ലണ്ടൻ: ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു 2015 ഫെബ്രുവരിയിൽ ഹിന്ദുജ കുടുംബത്തിൽ നടന്ന വിവാഹം 15 മില്യൺ പൗണ്ട് ചെലവഴിച്ച് നടത്തിയ, ഗോപിചന്ദ് ഹിന്ദുജയുടേ മകന്റെ വിവാഹത്തിൽ ഏകദേശം 16,000 പേരായിരുന്നു പങ്കെടുത്തിരുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളിലായിരുന്നു സഞ്ചയ് ഹിന്ദുജ യുവ ഫാഷൻ ഡിസൈനറായ അനു മഹ്താനിയെ വരിച്ചത്.

വേദി കൊഴുപ്പിക്കാൻ നിരവധി ബോളിവുഡ് താരങ്ങൾ എത്തിയപ്പോൾ, സദസ്സിനെ സംഗീത സാന്ദ്രമാക്കാൻ എത്തിയത് സാക്ഷാൽ ജെന്നിഫർ ലോപസും നിക്കോളെ ഷെർസിംഗറുമായിരുന്നു. ഉദയ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയെ നിറച്ചു കൊണ്ടായിരുന്നു അതിഥികൾ എത്തിയ 208 സ്വകാര്യ ജറ്റുകൾ പാർക്കിങ് ചെയ്തിരുന്നത് എന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സ്വകാര്യ ജറ്റുകളിൽ എത്തിയ അതിഥികളെ ജെയിംസ്ബോണ്ട് സിനിമയായ ഒക്ടോപസ്സിയുടെ സെറ്റ് ആയിരുന്ന ജഗമന്ദിർ ഐലന്റ് പാലസ് ഹോട്ടലിലേക്ക് കൊണ്ടു പോയത് പ്രത്യേകം അലങ്കരിച്ച 14 ബോട്ടുകളിലായിരുന്നു. 16 രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ രുചി അന്ന് നുണഞ്ഞത് സെലിബ്രിട്ടികളും, ലോകനേതാക്കളും സാമൂഹ്യ ബിസിനസ്സ് രംഗത്തെ ഉന്നതരായ ഇന്ത്യൻ വരേണ്യ വർഗ്ഗവും ആയിരുന്നു. കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയുമൊക്കെ അതിഥികൾക്ക് നയനാന്ദകരമായിരുന്നു.

സമ്പത്തിന്റെ ആത്യന്തികമായ പ്രദർശനമായിരുന്ന ആ ദിവസം പക്ഷെ, 45 വർഷത്തെ ഒരുമിച്ചുള്ള ഒരു യാത്രയുടെ അന്ത്യം കുറിക്കുന്ന ദിനം കൂടിയായി എന്ന് ഇപ്പോൾ ലോകം അറിയുന്നു. ശ്രീചന്ദും ഗോപീചന്ദും സഹോദരന്മാരായ പ്രാകാഷ്, അശോക് എന്നിവർക്കൊപ്പം ഒരുമിച്ച്, തങ്ങളുടെ പിതാവിന്റെ ട്രേഡിങ് കമ്പനിയെ ഒരു ആഗോള ബിസിനസ്സ് ഭീമനാക്കിയ യാത്രയുടെ അവസാനത്തിനുള്ള സൂചനകൾ അന്ന് മുഴങ്ങിയിരുന്നത്രെ.

നാല് സഹോദരന്മാർ കൈവെക്കാത്ത ബിസിനസ്സ് മേഖലകൾ ഇല്ല എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെയായിരുന്നു ബിസിനസ്സ് രംഗത്തെ ഫാബ് ഫോർ എന്ന് ഇവർ അറിയപ്പെട്ടിരുന്നത്. 2010-ൽ ഇവർക്ക് ബിസിനസ്സ് രംഗത്തെ വൈവിധ്യത്തിനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. എന്നാൽ, ഈ ഒത്തൊരുമയുടെ കഥയെല്ലാം കേവലം ഭൂതകാല സ്മരണകളായി മാറിയിരിക്കുകയാണ്. മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജ മറവി രോഗബാധിതനായതോടെ കുടുംബത്തിൽ സ്വത്തിനായി കലാപം തുടങ്ങിയിരിക്കുകയാണ്.

മകന്റെ വിവാഹം ആഡംബരമായി നടത്തിയ ശ്രീചന്ദ് ഹിന്ദുജയുടെ ചികിത്സക്ക് മതിയായ പണം പോലും 14 ബില്യൺ പൗണ്ട് ആസ്തിയുള്ള കുടുംബത്തിൽ നിന്നും ലഭിക്കാതെയായതോടെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും സർക്കാർ ഫണ്ടഡ് കെയർ ഹോമിലേക്ക് മാറ്റാനുള്ള നിയമനടപടികൾ വരെ ആരംഭിക്കുന്ന സാഹചര്യമെത്തി. എന്നാൽ ഇക്കാര്യം സഹോദരൻ ഗോപീചന്ദിന്റെ അഭിഭാഷകർ നിഷേധിക്കുകയാണ്. 5 ലക്ഷം പൗണ്ട് അദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് ഗോപീചന്ദിന്റെ അഭിഭാഷകർ അവകാശപ്പെടുന്നത്.

താത്ക്കാലികമായി ഒരു സന്ധിയിൽ കുടുംബം എത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് എത്രനാൾ തുടരും എന്നത് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുകയാണ്. 40 രാജ്യങ്ങളിലായി 1.5 ലക്ഷത്തോളം പേരാണ് ഈ സാമ്രാജ്യത്തിൽ ജോലി ചെയ്യുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ബസ്സ് നിർമ്മാതാക്കളായ അശോക് ലേയ്ലാൻഡ് ഉൾപ്പടെയുള്ളവ ഇതിൽ ഉൾപ്പെടും. ലണ്ടൻ കോടതിയിലെ വ്യവഹാരം ബ്ലൂംബെർഗ് ന്യുസ് പുറത്തു കൊണ്ടു വന്നതോടെയാണ് ഈ കുടുംബ കലഹം പരസ്യമാകുന്നത്.