ലണ്ടൻ: പുറത്തുള്ളവർക്ക് കരാർ നൽകി പണിപൂർത്തിയാക്കുന്ന ഔട്ട്സോഴ്സിങ് എന്ന ആശയം ഐ ടി വിപ്ലവത്തോടെയായിരുന്നു അതിന്റെ പൂർണ്ണതയിൽ എത്തിയത്. മാനവ വിഭവശേഷി ഏറെ ആവശ്യമായ ഐ ടി മേഖലയിൽ, ചെലവ് കുറഞ്ഞ മാനവവിഭവ ശേഷി ലഭ്യമാകുന്ന ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് വിദേശ കമ്പനികൾ ജോലികൾ ഔട്ട്സോഴ്സ് ചെയ്യാൻ തുടങ്ങിയതോടെയായിരുന്നു ഇന്ത്യ ഐ ടി രംഗത്ത് ഏറെ കുതിപ്പ് നടത്തിയത്.

കോവിഡ് പ്രതിസന്ധി, വർക്ക് ഫ്രം ഹോം സമ്പ്രദായത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ ഔട്ട്സോഴ്സിംഗിന്റെ സാധ്യതകളും വിപുലപ്പെടുകയായിരുന്നു. ഇന്ന് ഐ. ടി, സാമ്പത്തിക മേഖലകൾ കൂടാതെ പല പുതിയ മേഖലകളും ഔട്ട്സോഴ്സിംഗിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ്. പ്രവർത്തന ചെലവ് ഏറെ കുറയ്ക്കാമെന്നതും, ജീവനക്കാരെ പരിപാലിക്കുന്നതിൽ സമയം നഷ്ടപ്പെടുത്താതെ, മറ്റ് ക്രിയാത്മക പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താമെന്നതുമാണ് ഔട്ട്സോഴ്സിംഗിന്റെ പ്രധാന ആകർഷണം.

ആഗോളാടിസ്ഥാനത്തിൽ തന്നെ ഔട്ട്സോഴ്സിങ് കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ, ആ ആശയം ഇപ്പോൾ മലയാള സിനിമയിലേക്കും കടന്നു വരികയാണ്. അനൂപ് മേനോന്റെ വരാൽ എന്ന ചിത്രമാണ് ഈ പുതിയ രീതി മലയാള സിനിമയിൽ എത്തിച്ചിരിക്കുന്നത്. യു കെ മലയാളികളായറോനു റോയ്, ഷിൻസ് കെ ജോസ് എന്നിവരാണ് ഇതിലെ രണ്ട് സീനുകൾ യു കെയിൽ ചിത്രീകരിച്ചത്. അനൂപ് മേനോന്റെ തൂലികയിൽ പിറന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അവർ യു കെയിൽ വസിക്കുന്ന കലാകാരന്മാരെ കണ്ടെത്തുകയായിരുന്നു.

ഇത് ഒരു തുടക്കം മാത്രമാണെന്നും, കൂടുതൽ പ്രാദേശിക സിനിമകൾ ഈ പാത പിന്തുടരുമെന്നുമാണ് ഇരുവരും വിശ്വസിക്കുന്നത്. ഇത് യു കെയിലെ വളർന്നു വരുന്ന കലാകാരന്മാർക്കും ടെക്നീഷ്യന്മാർക്കും പുതിയ അവസരങ്ങൾ നേടിക്കൊടുക്കുമെന്നും റോനുവും ഷിൻസും പറയുന്നു. അനൂപ് മേനോൻ എഴുതിയ വരാൽ ആധുനിക കാലത്തെ കേരള രാഷ്ട്രീയത്തെ വ്യാഖ്യാനം ചെയ്യുന്ന ചിത്രമാണ്. തേൻകെണി ഉൾപ്പടെയുള്ള സമകാലിക സംഭവങ്ങൾ പലതും കോർത്തിയിണക്കിയിട്ടുണ്ട് ഇതിൽ.

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ തുടങ്ങിയവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ സിനിമ കണ്ണൻ താമരക്കുളമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡ്രാമ - ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ചിത്രത്തിലെ രണ്ടു സീനുകൾ കാർഡിഫ് ബേയിൽ ഷൂട്ടു ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ അതീവ പ്രാധാന്യമുള്ള ഭാഗത്താണ് ഇത് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ബ്രിസ്റ്റോളിൽ താമസിക്കുന്ന സുഷ്മിത് സതീശൻ, കാർഡിഫിലെ ഫിലിപ് അലക്സാണ്ടർ, റോബർട്ട് റോയ് എന്നിവരാണ് ഈ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോൾ കാർഡിഫിൽ താമസിക്കുന്ന, കോതമംഗലം സ്വദേശിയായ റോണു റോയ് നേരത്തേ മലയാളം സിനിമ ഇൻഡസ്ട്രിയിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. വെയിൽസിൽ താമസിക്കുന്ന കുമിളി സ്വദേശിയായ ഷിൻസ് കെ ജോസ് അറിയപ്പെടുന്ന ഛായാഗ്രാഹകനാണ്. ഡ്രാമ, പത്തു കല്പനകൾ തുടങ്ങിയ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെ യു കെ ഷെഡ്യുളിനായി ക്യാമറ ചലിപ്പിച്ചിട്ടുമുണ്ട്. അവർ അടുത്തിടെ പുറത്തിറക്കിയ സായ എന്ന സംഗീത ആൽബം, തമിഴ് മ്യുസിക് ഇൻഡസ്ട്രിയിൽ വൻ ഹിറ്റായിരുന്നു.