ലമുറകളിൽ ഒരിക്കൽ മാത്രംകാണാവുന്നത്ര ഭീകരമായ ശൈത്യകാലം അമേരിക്കയെ ഗ്രസിച്ചതോടെ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും മരണമടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. മദ്ധ്യ അമേരിക്കയിലും കിഴക്കൻ അമേരിക്കയിലുമാണ് ശൈത്യം കടുത്തിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കശ്നിഞ്ഞു.

വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ക്രൂരതയെ കുറിച്ചുള്ള ആശങ്കയാൽ, ന്യുയോർക്ക് ഗവർണർ കാത്തി ഹോചൽ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഇന്റർസ്റ്റേറ്റ് 90 യിൽ വെള്ളിയാഴ്‌ച്ച രാവിലെ 6 മണിമുതൽ ഗതാഗത നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ കൊടുങ്കാറ്റ് അമേരിക്കയിലെത്തുമ്പോൾ വെള്ളിയാഴ്‌ച്ച മുതൽ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തിയേറിയ കാറ്റ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നതിനൊപ്പം കനത്ത മഞ്ഞുവീഴ്‌ച്ചയും മഴയും അപകടകാരിയായ തണുപ്പും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെന്റുക്കി, മിസൗറി, ഓക്ലഹോമ, ജോർജിയ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. നിങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്നതു പോലുള്ള മഞ്ഞുവീഴ്‌ച്ചയുടെ നാളുകളല്ല ഇനി വരാൻ ഇരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

അതിനാൽ തന്നെ പ്രാദേശിക അഥോറിറ്റികൾ നൽകുന്ന മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങൾ ഈ കാലാവസ്ഥയെ കൂടുതൽ ഗൗരവകരമായി എടുക്കണമെന്നും, താൻ 26 സംസ്ഥാന ഗവർണർമാരുമായും നിരന്തര സമ്പർക്കത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഓക്ലഹോമയിൽ കൊടുങ്കാറ്റ് നിരത്തുകളെ മഞ്ഞുപുതപ്പിക്കാൻ ആരംഭിച്ചതോടെ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ് അഞ്ചു പേർ കൊല്ലപ്പെട്ടത്.

ശൈത്യകാല കൊറ്റുങ്കാറ്റ് അമേരിക്കയിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ പലയിടങ്ങളിലും വൈദ്യൂതി ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. ടെക്സാസ് ആണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. 39,000 ഉപഭോക്താക്കളാണ് ഇവിടെ വൈദ്യൂതിയില്ലാതെ വലഞ്ഞത്. അപ്ഷർ, വുഡ്, മാഡിസൺ, എല്ലിസ് തുടങ്ങിയ കൗണ്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.

കൂടാതെ അർകനാസിൽ 6,500 ഉപഭോക്താക്കൾക്ക് വൈദ്യൂതി ലഭ്യമല്ലാതെ വന്നപ്പോൾ വടക്ക് ഓക്ലഹോമയിൽ 5000 പേരും കൻസാസിൽ 5000 പേരും വൈദ്യൂതി ലഭിക്കാതെ ദുരിതത്തിലായി. വ്യോമിംഗിൽ ഏതാണ്ട് ഭൂമി മുഴുവൻ മഞ്ഞിൽ പുതിർന്ന് വെളുത്ത നിറമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആളുകളോട് കഴിയുന്നതും വീടുകളിൽ തന്നെ തുടരാനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാല കൊടുങ്കാറ്റിന് ശക്തി കൈവന്നതോടെ വ്യോമഗതാഗതവും താറുമാറായി.

വ്യാഴാഴ്‌ച്ച വൈകിട്ട് 7 മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 8081 വിമാനങ്ങൾ വൈകി. 2,321 വിമാന സർവ്വീസുകൾ പൂർണ്ണമായും റദ്ദാക്കപ്പെട്ടു.ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നു മാത്രം 299 വിമാനങ്ങൾ വൈകിയാണ് യാത്ര ആരംഭിച്ചത്. ഷിക്കാഗോ ഓ ഹാരെയിൽ 288 വിമാനങ്ങൾ വൈകിയപ്പോൾ ഷിക്കാഗോ മിഡ്വേയിൽ 138 വിമാനങ്ങൾ വൈകി.

ശൈത്യകാല കൊടുങ്കാറ്റായ എലിയട്ടിന് ''ബോംബ് സൈക്ലോൺ'' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന വിധം തീവ്രത വർദ്ധിച്ചു എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. സമതലങ്ങളിലും, മിഡ്വെസ്റ്റിലും, ഗ്രെയ്റ്റ് ലേയ്ക്ക് ഭാഗത്തും ഇത് കനത്ത നാശനഷ്ടം വിതച്ചേക്കാം.