ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. ഉത്സവകാലവും പുതുവത്സര ആഘോഷവും കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.  ആൾക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.

ചൈനയിൽ പടരുന്ന കോവിഡിന്റെ ഓമിക്രോൺ ഉപവകഭേദമായ എക്സ്ബിബി ഇന്ത്യയിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാർഗ നിർദ്ദേശം. പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങൾ എന്നിവയുള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.

പരിശോധന നിരക്ക് വർധിപ്പിക്കണം, ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം, ആശുപത്രിയിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണം പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണം തുടങ്ങിയവയും നിർദേശത്തിലുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ചർച്ചനടത്തിയിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇപ്പോഴത്തെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനകൾ പരമാവധി വർധിപ്പിക്കണമെന്നും ഒപ്പം ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങൾ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കിൽ കോവിഡ് പരിശോധന നടത്താനും നിർദ്ദേശത്തിലുണ്ട്.

പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റർ ഉപയോഗിക്കുക എന്നതിൽ അലംഭാവം വരുത്തരുതെന്നും നിർദേശത്തിൽ പറയുന്നു. ആൾക്കൂട്ടങ്ങൾ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെങ്കിലും മാസ്‌കും ഉറപ്പാക്കണം. വാക്‌സിൻ കരുതൽ ഡോസ് വിതരണത്തിൽ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതൽ ഡോസ് നൽകുന്നതിന് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കുകയും ജാഗ്രത വർധിപ്പിക്കുകയും ചെയ്യണം. കടുത്ത നിയന്ത്രണങ്ങളിലേക്ക് ഇപ്പം കടക്കുന്നില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.