ലണ്ടൻ: ശാസ്ത്രം ജയിക്കുമ്പോൾ മനുഷ്യൻ തോൽക്കുന്നുവെന്ന വാക്യം അന്വർത്ഥമാക്കിക്കൊണ്ട് ബ്രിട്ടീഷ് സമൂഹത്തിൽ ആശങ്കയേറുകയാണ്. സ്‌കോട്ട്ലാൻഡിൽ നിന്നും സമൂഹമാധ്യമങ്ങളിൽ വരുന്ന നിരവധി പരസ്യങ്ങളാണ് ഈ ആശങ്കയുണർത്തുന്നത്. 1754 മുതൽ തന്നെ ഒളിച്ചോടി വരുന്നവർക്ക് അഭയമേകുന്നതിൽ പ്രശസ്തമായ, ഇംഗ്ലണ്ട് സ്‌കോട്ട്ലാൻഡ് അതിർത്തിയിലുള്ള ഗ്രെറ്റ്ന ഒരിക്കൽ കൂടി ജനശ്രദ്ധ ആകർഷിക്കുകയുമാണ്.

ഇംഗ്ലണ്ടിൽ വിവാഹ നിയമങ്ങൾ കർശനമായിരുന്നപ്പോൾ, താരതമ്യേന കാർക്കശ്യം കുറഞ്ഞ സ്‌കോട്ട്ലാൻഡിലേക്ക് വിവാഹം കഴിക്കാൻ ഓടിയെത്തിയവർ ഏറെയായിരുന്നു. അക്കാലമൊക്കെ ഇന്ന് വെറും ഓർമ്മയായി മാറിയിരിക്കുന്നു. എന്നാൽ, മറ്റൊരു കാര്യത്തിനായി ഇംഗ്ലണ്ടിൽ നിന്നും യു കെയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ഇപ്പോൾ ജനങ്ങൾ ഇവിടേക്ക് ആകർഷിക്കപ്പെടുകയാണ്.

ഇത്തവണയും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത് സ്‌കോട്ട്ലാൻഡിലെ ലിബറൽ ആയ നിയമങ്ങൾ തന്നെയാണ് എന്നത് യാദൃശ്ചികമാകാം. ഇന്ന് വോട്ടിനിടുന്ന പുതിയ നിയമമനുസരിച്ച്, സ്‌കോട്ട്ലാൻഡിൽ താമസിക്കുന്ന, അത് താത്ക്കാലിക താമസമാണെങ്കിൽ കൂടി, 16 വയസ്സ് പൂർത്തിയാക്കിയ ആർക്കും മാതാപിതാക്കളുടെ സമ്മതമില്ലാതെ തന്നെ ലിംഗമാറ്റം നടത്താൻ കഴിയും. ഒറ്റയടിക്ക് നടക്കുന്ന ഒന്നല്ല ലിംഗമാറ്റം എന്നത്. അവരുടെ ആഗ്രഹം അറിയിച്ച് ആറുമാസത്തിനുള്ളിൽ ലിംഗമാറ്റം പൂർത്തിയാക്കാൻ കഴിയും.

ലിംഗമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും എൻ എച്ച് എസ് കൂടുതൽ കർക്കശമാക്കുന്ന സമയത്താണ് സ്‌കോട്ട്ലാൻഡ് കൂടുതൽ ലിബറൽ ആയ നിയമവുമായി വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അഴിമതികളുടെ ഒരു തുടർക്കഥ തന്നെ പുറത്തു വന്നതോടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ടാവിസ്റ്റോക്ക് ജെൻഡർ ഐഡന്റിറ്റി ഡെവെലപ്മെന്റ് സർവീസ് അടച്ചു പൂട്ടുന്ന സാഹചര്യം വരെ ഉണ്ടായി എന്നതോർക്കണം.

ടാവിസ്റ്റോക്കിലേക്ക് റെഫർ ചെയ്യപ്പെടുന്ന രോഗികളെ അതിവേഗം ലിംഗമാറ്റ പ്രക്രിയകൾക്ക് വിധേയമാക്കുന്നു എന്ന് ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം എടുത്തത്. ഈ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ സ്‌കോട്ട്ലാൻഡിലേക്ക് കൂടുതൽ എളുപ്പമായ ലിംഗമാറ്റത്തിന് ക്ഷണിക്കുന്നത്. ഇതിനായി സ്‌കോട്ട്ലാൻഡിൽ സ്ഥിരതാമസം വേണമെന്നില്ല. സ്‌കോട്ട്ലാൻഡിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി പോയി ഒഴിവുകാലത്ത് പുതിയ ജെൻഡർ ഐഡന്റിറ്റിയുമായി വീട്ടിലെത്താം എന്നും ഇത്തരത്തിലുള്ള ഒരു ട്വീറ്റർ പോസ്റ്റിൽ പറയുന്നു.

എന്നാൽ, ഈ ബില്ലിനെതിരെ കടുത്ത എതിർപ്പും ഉയരുന്നുണ്ട്. കൗമാരക്കാർക്ക് ലിംഗമാറ്റത്തിനു വിധേയമാകാൻ അനുമതി നൽകുന്ന നിയമം അരജകത്വത്തിന് വഴിയൊരുക്കുമെന്ന് ചിലർ വാദിക്കുന്നു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ ആകില്ലെന്ന് പറഞ്ഞ് മുൻ മന്ത്രികൂടിയായ സ്‌കോട്ടിഷ് പാർലമെന്റംഗം ആഷ് റീഗൻ തത്സ്ഥാനം രാജിവയ്കുകയും ചെയ്തു.

സ്‌കോട്ടിഷ് കൺസർവേറ്റീവുകൾ ഈ വിൽ അവതരിപ്പിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും, അത് അവഗണിച്ച് ഇന്നലെ നടന്ന മാരത്തോൺ പാർലമെന്ററി സെഷനിൽ ഈ നിയമത്തിന് 150 ഓളം ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. ഇന്ന് ആ ബിൽ പാസ്സാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽഅംഗീകരിക്കപ്പെട്ടതിൽ ഒരു ഭേദഗതി അനുസരിച്ച് 16-17 വയസ്സുള്ളവർ ലിംഗമാറ്റത്തിനായി അപേക്ഷ നൽകി ആറു മാസം വരെ കാത്തിരിക്കണം. നേരത്തേ ഇത് മൂന്ന് മാസമായിരുന്നു.

എന്നാൽ, തന്റെ സെൽഫ് ഐഡന്റിഫിക്കേഷൻ എന്ന നയത്തിൽ നിന്നും തീരെ വ്യതിചലിക്കുവാൻ സ്റ്റർജൻ തയ്യാറല്ല,. അതനുസരിച്ച് ജെൻഡർ ഡിസ്ഫോറിയ ഡോക്ടർമാർ പരിശോധിച്ച് ഉറപ്പു വരുത്താതെ തന്നെ ആളുകൾക്ക് ലിംഗമാറ്റം നടത്താൻ കഴിയും.