കഠ്മണ്ഡു: ശിക്ഷ ലഭിച്ചെങ്കിലും നേപ്പാളിൽ നടന്ന രണ്ട് കൊലപാതക കേസുകളിൽ താൻ നിരപരാധിയാണെന്ന് രാജ്യാന്തര കുറ്റവാളിയായ ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭ്‌രാജ്. ഇന്ന് ജയിൽമോചിതനായ ശേഷം നേപ്പാളിൽ നിന്നും ഫ്രാൻസിലേക്ക് നാടുകടത്തുന്നതിനായി വിമാനത്തിൽ കയറുമ്പോൾ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പ്രതികരിക്കുകയായിരുന്നു ശോഭ്‌രാജ്.

''ആ കൊലപാതക കേസുകളിൽ ഞാൻ നിരപരാധിയാണ്, ശരിയല്ലേ? അതിനാൽ എനിക്ക് അതിൽ നല്ലതോ ചീത്തയോ തോന്നേണ്ടതില്ല. ഞാൻ നിരപരാധിയാണ്.ആ കേസ് വ്യാജമാണ്. ജില്ലാ ജഡ്ജി, ഒരു സാക്ഷിയെപ്പോലും വിളിക്കാതെ, വാദിക്കാൻ പ്രതിക്ക് നോട്ടീസ് നൽകാതെ, വിധി എഴുതി'' ചാൾസ് ശോഭ്‌രാജ് പറഞ്ഞു

1970കളിൽ നേപ്പാളിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയിൽ നിന്നും ജയിൽ മോചിതനായശേഷം നേപ്പാളിൽ ചാൾസ് തടവിലായത്. അവിടെത്തിയ പിന്നാലെ വിചാരണകൾ നടക്കുകയും 2003 മുതൽ കാഠ്മണ്ഡു ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ൽ മറ്റൊരു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ രണ്ടാമത്തെ ജീവപര്യന്തവും ലഭിച്ചു. അവസാനം നീണ്ട 19 വർഷത്തിനു ശേഷമാണ് ചാൾസ് ജയിൽമോചിതനായത്.

കൊലപാതക കുറ്റങ്ങളിൽ ഉൾപ്പെടെ 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉൾപ്പെടെ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്‌മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോകുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ സഞ്ചാരികളുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 2003 മുതൽ കഠ്മണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75% പൂർത്തിയായാൽ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളിൽ.

ഇതിൽ കൂടുതൽ കാലം ചാൾസ് ശോഭരാജിനെ തടവിൽ പാർപ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശത്തിന് ലംഘനമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. ചാൾസ് ശോഭരാജിന്റെ പേരിൽ തീർപ്പുകൽപ്പിക്കാൻ ഇനി കേസുകളൊന്നുമില്ലെങ്കിൽ ഇയാളെ ഉടൻ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞിരുന്നു. ജയിൽ മോചിതനായി 15 ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയുടെ തീരുമാനത്തെ ദീർഘകാലം ശോഭരാജിന്റെ കേസുകൾ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു. സർക്കാർ തീരുമാനമെടുക്കാതിരുന്നതുമൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്നും ശകുന്തള ചൂണ്ടിക്കാട്ടി. ശകുന്തളയുടെ മകൾ നിഹിതയെ ശോഭരാജ് ജയിലിൽ വച്ച് വിവാഹം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫ്രാൻസിലെ ചെറിയ കുറ്റകൃത്യങ്ങൾക്കും ജയിൽ വാസത്തിനും ശേഷം 1970കളിലാണ് ചാൾസ് ലോകം ചുറ്റാൻ തുടങ്ങിയത്. ഇക്കാലത്ത് തായ് തലസ്ഥാനമായ ബാങ്കോക്കിൽ ഇയാൾ താമസം തുടങ്ങി. ഇരകളുമായി ദീർഘനേരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ച് കൊലപാതകം ഉൾപ്പെടെ നടത്തുകയായിരുന്നു ചാൾസിന്റെ രീതി. 12 ഓളം പേരെ ചാൾസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരകളുടെ എണ്ണം മുപ്പതിനും മേലെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. തായ്ലാൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചാൾസിന്റെ ഇരകളായത്.