പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ രണ്ട് അഗ്‌നിശമന സൈനികർ കൊല്ലപ്പെട്ടു. അവർ സഞ്ചരിച്ചിരുന്ന ഫയർ എഞ്ചിനിൽ ലാറ്റം എയർലൈൻസ് വിമാനം ഇടിച്ചതിനെ തുടർന്നായിരുന്നു അപകടമുണ്ടായത്. പറന്നുയരാനായി റൺവേയിലൂടെ കുതിക്കുന്നതിനിടയിലായിരുന്നു അപകടം. ഫയർ എഞ്ചിൻ, റൺവേയിലേക്ക് കടന്ന് 120 യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങുന്ന വിമാനത്തിന് മുൻപിലെത്തുകയായിരുന്നു. 

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സിച്ചതായി പെറു ആരോഗ്യകാര്യ മന്ത്രി അറിയിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ജെറ്റ് വിമാനം ഫയർ എഞ്ചിനുമായി കൂട്ടിയിടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇടിച്ച ഉടൻ തന്നെ തീ പിടിക്കുന്നതും പുക ഉയരുന്നതും കാണാം. പിന്നീട് വിമാനം നിൽക്കുകയും ചെയ്തു.

ജോർജ്ജ് ഷാവെസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ലിമ എയർപോർട്ട് പാർട്ട്ണേഴ്സ്, വിമാനത്താവളത്തിന്റെ പ്രവർത്തനം തത്ക്കാലത്തേക്ക് മരവിപ്പിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. എയർബസ് എ 320 നിയോ വിമാനത്തിൽ 120 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നതായും അവർ അറിയിച്ചിട്ടുണ്ട്. ഡിപ്പാർച്ചർ ലോഞ്ചിൽ ഉണ്ടയിരുന്ന മറ്റ് യാത്രക്കാർ ഈ സംഭവം കണ്ട് അക്ഷരാർത്ഥത്തിൽ നടുങ്ങി. വിമാനം നിന്നതോടെ ഫയർ എഞ്ചിനുകളും ആംബുലൻസും അതിനടുത്ത് എത്തിയതായി ഒരു ദൃക്സാക്ഷി പറഞ്ഞു.

ഫയർ എഞ്ചിനിൽ വിമാനം ഇടിച്ച് രണ്ട് അഗ്‌നിശമന പ്രവർത്തകർ കൊല്ലപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും ഫയർ ഡിപ്പാർട്ട്മെന്റ് ജനറൽ കമാൻഡർ സ്ഥിരീകരിച്ചു. ഇടിക്കുന്ന സമയത്ത് വിമാനവും ഫയർ എഞ്ചിനും ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും അത് ഇടിയുടെ ആഘാതം വർദ്ധിപ്പിച്ചു എന്നും കമാൻഡർ കൂട്ടിച്ചേർത്തു. മരണമടഞ്ഞ അഗ്‌നിശമന പ്രവർത്തകരുടെ കുടുംബത്തോട് പ്രസിഡണ്ട് പെഡ്രോ കാസ്റ്റിലോ അനുശോചനം അറിയിച്ചു.

എൽ എ 2213 എന്ന വിമാനം ലിമാസിലെ പ്രധാന വിമാനത്താവളത്തിൽ നിന്നും പെറുവിയൻ നഗരമായ ജൂലിയാകയിലേക്ക് പോവുകയായിരുന്നു. റൺവേയിൽ ഉള്ള വലിയൊരു വിമാനത്തിൽ നിന്നും പുക ഉയരുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുള്ളത്. ഫയർ എഞ്ചിൻ റൺവേയിൽ എത്തുവാനുള്ള കാരണം വ്യക്തമായിട്ടില്ല. അത്തരത്തിൽ ഒരു അടിയന്തര സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഏതായാലും ഈ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.