണ്ടിയാണ് താൻ അരങ്ങൊഴിയുന്നതെന്നും ഗ്രെറ്റ പറഞ്ഞു

സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഗ്രെറ്റ തുൻബർഗ് അതിവേഗമായിരുന്നു സ്വീഡനു വെളിയിലേക്കും വളർന്നത്. ലോകത്തിന്റെ സ്നേഹവും ദേഷ്യവും ഒരുപോലെ ഏറ്റുവാങ്ങിയ മറ്റൊരു വ്യക്തിത്വം വർത്തമാനകാലത്ത് ഇല്ല എന്നുതന്നെ പറയാം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു കളം വിടാൻ ഒരുങ്ങുന്ന കാര്യം ഗ്രെറ്റ സൂചിപ്പിച്ചത്. ഭാവി പരിപാടികളെകുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല എന്നും അവർ പറഞ്ഞു.