തൃശ്ശൂർ: സർവ്വകലാശാലയിൽ ഗവർണ്ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം. ഇതിനുള്ള ബിൽ നിയമസഭ പാസാക്കി. എന്നാൽ നിയമം ആകണമെങ്കിൽ ഗവർണ്ണറുടെ ഒപ്പു വേണം. ഒപ്പിടില്ലെന്ന് ഗവർണ്ണർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവർണ്ണർക്ക് വഴങ്ങാനാണ് സർക്കാരിന്റെ ശ്രമം. കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്ന കാർഷികോത്പാദന കമ്മിഷണർ അവധിയിൽ പോയതോടെ സർവകലാശാലയിലെ പ്രൊഫസർക്ക് ചുമതല കൈമാറിയത് ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമാണ്.

വെള്ളായണി കാമ്പസിലെ പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്‌സ് വിഭാഗം മേധാവി േഡാ. കെ. ആര്യയ്ക്കാണ് വൈസ് ചാൻസലറുടെ ചുമതല താത്കാലികമായി കൈമാറിയത്. ഇതിനെതിരേ പ്രസ്താവനയുമായി സിപിഎം. അനുകൂല സംഘടന രംഗത്തെത്തി. കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയിയാണ് വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്നത്. അവർ അവധിയിൽ പോയതോടെ സീനിയോറിറ്റി മറികടന്ന് മറ്റൊരു പ്രൊഫസർക്കാണ് പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി ചുമതല നൽകിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. അതായത് സിപിഎം തീരുമാനത്തെ എതിർക്കുകയാണ്. അതിനിടെ ഇതിനെ സിപിഎം-സിപിഐ തർക്കമായി മാറ്റാനും നീക്കമുണ്ട്.

വിസിയുടെ അധിക ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോൽപാദന കമ്മിഷണറുമായ ഇഷിത റോയിയുടെ താൽക്കാലിക അഭാവത്തിലാണ് 10 ദിവസത്തെ ചുമതല നൽകി മന്ത്രി പി.പ്രസാദ് ഉത്തരവിറക്കിയത്. ഗവർണർ കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലെടുത്ത തീരുമാനം മന്ത്രിയുടെ ഓഫിസ് സർവകലാശാലയെ അറിയിച്ചു. ആര്യ ചുമതലയേറ്റെടുത്തിട്ടുണ്ട്. സർവകലാശാലയിൽ പ്രഫസർ അല്ലാത്തയാൾക്കു ചുമതല നൽകിയതിനെതിരെ കേസ് നിലനിൽക്കുന്നതിനാൽ ഇഷിത റോയി ചുമതലയിൽ തുടരാൻ സാധ്യതയില്ല. 10 വർഷത്തിലധികം പ്രഫസർ തസ്തികയിൽ സേവന പരിചയമുള്ള പ്രഫസർമാരുടെ പട്ടിക കാർഷിക സർവകലാശാല, ഗവർണർക്കു നൽകിയിരുന്നു. ഇതിൽനിന്നാണ് ആര്യയുടെ നിയമനം.

ഇഷിതാ റോയിക്ക് വൈസ് ചാൻസലറുടെ അധികച്ചുമതല നൽകിയത് യുജിസി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് ജനറൽ കൗൺസിലിലെ അദ്ധ്യാപകപ്രതിനിധി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം. യുജിസി. മാനദണ്ഡങ്ങളെയും കേരള സർവീസ് ചട്ടങ്ങളെയും കോടതിയുടെ നിരീക്ഷണങ്ങളെയും ലംഘിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് അടിയന്തരമായി തിരുത്തി നിയമപ്രകാരം യോഗ്യരായവർക്ക് വൈസ് ചാൻസലറുടെ ചുമതല നൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ബി. സുമയും ജനറൽ സെക്രട്ടറി ഡോ. പി.കെ. സുരേഷ്‌കുമാറുമാണ് പ്രസ്താവനയിറക്കിയത്. യോഗ്യനായ പ്രൊഫസർ പട്ടികജാതിക്കാരനാണ് എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി പ്രതിഷേധാർഹവും ഭരണഘടനയുടെ നഗ്‌നമായ ലംഘനവും ആണെന്ന് നേതാക്കൾ പറഞ്ഞു. ഏറ്റവും സീനിയറായ പ്രൊഫസർക്ക് വൈസ് ചാൻസലറുടെ ചുമതല നൽകണമെന്ന് യുജിസി. മാനദണ്ഡത്തിൽ പറയുന്നില്ലെന്നും യോഗ്യനാണെന്ന് പറയപ്പെടുന്ന വ്യക്തി ആരോപണവിധേയനാണെന്നുമുള്ള വാദവുമായി സി.പി.െഎ. അനുകൂലസംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

ആര്യയ്ക്ക് പത്ത് ദിവസത്തേക്കാണ് ചുമതല. ചുമതലയുടെ കാലയളവ് ഉടൻ അവസാനിക്കുമെങ്കിലും ഇഷിത റോയി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ നീട്ടി നൽകാനാണു സാധ്യത. രാഷ്ട്രീയേതര നിലപാട് സ്വീകരിക്കുന്ന ആര്യ, മികച്ച അദ്ധ്യാപികയും സർവകലാശാലയിലെ സീനിയർ പ്രഫസർമാരിൽ പ്രധാനിയുമാണ്. സർവകലാശാലയിൽ ഏറ്റവും കൂടുതൽ കാലമായി സേവനമനുഷ്ഠിക്കുന്ന പ്രഫസർ എന്ന പ്രത്യേകതയും ആര്യയ്ക്കുണ്ട്.