മാമൂലുകളിൽ നിന്നും മോചനം നേടി ആധുനിക ലോകത്തിലേക്ക് അതിവേഗംകുതിക്കുകയാണ് സൗദി അറേബ്യ. കിരീടാവകാശിയായ എം ബി എസ് കൊണ്ടുവരുന്ന ഓരോ പരിഷ്‌കാരങ്ങളും സൗദിയെ കൂടുതൽ ആധുനികമാക്കുകയാണ്. പരീക്ഷഹാളിൽ പർദ്ദ നിരോധിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തെ കാര്യം.

മാറുന്ന സൗദിയുടെ പുതിയ മുഖമായി എത്തുകയാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റോണാൾഡോ. അദ്ദേഹവും കുടുംബവും സൗദിയിലേക്ക് താമസം മാറ്റുകയാണ്. സൗദി അറേബ്യയെ പാശ്ചാത്യർക്ക് കൂടുതൽ ആകർഷകമാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന സൗദി ഭരണാധികാരികൾ അദ്ദേഹത്തിന് നൽകാൻ പോകുന്നത് ഊഷ്മളമായ വരവേൽപാന്.

പ്രതിവർഷം 175 മില്യൺ പൗണ്ട് പ്രതിഫലം ഉറപ്പാക്കുന്ന ഒരു കരാർ സൗദി ഫുട്ബോൾ ക്ലബ്ബായ അൽ നാസ്സറുമായി ഒപ്പുവയ്ക്കാൻ ഒരുങ്ങുകയാണ് 37 കാരനായ പോർച്ചുഗീസ് സ്ട്രൈക്കർ. 2030-ലെ ലോകകപ്പ് വേദിയാകുവാൻ ശ്രമിക്കുന്ന സൗദി അറേബ്യയുടെ അംബാസിഡർ ആക്കി ഈ ഫുട്ബോൾ ഇതിഹാസത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുവാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഖത്തറിൽ നടന്ന ലോകകപ്പിൽ മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിനെയായിരുന്നു അംബാസിഡർ ആയി അവതരിപ്പിച്ചിരുന്നത്.

സൗദിയിലേക്ക് താമസം മാറ്റിയാൽ, ഈ ഇസ്ലാമിക രാജ്യത്തെ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന താമസക്കാരനായി ഈ പോർച്ചുഗീസു താരം മാറും. രാജ്യത്തെ ഏറ്റവും വലിയ ആഡംബര സൗധങ്ങളിൽ ഒന്നിലായിരിക്കും റൊണാൾഡോ താമസിക്കുക. റിയാദിലുള്ള, 12.2 മില്യൺ പൗണ്ട് വില വരുന്ന ആഡംബര സൗധം റൊണാൾഡോ വാങ്ങിയേക്കും എന്നറിയുന്നു.

അഞ്ചു കുട്ടികളൂടെ പിതവ് കൂടിയായ റൊണാൾഡോ, തന്റെ ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസ്സിനും മക്കൾക്കും ഒപ്പം കൊട്ടാരത്തിലോ അല്ലെങ്കിൽ വെസ്റ്റേൺ കോമ്പൗണ്ടിലോ ആയിരിക്കും താമസിക്കുക. സൗദിയിലെ കർശനമായ ഇസ്ലാമിക നിയമങ്ങൾ ഈ മേഖലയിൽ അത്രയധികം പ്രാബല്യത്തിലില്ല. രാജ്യത്തെ ആധുനിക വൽക്കരിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രവർത്തനങ്ങളിലെ ഏറ്റവും ഒടുവിലത്തെ നടപടിയായിട്ടാണ് റൊണാൾഡോയുടെ വരവിനെ കാണുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ കാലാവധി കഴിഞ്ഞ ഉടൻ തന്നെ റിയാദ് ആസ്ഥാനമായുൾല അൽ നാസർ ക്ലബ്ബ് റൊണാൾഡോയെ നോട്ടമിട്ടിരുന്നു. ക്ലബ്ബിനെ വിമർശിച്ചതിനെ തുടർന്ന് റോണാൾഡോയുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കുകയായിരുന്നു. വളരെയധികം യാഥാസ്ഥികമായ ഒരു നഗരമായിരുന്ന റിയാദ് ഇന്ന് വിവിധ കലാ സാംസ്‌കാരിക പരിപാടികളുടെ പേരിൽ പ്രശസ്തമാണ്.

മറ്റുമതങ്ങളെ ഉൾക്കൊള്ളാനുള്ള സൗദിയുടെ പരമ്പരാഗതമായ വിസമ്മതത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ ഫലമായി തുടർച്ചയായി മൂന്നാം വർഷവും, കടകൾക്ക് ക്രിസ്ത്മസ് അലങ്കാരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. അതുപോലെ മറ്റു മതങ്ങളുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്.