ഹോങ്കോംഗിലേക്ക് പറന്നുയരാൻ നിന്ന കാത്തെ പസഫിക് വിമാനത്തിൽ ഏന്തോ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം വിമാന യാത്ര എട്ടുമണിക്കൂറോളം വൈകിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വിമാനത്തിനകത്ത് അകപ്പെട്ട യാത്രക്കാർ പലരും അവശരായപ്പോൾ ഒരു ഗർഭിണിക്ക് ബോധക്ഷയം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മാഞ്ചസ്റ്റർ വിമാനത്താവളത്തിലായിരുന്നു ഈ സംഭവം നടന്നത്. കേടായ വിമാനത്തിന്റെ പുറകിലായി ടാക്സിവേയിൽ കുടുങ്ങിപ്പോയ മറ്റ് രണ്ട് വിമാനങ്ങളും വൈകി.

ബ്രസ്സൽസിലേക്കുള്ള ഒരു ബ്രസ്സൽസ് എയർലൈൻസ് വിമാനത്തിനും കേപ്പ് വേർഡെയിലേക്കുള്ള ഒരു ടി യു ഐ വിമാനത്തിനുമായിരുന്നു ഇത്തരത്തിൽ യാത്ര വൈകിപ്പിക്കേണ്ടി വന്നത്. സംഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ച കാത്തെ പസഫിക്, ആ വിമാനം എഞ്ചിനീയർമാർ പരിശോധിച്ചതായും സ്ഥിരീകരിച്ചു. ക്രിസ്ത്മസ്സ് കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ ആയിരക്കണക്കിന് പേർ യാത്ര ചെയ്യാൻ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇത് സംഭവിച്ചത്.

കാത്തെ പസഫിക് വിമാനത്തിന്റെ തകരാറ് മൂലം ബ്രസ്സൽസ് എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് ടാക്സി വേയിൽ ആറുമണിക്കൂർ കാത്തിരിക്കേണ്ടി വന്നതിലെ കഷ്ടതകൾ അതിലെ ഒരു യാത്രക്കാരൻ വിവരിച്ചു. സൗജന്യമായി കുടിവെള്ളം മാത്രമായിരുന്നു വിമാനത്തിനകത്ത് ഈ സമയം മുഴുവൻ നൽകിയിരുന്നതെന്നും ആ യാത്രക്കാരൻ പറഞ്ഞു. ഡിസംബർ 15 ന് ഉച്ചതിരിഞ്ഞ് 12.30 ന് പറന്നുയരേണ്ട വിമാനമായിരുന്നു ഇത്.

പിന്നീട് വൈകിട്ട് 6 മണിയോടെയായിരുന്നു വിമാനം ടെർമിനലിലേക്ക് തിരികെ കൊണ്ടുവന്നത്. യാത്രക്കാർക്ക് വിമാനത്തിൽ തന്നെ തുടരാനോ ഇറങ്ങാനോ മറ്റൊരു വിമാനത്തിൽ യാത്ര തുടരാനോ ഉള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തു. യാത്രക്കാരുടേ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ വിമാനത്താവളാധികൃതർ പറഞ്ഞു. ഈ വിമാനത്തിലായിരുന്നു ഒരു ഗർഭിണിക്ക് ബോധക്ഷയം സംഭവിച്ചത്. പിന്നീട് രാത്രി 8 മണിക്കായിരുന്നു വിമാനം പറന്നുയർന്നത്.

സുരക്ഷാ നിയന്ത്രണങ്ങൾ ഉള്ളതിനാലായിരുന്നു, സംഭവം നടന്ന ഉടൻ തന്നെ വിമാനം ടേർമിനലിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയാതിരുന്നതെന്ന് ബ്രസ്സൽസ് എയർലൈൻസ് വക്താവ് അറിയിച്ചു. വിമാനത്തിനകത്ത് ഒരു ഗർഭിണിക്ക് മെഡിക്കൽ സഹായം ആവശ്യം വന്നതായും വക്താവ് സ്ഥിരീകരിച്ചു. മറ്റ് കണക്ടിങ് ഫ്ളൈറ്റുകളിൽ യാത്ര ചെയ്യേണ്ടിയിരുന്നവരെ വേറെ വിമാനങ്ങളിൽ അയച്ച കമ്പനി അധികൃതർ, ബ്രസ്സല്സ്സ് വരെ മാത്രം യാത്ര ചെയ്യേണ്ടവരെയായിരുന്നു പിന്നീട് വിമാനം പറന്നുയർന്നപ്പോൾ അതിൽ കൊണ്ടു വന്നത്.