കൊച്ചി: നൈജീരിയയിൽ തടവിലായ ഇന്ത്യൻ നാവികർക്ക് ഉടൻ മോചനമുണ്ടാകില്ല. വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോകും. നൈജീരിയയിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വിഷയമാണ് ഇന്ത്യൻ നാവികരുടെ അറസ്റ്റ്. ക്രൂഡ് ഓയിൽ മോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാന ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ ഇതും വലിയ വിഷയമാണ്. ഇതോടെ ആരു ജയിച്ചാലും നാവികർക്ക് മോചനം എളുപ്പമാകില്ല.

നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ പാർട്ടിയായ ഓൾ പ്രോഗ്രസീവ്‌സ് കോൺഗ്രസ് (എപിസി) നേട്ടമായി ഉയർത്തിക്കാട്ടുകയാണ് രാജ്യാന്തരശ്രദ്ധ നേടിയ നാവികരുടെ അറസ്റ്റ്. അതുകൊണ്ട് തന്നെ അധികാരത്തിൽ തിരിച്ചെത്തിയാലും ഇന്ത്യൻ നാവികർക്ക് അനുകൂലമാകില്ല എപിസി. ക്രൂഡ് ഓയിൽ മോഷണം സജീവമായതു രാജ്യത്തിനു വൻ നഷ്ടമുണ്ടാകുന്നുവെന്ന ആരോപണം വർഷങ്ങളായി നൈജീരിയയിലെ പ്രതിപക്ഷകക്ഷികൾ ഉയർത്തുന്നതാണ്. അതുകൊണ്ട് പ്രതിപക്ഷം അധികാരത്തിൽ എത്തിയാലും രക്ഷയില്ല. അതായത് നാവികർക്ക് വിചാരണ നേരിടേണ്ടി വരും. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ അടക്കം തടവിലാണ്.

എണ്ണ മോഷണത്തിൽ ഭരണകർത്താക്കൾ ശക്തമായ നടപടിയെടുക്കാത്തതാണു ഇതിനു കാരണമെന്ന ആരോപണത്തിൽ നിന്നു മുഖം രക്ഷിക്കാനും തിരഞ്ഞെടുപ്പിൽ മേൽക്കൈ ലഭിക്കാനും നാവികരുടെ അറസ്റ്റ് സഹായിക്കുമെന്നാണു ഭരണകക്ഷിയുടെ പ്രതീക്ഷ. ഫെബ്രുവരി 25നാണു നൈജീരിയയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ്, സെനറ്റ് തുടങ്ങിയവയിലേക്കുള്ള തിരഞ്ഞെടുപ്പും അന്നു നടക്കും. മാർച്ച് 11നു നൈജീരിയയിലെ 36 സ്റ്റേറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും 28 സ്റ്റേറ്റുകളിലെ ഗവർണർമാരുടെ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമേ നാവികരുടെ മോചനത്തിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് പോലും നൈജീരിയ തയ്യാറാകൂ.

'എംടി ഹീറോയിക് ഇഡുൻ' കപ്പലിലെ 16 ജീവനക്കാരുടെ മോചനം എങ്ങുമെത്തുന്നില്ലെന്നതാണ് വസ്തുത. തടവിൽ തുടരുകയാണ് അവർ. നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്കാണ്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഗിനിയൻ സേനയുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ സംഘാംഗങ്ങൾക്ക് എല്ലാദിവസവും വീട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകൾ പോലും നൽകുന്നില്ല. ഇടയ്ക്കിടെ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാൻ നൽകുന്നത്.

നെജീരിയൻ നിയമ പ്രകാരമുള്ള നടപടികളിലേക്ക് അധികൃതർ കടന്നതോടെ ആശങ്കയിലാണ് നാവികർ. ഹീറോയിക് ഇഡുൻ കപ്പലിലെ നാവികർക്കെതിരെ നൈജീരിയ ചുമത്തിയത് ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ്. ഈ കുറ്റം തെളിഞ്ഞാൽ 12 വർഷം വരെ തടവു ലഭിച്ചേക്കാം. കൂടാതെ ശിക്ഷിക്കപ്പെട്ടാൽ 35 കോടി നൈജീരിയൻ നൈറ(അവിടുത്തെ പണം) കമ്പിനിക്കും ഓരോ ആൾക്കും 12 കോടി നൈറ പിഴയും നൽകേണ്ടി വരും.

നൈജീരിയയുടെ നിഗർ ഡെൽറ്റ് ഓയിൽ മൈനിൽ നിന്നും ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് കപ്പൽ അധികൃതർക്കെതിരായ ആരോപിക്കപ്പെടുന്ന കുറ്റം. ഓഗസ്റ്റ് മാസം അപ്‌കോ ഓയിൽ ഫീൽഡിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ ഹീറോയിക് ഇഡുൻ കപ്പൽ പ്രവേശിച്ചു എന്നതാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. നൈജീരിയയിലെ ബോണി ആങ്കേറജിലുള്ള ഹീറോയിക് ഇഡുൻ കപ്പലിലാണ് നാവികർ കഴിയുന്നത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ വിിദേശകാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിന് കൂടുതൽ സമയമെടുക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ആയുധധാരികളായ നൈജീരിയൻ നാവികസേന കപ്പലിൽ കാവലിലുണ്ട്്. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാജ്യം കപ്പിലിനെതിരെ ഉന്നയിക്കുന്നത്. എന്നാൽ നിയമത്തിന്റെ വഴിക്ക് കാര്യങ്ങൾ പോകട്ടെയെന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിയമ വിരുദ്ധമായി തടവിൽ വച്ചിരിക്കുന്നുവെന്ന പരാതിയിൽ നൈജീരിയക്കെതിരെ, നൈജീരിയയിലെ ഫെഡറൽ കോടതിയിലും, കടൽ തർക്കങ്ങൾ പരിഹരിക്കുന്ന ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കപ്പൽ കമ്പനിയും പരാതി നൽകിയിരിക്കുകയാണ്. ഈ വിഷയത്തിലും തീർപ്പ് വരേണ്ടതുണ്ട്. ഒരു ലക്ഷം ബാരലിന്റെ ലൈസന്മായി പോയത് മൂന്ന് ലക്ഷം ബാരൽ ശേഖരിക്കാൻ എന്നതാണ് ഉയരുന്ന വാദം. നൈജീരിയൻ നേവിയുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നതാണ് വസ്തുത. ഇതിനൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിച്ചു അനുകൂല പ്രചരണം നടത്തി. ഇതാണ് നൈജീരിയയെ പ്രധാനമായും പ്രകോപിപ്പിക്കുന്നത്. കടൽകൊള്ളക്കാരെന്ന തെറ്റായ പ്രചരണം നൈജീരിയൻ നേവിക്കെതിരെ നടത്തിയെന്നതും ഗൗരവത്തോടെയാണ് കാണുന്നത്.

കടൽകൊള്ളക്കാർ ഒരിക്കലും വലിയ കപ്പലിൽ ആക്രമിക്കില്ല. അവർ സ്പീഡ് ബോട്ടിലാണ് സഞ്ചരിച്ച് ആക്രമണങ്ങൾ നടത്തുന്നത്. അവർ ആക്രമിക്കേണ്ട കപ്പലിനെ കണ്ടാൽ അതിവേഗം ഇരച്ചു കയറും. കടൽ കൊള്ളക്കാർ ആരോടും രേഖകൾ ആവശ്യപ്പെടില്ല. ഇതെല്ലാം കപ്പൽ യാത്രക്കാർക്കും ജീവനക്കാർക്കും എല്ലാം അറിയാം. അതുകൊണ്ട് തന്നെ നൈജീരിയൻ നേവിയുടെ കപ്പലിനെ അനുസരിക്കാത്തത് വലിയ കുറ്റമാണ് ഇതാണ് വിവാദമാകുന്നത്. നൈജീരിയയിൽ ഓഗസ്റ്റ് 17ന് എത്താൻ ഹീറോയിക് ഇഡൻ എന്ന കപ്പലിന് അനുമതിയുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് ഏഴിന് ഈ കപ്പൽ അവരുടെ സമുദ്ര മേഖലയിൽ കയറി. ഇതാണ് നൈജീരിയൻ നേവിയുടെ പരിശോധനയ്ക്ക് കാരണം. ഓട്ടോമറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനം ഈ കപ്പൽ ഓഫ് ചെയതതും ബോധപൂർവ്വമാണ്. ഇതും കപ്പൽ കടലിൽ ഉണ്ടെന്ന് അറിയാതിരിക്കാനാണ്.

ടവിലുള്ള മലയാളികൾ ഉൾപ്പെടെ 26 പേർ മോചനത്തിന് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നൈജീരിയൻ കോടതി ജനുവരി പതിനൊന്നിലേക്ക് മാറ്റി. കപ്പൽ ഉടമകളായ കമ്പനിയുടെ അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്. നിയമാനുസൃതം ക്രൂഡ് ഓയിൽ വാങ്ങാൻ എത്തിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും രേഖകളും ഉൾപ്പെടെയാണ് ഹർജി നൽകിയത്. എന്നാൽ ഒരു ലക്ഷം ബാരലിന്റെ ലൈസൻസുമായി മൂന്ന് ലക്ഷം എടുക്കാൻ പോയി എന്ന ആരോപണം കോടതിയിലും നൈജീരിയൻ നേവി ചർച്ചയാക്കും. ഇതിനൊപ്പം ഓഗസ്റ്റ് 17ന് പ്രവേശിക്കേണ്ട കപ്പൽ എന്തിന് ഏഴിന് എത്തിയെന്ന ചോദ്യവും നിർണ്ണായകമാകും.

ഓഗസ്റ്റ് 8നു നൈജീരിയൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയപ്പോഴത്തെ സംഭവങ്ങളാണു കപ്പൽ ജീവനക്കാർക്കു വൻ ദുരിതമായി മാറിയത്. നൈജീരിയൻ നാഷനൽ പെട്രോളിയം കോർപറേഷന്റെയും (എൻഎൻപിസി) നേവിയുടെയും ക്ലിയറൻസ് ലഭിക്കാത്തതിനാൽ കപ്പലിനോടു സോൺ വിട്ടുപോകാൻ നിർദ്ദേശിച്ചു. കപ്പൽ സോണിന് 1015 നോട്ടിക്കൽ ൈമൽ പുറത്തേക്കു നീങ്ങുകയും ചെയ്തു. എന്നാൽ, അന്നു രാത്രി ഹീറോയിക് ഇഡുനെ നൈജീരിയൻ നാവികസേന വളഞ്ഞു. കപ്പൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തിരിച്ചറിയുന്നതിനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് (എഐഎസ്) പ്രവർത്തിപ്പിക്കാതെ എത്തിയ കപ്പലിൽ കടൽക്കൊള്ളക്കാരാണെന്നു ഭയന്ന ഹീറോയിക് ഇഡുൻ സുരക്ഷാ ചട്ടപ്രകാരം പരമാവധി വേഗത്തിൽ അവിടെനിന്നു നീങ്ങുകയും അപായസന്ദേശം നൽകുകയും ചെയ്തു. ഒന്നര മണിക്കൂറോളം പിന്തുടർന്ന ശേഷം നൈജീരിയൻ കപ്പൽ പിൻവാങ്ങി. പിന്നീട്, ഓഗസ്റ്റ് 14നു ഗിനി നാവികസേനാ കപ്പൽ 'ക്യാപ്റ്റൻ ഡേവിഡ്' ഹീറോയിക് ഇഡുനെ കണ്ടെത്തുകയും ഗിനിയിലെ മലാബോയിലേക്കു നിർബന്ധപൂർവം കൊണ്ടുപോകുകയുമാണു ചെയ്തത്. ഒരിക്കലും കടൽ കൊള്ളക്കാർ കപ്പലിൽ എത്താറില്ല. നേവി കപ്പലുകൾക്ക് ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് പ്രവർത്തിക്കാതെ പോകാനും കഴിയും. ഓഗസ്റ്റ് 8നു രാത്രി കടലിൽ തടഞ്ഞതു നൈജീരിയൻ നാവികസേനയുടെ കപ്പലായ 'ഗോൺഗോള' ആയിരുന്നുവെന്നതാണ് വസ്തുത.