- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷം മുൻപ് തളർന്ന് വീണപ്പോൾ ആദ്യം തിരിച്ചറിഞ്ഞു; ലംഗ്സ് കാൻസർ തലച്ചോറിലേക്ക് പടർന്നപ്പോൾ മരണം സമ്മതിച്ചു; ബ്രിട്ടനിലെ പോപുലർ അവതാരകൻ ജോണി ഇർവിനും മരണത്തിന് തയ്യാറെടുക്കുന്നു
ലണ്ടൻ: ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരേയൊരു കാര്യമാണ് മരണം എന്ന റിയാമെങ്കിലും, അതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഭയമാണ് നമുക്ക്. ആരും ആലോചിക്കുവാൻ കൂടി ഇഷ്ടപ്പെടാത്ത ആ മരണത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുവാൻ സന്തോഷത്തോടെ ജീവിക്കുകയാണ് പ്രശസ്ത ടി വി അവതാരകനായ ജോണി ഇർവിൻ. ഗുരുതരമായ കാൻസർ രോഗം ബാധിച്ച ഈ 48 കാരൻ ഇപ്പോൾ അക്കാര്യം പരസ്യമായി പങ്കു വച്ചിരിക്കുകയാണ്.
ചാനൽ 4 ലെ ''എ പ്ലേസ് ഇൻ ദി സൺ'' ബി ബി സിയിലെ ''എസ്‌കേപ് ടു ദി കൺട്രി'' എന്നീ പരിപാടികളിലൂടെ ജനഹൃദയം കീഴടക്കിയ ജോണി ഇർവിൻ ഹലോ മാസികക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് തന്റെ ശ്വാസകോശത്തിലെ അർബുദ രോഗം ഇപ്പോൾ മസ്തിഷ്‌കത്തിലേക്കും പടർന്നതായി പറഞ്ഞത്. എനിക്ക് ഇനിയും എത്ര സമയം ബാക്കിയുണ്ടെന്ന് അറിയില്ല, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറ്റലിയിൽ, എ പ്ലേസ് ഇൻ ദി സൺ എന്ന പരിപാടിയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ആദ്യമായി താൻ അർബുദ ബാധിതനാണെന്ന് തിരിച്ചറിയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 2020 ആഗസ്റ്റിൽ ഷൂട്ടിംഗിനിടയിൽ കാറോടിച്ച് പോകുമ്പോൾ കാഴ്‌ച്ചകൾക്ക് മങ്ങൽ അനുഭവപ്പെട്ടു. ഷൂട്ടിങ് കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും കാര്യം ഗുരുതരമായിരുന്നു. ഒറ്റക്ക് ജീവിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാനായി അക്കാര്യം ആദ്യം ഭാര്യയെ അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
താൻ ഇക്കാര്യം തികച്ചും സ്വകാര്യമായി വയ്ക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് മൂന്നു കുട്ടികളുടെ പിതാവായ ഈ 48 കാരൻ പറഞ്ഞു. പക്ഷെ, ഉള്ളിലെ വൃത്തികെട്ട ഏതോ രഹസ്യം ചുമക്കുന്നത് പോലെ ഭാരം അനുഭവപ്പെടാൻ തുടങ്ങി. മനസ്സിനകത്തെ ആ ഭാരം പുറത്തു വലിച്ചെറിഞ്ഞാൽ തന്നെപ്പോലെ ദിവസങ്ങൾ എണ്ണിക്കഴിയുന്ന പലർക്കും, അവരുടെ ബാക്കിയുള്ള ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഹ്ലാദപൂർണ്ണമാക്കാൻ കഴിഞ്ഞേക്കും എന്ന വിശ്വസാത്തിലാണ് ഇപ്പോൾ ഇക്കാര്യം തുറന്ന് പറയുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഒരുനാൾ മരണം എന്നെത്തേടിയെത്തും എന്ന് എനിക്ക് ഉറപ്പാണ്, എന്നാൽ, ആ ദിവസം കഴിയുന്നത്ര വൈകിക്കാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്, അദ്ദേഹം പറയുന്നു. ഒരു കുടുംബനാഥൻ എന്ന നിലയിൽ തന്റെ കടമകൾ പരമാവധി നിർവഹിക്കാനും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ഈ വാർത്ത പരന്നതോടെ ജോണി ഇർവിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പ്രാർത്ഥനകളും ആശംസകളും കൊണ്ട് നിറയുകയാണ്.
തങ്ങളുടെ പ്രിയപ്പെട്ട അവതാരകന് സംഭവിച്ച ദുര്യോഗത്തിൽ പല ആരാധകരും ഞെട്ടലും ശോകവും രേഖപ്പെടുത്തുമ്പോഴും, അദ്ദേഹത്തിനായി പ്രാർത്ഥിക്കുവാൻ ആരും മറക്കുന്നില്ല. ഇനിയും ഏറെ നാൾ അവതാരകൻ എന്ന നിലയിൽ പ്രവർത്തിക്കാൻ ജോണിയെ ദൈവം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നവരും ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ