ലണ്ടൻ: ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് സീരീസ് ഉയർത്തുന്ന വിവാദങ്ങളെയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ഒരുഭാഗത്ത് ഹാരിയുടെയും മേഗന്റെയും നാടകം തുടരുമ്പോൽ ചാൾസ് മൂന്നാമൻ അതൊന്നു ശ്രദ്ധിക്കാതെ ലൂട്ടണിൽ പുതിയതായി നിർമ്മിച്ച ഗുരുനാനാക്ക് ഗുരുദ്വാരയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. രാജാവിന്റെ ബെഡ്ഫോർഡ്ഷയർ പട്ടണത്തിലേക്കുള്ള ഏകദിന സന്ദർശനത്തിന്റെ ഭാഗമായിരുന്നു ഈ പരിപാടി.

നീലയും ചാരനിറവും കലർന്ന കള്ളികൾ ഉള്ള വെളുത്ത സിക്ക് തലപ്പാവ് ധരിച്ചാണ് രാജാവ് ഈ ചടങ്ങിൽ പങ്കെടുത്തത്. മാത്രമല്ല, കോവിഡ് കാലത്ത് അതിഥികളെ സ്വീകരിക്കാൻ ഹസ്തദാനം ഒഴിവാക്കി ചാൾസ് സ്വീകരിച്ച അഭിവാദ്യ രീതിയായ കൈകൂപ്പി നമസ്തേ പറഞ്ഞായിരുന്നു അവിടെയുള്ളവരുമായി രാജാവ് ഇടപഴകിയത്. സന്നദ്ധ പ്രവർത്തകരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. പ്രാർത്ഥനാ ഹോളിൽ എത്തിയ അദ്ദേഹത്തിനെ ഷാൾ അണിയിക്കുകയും ചെയ്തു.

സിക്ക് സമിതിയിലെ അംഗമായ പ്രൊഫസ്സർ ഗുർച്ച് റാൻഡാവ രാജാവിനെ ഗുരുദ്വാരയിലേക്ക് സ്വീകരിച്ചാനയിച്ചു. ലൂട്ടണിലെ സിക്ക് സൂപ്പ് കിച്ചൻ സ്റ്റാൻഡും രാജാവ് സന്ദർശിച്ചു. ഭക്ഷ്യക്ഷാമം, പ്രാദേശിക സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അദ്ദേഹം സന്നദ്ധസേവകരുമായി സംസാരിക്കുകയും ചെയ്തു. സിക്ക് സ്‌കൂൾ നടത്തുന്ന സാമൂഹ്യ പ്രവർത്തകരുമായും സംസാരിച്ച രാജാവ് അവിടെ പഞ്ചാബിയും പരമ്പരാഗത സംഗീതവും പഠിക്കുന്ന വിദ്യാർത്ഥികളൂമായും ആശയവിനിമയം നടത്തുകയുണ്ടായി.

ഗുരുദ്വാര സന്ദർശനത്തിനു മുൻപായി ബെഡ്ഫോർഡ്ഷയർ ലോർഡ് ലെഫ്റ്റനന്റ് സുസൻ ലൗസാഡയേയും ലൂട്ടൺ മേയറേയും കൗൺസിലർ സമീര സല്ലെമിനേയും അദ്ദേഹം സന്ദർശിച്ചിരുന്നു. പൊതുജനങ്ങളുടെയും തദ്ദേശ സംഘടനകളുടെയും സാന്നിദ്ധ്യത്തിൽ ടൗൺഹാളിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്‌ച്ച നടന്നത്. ലൂട്ടൺ ഡാർട്ട് സന്ദർശിച്ച രാജാവ് അടുത്തവർഷം പ്രവർത്തനം ആരംഭിക്കുന്ന എയർപോർട്ട് ഷട്ടിലിൽ സവാരി ചെയ്യുകയും ചെയ്തു. ഡയറക്ട് എയർ- റെയിൽ ട്രാൻസിറ്റ് എന്ന ഡാർട്ട് ഡ്രൈവർ ഇല്ലാത്ത 2.2 കിലോമീറ്റർ ദൈർഘ്യത്തിലുള്ള, ഡ്രൈവർ ഇല്ലാത്ത റെയിൽ ഗതാഗത സംവിധാനമാണ്. ലൂട്ടൺ എയർപോർട്ട് പാർക്ക്വേ സ്റ്റേഷനിൽ നിന്നും എയർപോർട്ട് ടെർമിനൽ വരെ ഇത് 3 മിനിറ്റ് കൊണ്ട് ഓടിയെത്തും.