സെൻട്രൽ ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ ഫിഷ് ടാങ്ക് പൊട്ടിയപ്പോൾ നിരവധി മനുഷ്യ ജീവനുകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. രാജ്യത്തെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഇവിടെ കൂറ്റൻ ടാങ്കാണ് തകർന്നടിഞ്ഞത്. പ്രാദേശിക സമയം വെളുപ്പിന് 5.50 ഓടെ , 82 അടി ഉയരമുള്ള അക്വാഡോം അക്വേറിയം തകർന്നപ്പോൾ അതിൽ ഉണ്ടായിരുന്ന 1500 ഓളം ഉഷ്ണമേഖലാ മത്സ്യങ്ങളാണ് ജീവൻ വെടിഞ്ഞത്. ഇവയിൽ പലതും അപൂർവ്വ ഇനങ്ങളുമായിരുന്നു.

ഈ കൂറ്റൻ അക്വേറിയം തകർന്നതോടെ പത്ത് ലക്ഷം ലിറ്റർ വെള്ളമാണ് ഹോട്ടലിന്റെ ലോബിയിലേക്ക് കുത്തിയൊലിച്ചെത്തിയത്. ഹോട്ടലിലെ വൈദ്യൂതി പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. പൊട്ടിത്തെറിച്ച കുപ്പിച്ചില്ലുകളിൽ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു ഈ അപകടം ഉണ്ടായതെങ്കിൽ, നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. അപകടസമയത്ത് ലോബിയിൽ ആൾത്തിരക്കില്ലാത്തതു കൊണ്ടു മാത്രമാണ് മനുഷ്യർക്ക് ജീവാപായം ഉണ്ടാകാതെ പോയത്.

ഒരു മണിക്കൂറല്ല, 5. 45 നായിരുന്നു അപകടമുണ്ടായതെങ്കിൽ കൂടി മനുഷ്യ ജീവനുകൾ നഷ്ടപ്പെടുമായിരുന്നു എന്നാണ് ബെർലിൻ മേയർ ഫ്രാൻസിസ്‌ക ഗിഫി പറഞ്ഞത്. രാത്രിയിലുണ്ടായ കൊടും തണുപ്പിൽ ഗ്ലാസ്സ് ടാങ്കിൽ വിള്ളൽ ഉണ്ടായിരിക്കാം എന്നാണ് അനുമാനിക്കുന്നത്. പിന്നീട് വെള്ളത്തിന്റെ ഭാരത്താൽ അത് പൊട്ടിത്തെറിക്കുകയായിരിക്കാം. ഏതായാലും പൊലീസ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ലോബിയുടെ താഴ്ഭാഗത്തെ ചെറിയ അക്വേറിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന നിരവധി ചെറു മീനുകളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വൈദ്യൂതി വിതരണം തടസ്സപ്പെട്ടതോടെ ഈ ടാങ്കുകളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തികാൻ ആകുന്നില്ല. എത്രയും പെട്ടെന്ന് അവയെ ആ ടാങ്കുകളിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുവാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ബെർലിൻ സൂ ഉൾപ്പടെയുള്ള നിരവ്ധി സ്ഥാപനങ്ങൾ സഹായ ഹസ്തവുമായി രംഗത്തുണ്ട്.

ലോകത്തിലെ തന്നെ സിലിണ്ടറാകൃതിയിലുള്ള ഏറ്റവും വലിയ ടാങ്ക് ആയിട്ടാണ് ഈ അക്വേറിയം പരിഗണിക്കപ്പെട്ടിരുന്നത്. ഫൈൻഡിങ് നെമോ എന്ന അനിമേഷൻ ചിത്രത്തിലൂടെ പ്രശസ്തമായ ബ്ലൂ ടാംഗ്, ക്ലൗൺഫിഷ് എന്നിവ ഉൾപ്പടേ 80 തരം വ്യത്യസ്ത മത്സ്യങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ടാങ്കിൽ ഉണ്ടായിരുന്ന 1500 മത്സ്യങ്ങളിൽ ഒന്നിനെ പോലും രക്ഷിക്കാനായില്ല എന്നതാണ് ദുഃഖകരം.