ലണ്ടൻ: കടുത്ത ശൈത്യം വീണ്ടും ബ്രിട്ടനിലെ മനുഷ്യജീവനുകൾ എടുക്കുവാൻ തുടങ്ങിയിരിക്കുന്നു. സോലിഹള്ളിലെ തണുത്തുറഞ്ഞു കിടന്ന തടാകത്തിനു മേലിലൂടെ നടന്ന ആറു കുട്ടികൾ ഐസ് പൊട്ടി ഉള്ളിലേക്ക് വീണു. ഇനിയും കണ്ടെത്താനാകാത്ത രണ്ടു കുട്ടികൾ മരണമടഞ്ഞെന്ന് സംശയം. രക്ഷപ്പെടുത്തിയ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സോലിഹള്ളിലെ കിങ്സ്ഹസ്റ്റിലെ ബാബ്സ് മിൽ പാർക്കിൽ ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം.

കടുത്ത തണുപ്പിൽ ഘനീഭവിച്ചു കിടന്ന തടാകത്തിനു മേൽ 12 വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്ന് അവർ നിന്നിരുന്നിടത്തെ ഐസ് പാളിയിൽ വിള്ളലുണ്ടാവുകയും അവർ താഴോട്ട് പോവുകയുമായിരുന്നു. ഇത് കണ്ടു നിന്നിരുന്ന, അവരുടെ സുഹൃത്തുക്കളായ മറ്റു നാലുപേർ രക്ഷിക്കാൻ ചെല്ലുകയും അപകടത്തിൽ പെടുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തുടർന്ന് വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അടിയന്തര സേവന വിഭാഗത്തിന് നാലു കുട്ടികളെ രക്ഷപ്പെടുത്താൻ ആയി. അവർ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലടിക്കുകയാണെന്ന് അടിയന്തര സേവന വിഭാഗത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. കാണാതായ മറ്റു രണ്ട് കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണെന്നും വക്താവ് അറിയിച്ചു.

ഇന്നലെ രാത്രിയും തിരച്ചിൽ തുടരുകയായിരുന്നു എന്ന് ഫയർ ആൻഡ് റെസ്‌ക്യു സർവ്വീസും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടയിൽ ഒരു കുട്ടി മരണമടഞ്ഞെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ അധികൃതർ വിസമ്മതിച്ചു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവർ അപകടം നടന്ന ഉടനെ തന്നെ പ്രതികരിച്ചു എന്നും ഐസ് പാളികൾ നീക്കം ചെയ്ത് കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു എന്നും ദൃക്സാക്ഷികൾ പറയുന്നു. രക്ഷപ്പെടുത്താനായ നാല് കുട്ടികൾക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.

രക്ഷപ്പെടുത്തിയ കുട്ടികളിൽ രണ്ടുപേരെ ബിർമ്മിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിലും രണ്ടു പേരെ ബിർമ്മിങ്ഹാം ഹേർട്ട്ലാൻഡ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ നിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനേയും ഹൈപോതെർമിയ ബാധിച്ച് ആശുപത്രിയിൽ ആക്കിയിട്ടുണ്ട്. ഇയാളുടെനില മെച്ചപ്പെട്ടു വരുന്നു എന്നാണ് സൂചന.

വെള്ളത്തിനടിയിൽ പോയ കുട്ടികളുടെ പ്രായവും, അവർ അവിടെ കിടക്കുന്ന സമയദൈർഘ്യവും, ജലത്തിന്റെ താപനിലയും പരിഗണിച്ചാൽ അവർ ജീവനോടെ ഉണ്ടാകാൻ ഇടയില്ല എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.